Top

കാണേണ്ട ലോക ക്ലാസിക്കുകൾ; നീലക്കുയില്‍, മലയാളത്തിന്റെ ആദ്യ റിയലിസ്റ്റിക് ക്ലാസിക് അന്നത്തെ കഥ, ഇന്നും പറയേണ്ട രാഷ്ട്രീയം

ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍, സമൂഹത്തില്‍ ജാതീയമായി ഉയര്‍ന്നു നില്‍ക്കുന്ന കുടുംബങ്ങള്‍, ഒരുകാലത്ത് മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ, മണ്ണിനെ സ്‌നേഹിച്ചും അതിനോട് പോരടിച്ചും ജീവിക്കുന്ന കര്‍ഷകര്‍, പ്രണയം...അതും വിപ്ലവം കലര്‍ന്നത്, ജാതിയുടെ പേരില്‍ ഒറ്റപ്പെടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഇതെല്ലാമാണ് മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമയില്‍ ആവിഷ്‌കരിക്കപ്പെട്ടത്. വണ്‍ ലൈനായി പറഞ്ഞാല്‍ നായര്‍ യുവാവിനെ പ്രണയിച്ച ദളിത് പെണ്‍കുട്ടിയുടെ കഥ

2 Aug 2022 5:25 PM GMT
അമൃത രാജ്

കാണേണ്ട ലോക ക്ലാസിക്കുകൾ;  നീലക്കുയില്‍, മലയാളത്തിന്റെ ആദ്യ റിയലിസ്റ്റിക് ക്ലാസിക്  അന്നത്തെ കഥ, ഇന്നും പറയേണ്ട രാഷ്ട്രീയം
X

കലാമൂല്യം കൊണ്ടും ഉള്ളടക്കം കൊണ്ടും മലയാള സിനിമയിലെ ആദ്യ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് 'നീലക്കുയില്‍'. പി ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്‍' മലയാള സിനിമയിലും ചലച്ചിത്ര ഗാനരംഗത്തും നാഴികക്കല്ല് തീര്‍ത്തു. ഒരു തനി നാടന്‍ മലയാളത്തനിമയുള്ള കഥ പറഞ്ഞുകൊണ്ടായിരുന്നു ഇത്. തനി നാടന്‍ എന്ന പ്രയോഗം ക്ലീഷേ ആകുന്നതിനുമൊക്കെ ഒരുപാട് മുന്നേ.

1954ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് അന്നത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ശരിക്കും മലയാളത്തിന്റെ വെള്ളിത്തിരയില്‍ നേടിയ ആദ്യ വെള്ളി മെഡല്‍. 'നീലക്കുയില്‍ 'എന്ന സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും നിയോ റിയലിസത്തിനും അത്രയേറെ പ്രാധാന്യം ചിത്രം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് 68 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ആ സിനിമ പ്രസക്തമാകുന്നത്. ജാതിയും മതവും ജന്മിത്തവും അന്നതെ സമൂഹത്തില്‍ വില്ലനായിരുന്നത് എങ്ങനെയെന്ന് നീലക്കുയില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്നത്തെ കേരള സമൂഹം അതില്‍ നിന്ന് എത്ര മുന്നോട്ടെന്ന് നമുക്ക് വായിച്ചെടുക്കാം.

ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍, സമൂഹത്തില്‍ ജാതീയമായി ഉയര്‍ന്നു നില്‍ക്കുന്ന കുടുംബങ്ങള്‍, ഒരുകാലത്ത് മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ, മണ്ണിനെ സ്‌നേഹിച്ചും അതിനോട് പോരടിച്ചും ജീവിക്കുന്ന കര്‍ഷകര്‍, പ്രണയം...അതും വിപ്ലവം കലര്‍ന്നത്, ജാതിയുടെ പേരില്‍ ഒറ്റപ്പെടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഇതെല്ലാമാണ് മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമയില്‍ ആവിഷ്‌കരിക്കപ്പെട്ടത്. വണ്‍ ലൈനായി പറഞ്ഞാല്‍ നായര്‍ യുവാവിനെ പ്രണയിച്ച ദളിത് പെണ്‍കുട്ടിയുടെ കഥ.


മഹാനടന്‍ സത്യനും മലയാള സിനിമയുടെ തലയെടുപ്പുള്ള നായികമാരില്‍ ഒരാളായ മിസ് കുമാരിയും പ്രധാനവേഷങ്ങളിലെത്തി. തിരക്കഥയൊരുക്കിയത് മഹാസാഹിത്യകാരന്‍ ഉറൂബ്. അധ്യാപകനായ, ഏവരും ബഹുമാനിക്കുന്ന, വഴികാട്ടിയായ, സമൂഹം ആദരിക്കുന്ന ശ്രീധരന്‍ നായര്‍ (സത്യന്‍) നീലി (മിസ് കുമാരി) എന്ന പുലയ സ്ത്രീയോട് ചെയ്യുന്ന പ്രണയവഞ്ചനയുടേയും അതിന് ശേഷം അയാള്‍ നേരിടുന്ന മാനസികമായ സംഘര്‍ഷങ്ങളുടെയും കഥയാണ് നീലക്കുയില്‍. നീലിയുടേയും ശ്രീധരന്‍ നായരുടേയും കഥാപാത്രങ്ങള്‍ക്കൊപ്പം എടുത്തു പറയേണ്ടതാണ് പി ഭാസ്‌കരന്‍ മാഷ് അവതരിപ്പിച്ച ശങ്കരന്‍ നായര്‍ എന്ന പോസ്റ്റ് മാന്‍.

സ്വാഭാവിക അഭിനയത്തിലൂടെയാണ് മിസ് കുമാരി നീലിയായി ജീവിച്ചത്. നാട്ടിന്‍പുറത്തെ ഒരു കര്‍ഷകന്റെ മകളായി ജനിച്ച് തന്റെ പരിമിതിയില്‍ ജീവിച്ച് ആഗ്രഹങ്ങളും മോഹങ്ങളും ഒപ്പം ശ്രീധരന്‍ നായരോട് തോന്നിയ പ്രണയവും കൊണ്ടുനടന്ന നീലി. ഇവിടെ നീലി വ്യത്യസ്തമാകുന്നത് തന്റെ പ്രണയത്തിന്റെ സത്യസന്ധത തുറന്നു പ്രകടിപ്പിച്ചുകൊണ്ടാണ്.

പ്രണയിച്ച് വഞ്ചിച്ച് ഗര്‍ഭിണിയാക്കി കാമുകന്‍ ഉപേക്ഷിച്ചിട്ടും അയാളുടെ പേര് വെളിപ്പെടുത്താത്ത സ്ത്രീ കഥാപാത്രങ്ങളെ നാം ഒട്ടേറെത്തവണ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ തുടക്കം നീലിയില്‍ നിന്നാണെന്ന് തോന്നുന്നു. 'അവിഹിത' ഗര്‍ഭം പേറുന്നതിന് ജാതിയില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും പുറത്താകും എന്നറിഞ്ഞിട്ടും ശ്രീധരന്‍ നായരാണ് അതിന് കാരണക്കാരന്‍ എന്ന് പറയാത്ത നീലിയില്‍ അണ്‍ലവ് ചെയ്യാന്‍ കഴിയാതെ പോകുന്ന സ്ത്രീയുടെ അന്തര്‍ സംഘര്‍ഷം കാണാം. പുലയ സ്ത്രീയില്‍ ഗര്‍ഭമുണ്ടാക്കിയ ശ്രീധരന്‍ നായരോട് സമൂഹം എന്ത് ചെയ്യുമെന്ന നീലിയുടെ ആശങ്കയില്‍ തീരാത്ത പ്രണയമുണ്ട്.

എന്നെ തല്ലി കൊന്നോളൂ എന്നാലും അത് ആരാണ് എന്ന് ഞാന്‍ പറയുകയില്ല എന്നാണ് നീലി പിതാവിനോടും സമുദായത്തോടും പറയുന്നത്. ഭ്രഷ്ട് കല്‍പ്പിച്ച നീലി പിന്നീട് തെരുവില്‍ ഒറ്റപ്പെടുമ്പോഴും അത് അനുഭവിക്കുകയല്ലാതെ ഒരിക്കല്‍ പോലും ശ്രീധരന്‍ നായരുടെ പേര് പറയാന്‍ കൂട്ടാക്കുന്നില്ല.


ചിത്രത്തിലെ ഹീറോ എന്ന് പറയുന്നതിനേക്കാള്‍ ഒരു ആന്റി ഹീറോ പരിവേഷമാണ് സത്യന്‍ അവതരിപ്പിച്ച ശ്രീധരന്‍ നായര്‍ക്ക്. ജാതിയെന്ന ജന്മനാ ലഭിച്ച പ്രിവിലേജും അധ്യാപന വൃത്തി നല്‍കിയ സോഷ്യല്‍ ക്യാപിറ്റലുമാണ് ശ്രീധരന്‍ നായര്‍ക്ക് വലുത്. സ്വന്തം തീരുമാനങ്ങളെ മേല്‍പ്പറഞ്ഞ സമൂഹത്തിന് വിട്ട് നല്‍കുന്നത് കൊണ്ടാണ് നീലി എന്ന പെണ്ണിനെ കയ്യൊഴിയാന്‍ ശ്രീധരന്‍ നായര്‍ തീരുമാനിക്കുന്നത്.

നീലി ഗര്‍ഭിണിയാണ് എന്നറിയുന്ന നിമിഷം ഒരു ഞെട്ടലോടെയാണ് അയാള്‍ നിശബ്ദനാകുന്നത്. കരഞ്ഞ് കാലുപിടിച്ചുകൊണ്ട് നീലി പറയുന്നത്, കെട്ടിപ്പിടിച്ച കരളിനെ ചവിട്ടി തേയ്ക്കരുതേ, എന്നെ തള്ളല്ലേ എന്നാണ്. എന്നാല്‍ ശ്രീധരന്‍ നായര്‍ നീലിയോട് മറ്റൊരു വിവാഹം കഴിക്കണമെന്നും തനിക്ക് സമുദായത്തെ ബഹുമാനിക്കണം, ജനങ്ങളുടെ ഇടയില്‍ കഴിഞ്ഞുകൂടണം അതുകൊണ്ട് നീലിയെ സ്വീകരിക്കാന്‍ കഴിയില്ല എന്നുമാണ്. തന്റെ നിസ്സഹായ അവസ്ഥയെ യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രീധരന്‍ നായര്‍ ശ്രമിച്ചത്. വളരെ പെട്ടന്ന് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ശ്രീധരന്‍ നായര്‍ കടക്കുന്നു. തന്റെ ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ ശ്രമിക്കുന്നു. നീലിയില്‍ തനിക്കുണ്ടായ മകന്‍ അതേ നാട്ടില്‍ വളരുന്നത് കാണുന്നതോടെ നീലി എന്ന വേദന ശ്രീധരന്‍ നായരെ വിടാതെ പിന്തുടരുകയാണ്.

ശ്രീധരന്‍ നായര്‍ ചെയ്ത തെറ്റിനെ അറിയാതെയെങ്കിലും ഏറ്റെടുക്കുന്ന കഥാപാത്രമാണ് പി ഭാസ്‌കരന്‍ അവതരിപ്പിച്ച ശങ്കരന്‍ നായരുടെത്. നീലക്കുയിലിന്റെ യഥാര്‍ത്ഥ നായകന്‍. നാട്ടിലെ പോസ്റ്റുമാനും ശ്രീധരന്റെ സുഹൃത്തും കൂടിയായ ശങ്കരന്‍ നായര്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട നീലിയെ ഏറ്റെടുക്കുന്നതോടെ അയാള്‍ ചുമരില്‍ വെയ്ക്കുന്നത് സമൂഹം അടിച്ചേല്‍പ്പിക്കുന്ന മോശം പരിവേഷമാണ്. മനുഷ്യത്വത്തിന്റെ പേരില്‍ സമുദായത്തില്‍ നിന്നും പുറത്താക്കുന്ന ശങ്കരന്‍ നായര്‍ നീലിയുടെ മകനു വേണ്ടിയാണ് പിന്നീട് ജീവിക്കുന്നത്. ഒടുവില്‍ സ്വന്തം മകന് വേണ്ടി കേണപേക്ഷിക്കുന്ന ശ്രീധരന്‍ നായരോട് ചോദിക്കുന്നത് അയാളോട് മാത്രമല്ല സമൂഹത്തോട് കൂടിയാണ്.

റെയില്‍ പാളത്തിനടുത്ത് ഒരു ചോരക്കുഞ്ഞ് കിടന്ന് പിടഞ്ഞപ്പോള്‍ അതിനെ രക്ഷിക്കാന്‍ അന്ന് ഞാന്‍ ഒരാളെയും കണ്ടില്ല. അന്നത് പുലയക്കുട്ടിയായിരുന്നു. ഞാന്‍ അതിനെ എടുക്കുമ്പോള്‍ വിലക്കാന്‍ ആയിരം നാവുകളും ആയിരം കയ്യുകളും ഉണ്ടായിരുന്നു. നിങ്ങളുടെ സമുദായം എന്നെ നോക്കി കണ്ണുരുട്ടി, കലിതുള്ളി, ദുഷ്ടത കാണിക്കാന്‍ ഒരു സമുദായം മുഴുവന്‍ ഓടി വന്നു. അന്ന് നിങ്ങള്‍ എന്തുകൊണ്ട് ഒരുവാക്ക് പറഞ്ഞില്ല. അന്ന് ജാതിയായിരുന്നോ ആ കുട്ടിയില്‍ കണ്ടത്? നിങ്ങള്‍ നീലിയെ പറ്റി ആലോചിച്ചോ, നിങ്ങളുടെ സുഖത്തിനൊത്തു തുള്ളിയ ആ പാവം പെണ്‍കുട്ടി എല്ലാം കഴിഞ്ഞപ്പോള്‍ ഒരു പുലച്ചിയായി. നിങ്ങളുടെ മാനത്തിനും അന്തസ്സിനും നിരക്കാത്തവളായി. ആ ശവത്തിന്റെ മുഖത്ത് ഒരു പീറത്തുണി പോലും വലിച്ചിടാനുള്ള കയ്യുറപ്പ് നിങ്ങള്‍ക്കുണ്ടായില്ല. ഇപ്പോള്‍ ഈ പുലയച്ചെറുക്കന്‍ എങ്ങനെ നിങ്ങളുടെ മകനാകും. ഇവനെ പ്രമാണിയായ നിങ്ങള്‍ക്ക് പറ്റില്ല. ഇവന്‍ ഒരു പുതിയ ജാതിയാണ്, പുതിയ തലമുറയാണ്, പുതിയ പൗരനാണ്.... നിങ്ങള്‍ ഇവനെ അര്‍ഹിക്കുന്നില്ല

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പൊളിറ്റിക്കലായുള്ള പഞ്ച് ഡയലോഗുകളില്‍ ഒന്നായി ശങ്കരന്റെ ശബ്ദമുണ്ടാകും. ഏറെ ശക്തമായ ഒരു വിഷയത്തെ ഇത്രയും ലളിതമായി എന്നാല്‍ അങ്ങേയറ്റം മൂര്‍ച്ചയോടെ പറഞ്ഞ ഒരു സിനിമ അതുവരെ ഉണ്ടായിരുന്നില്ല. ഇന്ന് പറയുന്ന പല പൊളിറ്റിക്കല്‍ കറക്റ്റനെസ്സും അന്ന് ഉറച്ച ശബ്ദത്തോടെ നീലക്കുയില്‍ എന്ന ചിത്രത്തിലൂടെ തുറന്നു പറഞ്ഞു. സിനിമയുടെ അവസാനം തന്റെ മകനെ തിരികെ നല്‍കിക്കൊണ്ട് ശങ്കരന്‍ നായര്‍ പറയുന്ന വാക്കുകള്‍ എല്ലാ മലയാളികളോടുമാണ്. ഇവനെ നല്ല മനുഷ്യനാക്കി വളര്‍ത്തണം, നായരും മാപ്പിളയും പുലയനും ഒന്നുമാക്കേണ്ട. ഒരു വലിയ മനുഷ്യനാക്കി വളര്‍ത്തു എന്ന് മാത്രമാണ്.

നീലക്കുയിലിന്റെ മറ്റൊരു ആകര്‍ഷണം അതിലെ ഗാനങ്ങളാണ്. വളരെ ലളിതമായ ഭാഷയിലൂടെ നാടന്‍ പാട്ടിന്റെ ശൈലികളെയൊക്കെ ഏറ്റുപിടിച്ചുകൊണ്ടുള്ള പാട്ടുകള്‍ രചിച്ചത് പി ഭാസ്‌കരന്‍ മാഷ് തന്നെ. ഈണം പകര്‍ന്നത് കെ രാഘവന്‍ മാസ്റ്ററും. സംഗീതസംവിധായകനെന്ന നിലയില്‍ രാഘവന്‍ മാസ്റ്ററുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു 'നീലക്കുയില്‍' എന്ന പ്രത്യേകത കൂടിയുണ്ട്. നാടന്‍ പാട്ടിനെ ജനകീയമാക്കിയ സംഗീത സംവിധായകനാണ് അദ്ദേഹം.

'ഉണരുണരൂ ഉണ്ണിക്കണ്ണ..', 'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്..', 'മാനെന്നും വിളിക്കില്ല...', ''കായലരികത്ത് വലയെറിഞ്ഞപ്പോ...'', ''കുയിലിനെ തേടി..'', ''എങ്ങിനെ നീ മറക്കും നീലക്കുയിലേ..'' എന്നിങ്ങനെ നീലിയുടെയും ശ്രീധരന്‍ നായരുടെ പ്രണയവും വിരഹവും വരച്ചിടുന്ന നിരവധി ഗാനങ്ങള്‍ ഇന്നും പല പരിപാടികളിലും പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന അല്ലെങ്കില്‍ വെറുതെ എങ്കിലും മൂളി നടക്കുന്ന ഗാനങ്ങളാണ്.

അസാധാരണമായ ഒരു ചലച്ചിത്രം എന്ന നിലയില്‍, മലയാളത്തിന്റെ എവര്‍ഗ്രീന്‍ സിനിമ എന്ന രീതിയില്‍ പി ഭാസ്‌കരനും രാമു കാര്യാട്ടും ഒക്കെ ഈ ചിത്രത്തിലൂടെ ഇന്നും സമൂഹത്തോട് ചോദിക്കുന്നത് ഒന്നുതന്നെയല്ലേ. ഈ വ്യവസ്ഥിതിയ്ക്ക് മാറ്റമുണ്ടായോ? എന്ന്. ജാതിയും മതവും ഗോത്രവും ഒക്കെ ഇപ്പോഴും മനുഷ്യര്‍ തിരയുമ്പോള്‍ 'നീലക്കുയില്‍' അരനൂറ്റാണ്ടിനപ്പുറം നിന്ന് ചിലത് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. റിയലിസത്തിന്റേയും രാഷ്ട്രീയ ഉള്ളടക്കത്തിന്റേയും പേരില്‍ ഏറെ പ്രശംസയേറ്റുവാങ്ങാറുണ്ട് മലയാള സിനിമ. അതിന്റെയെല്ലാം ഡിഎന്‍എ തേടിയിറങ്ങിയാല്‍ നീലക്കുയിലിലാണ് എത്തുക.

Story highlights: Neelakkuyil: First Realistic Classic

Next Story