Top

REPORTER EXPLAINER: കങ്കണ 'റണ്ണൗട്ട്', ബിജെപിയും കൈവിടുമ്പോൾ

ഒന്നുകിൽ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം

12 Nov 2021 11:12 AM GMT
വീക്ക നെഴുത്ത്

REPORTER EXPLAINER: കങ്കണ റണ്ണൗട്ട്, ബിജെപിയും കൈവിടുമ്പോൾ
X

കങ്കണ റണൗട്ട്, സംഘപരിവാർ പിന്തുണയ്ക്കുന്ന സെലിബ്രറ്റി താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ്. ഒന്നിലധികം തവണ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയ കങ്കണയ്ക്ക് ബിജെപി അണികളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണെന്നുമുള്ള പ്രസ്താവനയോടെ ബിജെപിയും കങ്കണയെ കൈവിടുകയാണ്.

കങ്കണയ്ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ഡൽഹിയിലെ ബിജെപി പ്രതിനിധി പ്രവീൺ ശങ്കർ തുറന്നടിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ കങ്കണ അപമാനിച്ചെന്നും അ​ദ്ദേഹം ട്വീറ്റ് ചെയ്തു.''ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലും സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തിൽ നിന്നുള്ളയാളെന്ന നിലയിലും ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്ന കങ്കണയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ദുരപയോ​ഗവും സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാ​ഗത്തിനു നേരെയുള്ള അപമാനവുമായാണ് ഞാൻ കാണുന്നത്,'' പ്രവീൺ ശങ്കർ ട്വീറ്റ് ചെയ്തു. പ്രസ്താവനയ്ക്കെതിരെ നിയമനടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെ‌ട്ടു.

ശിവസേന പോരില്‍ ചേർത്തുനിർത്തിയത് ബിജെപി

ശിവസേനയും കങ്കണയും തമ്മിലുള്ള പരസ്യപ്പോര് ആരംഭിച്ച സമയത്ത് ബിജെപി നേതാക്കൾ താരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന വിലയിരുത്തലിലാണ് ബിജെപിയിലെ ഒരുപറ്റം നേതാക്കൾ. ഇതിനെ ഭ്രാന്ത് അല്ലെങ്കിൽ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു ബിജെപി എംപി വരുൺഗാന്ധിയുടെ പ്രതികരണം. പിന്തുണക്കുന്ന പാർട്ടിയിലെ നേതാക്കൾ തന്നെ രൂക്ഷ വിമർശനം നടത്തിയത് കങ്കണയുടെ രാഷ്ട്രീയ നിലപാടുകളെ പരിഹസിക്കാൻ ശിവസേനയും കോൺ​ഗ്രസ് ഉൾപ്പെടെയുള്ളവരും ആയുധമാക്കും.

'ഒന്നുകിൽ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്. താരത്തിന്റെ ഈ ചിന്തയെ ഞാൻ ഭ്രാന്ത് അല്ലെങ്കിൽ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്,' വരുൺ ​ഗാന്ധിയുടെ പ്രസ്താവന

സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കോൺ​ഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു. ഇത് കോൺ​ഗ്രസ് നേതാക്കളെയും പ്രകോപിപ്പിച്ചു. ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന ആർഎസ്എസിനെ പിൻപറ്റിയാണ് കങ്കണ നടത്തുന്ന ഇത്തരം അപഹാസ്യ പരാമർശങ്ങളെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.

'യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും';തിരിച്ചടിച്ച് കോൺ​ഗ്രസ്

യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ടാണ് കോൺ​ഗ്രസ് ‌കങ്കണയ്ക്ക് മറുപടി നൽകിയത്. പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്റിന് കത്തയക്കുകയും ചെയ്തു. രാജ്യത്തെ ഭരണഘ‌ടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾക്ക് പദ്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ കോൺ​ഗ്രസ് വ്യക്തമാക്കുന്നുണ്ട്.

സവർക്കറിനോടുള്ള കങ്കണയുടെ അമിതാരാധന വരും ദിവസങ്ങളിൽ പ്രതിഷേധ പൂർണമാക്കാനും കോൺ​ഗ്രസ് ശ്രമിക്കും. സംഘപരിവാർ നടത്തുന്ന പല ക്യാംപെയ്നുകളിലും സമാന സ്വഭാവമുള്ള അഭിപ്രായങ്ങൾ കങ്കണ പങ്കുവെച്ചിരുന്നു. രാജ്യ ദ്രോഹക്കുറ്റമായി ഇത്തരം പ്രസ്താവനകളെ കാണണമെന്ന് നിലപാടായിരിക്കും കോൺ​ഗ്രസ് സ്വീകരിക്കുക

Next Story