Top

മസ്‌കിനെ വീഴ്ത്താൻ ' പോയിസൻ പിൽ' പ്രയോഗിച്ച് ട്വിറ്റർ ബോർഡ്; 'ടെൻഡർ ഓഫറുമായി' നേരിടാന്‍ ടെസ്‌ല ഉടമ

ട്വിറ്ററിനെ സ്വന്തമാക്കാൻ എലോണ്‍ മസ്‌ക് നടത്തിയ നീക്കത്തെ, ' പോയിസൻ പിൽ' എന്ന പ്രതിരോധ നീക്കവുമായാണ് ട്വിറ്റർ ബോർഡ് നേരിട്ടത്. എന്താണ് പോയിസൻ പിൽ? മസ്‌ക് ഈ നീക്കത്തെ പ്രതിരോധിക്കുക എങ്ങനെയാകും.

20 April 2022 11:15 AM GMT
​ഗൗരി പ്രിയ ജെ

മസ്‌കിനെ വീഴ്ത്താൻ  പോയിസൻ പിൽ പ്രയോഗിച്ച് ട്വിറ്റർ ബോർഡ്; ടെൻഡർ ഓഫറുമായി നേരിടാന്‍ ടെസ്‌ല ഉടമ
X

'സമൂഹ മാധ്യമങ്ങള്‍ അവയുടെ സ്വതന്ത്രമായ അസ്തിത്വം നിലനിർത്തുക' എന്നത് നമ്മുടെയൊക്കെ ചിന്തയില്‍ മാത്രം അവശേഷിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ബിസിനസ് സംരഭങ്ങളില്‍ ഒന്നായി മാറിയ ഫേസ്ബുക് അതിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ട് കാലം കുറച്ചായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍, കച്ചവട താല്പതര്യങ്ങൾക്ക് താരതമ്യേന പരിമിതി വെച്ച് മുന്നോട്ട് പോകുന്നത് ഒരു പക്ഷേ ട്വിറ്റർ മാത്രമാകും.

ട്വിറ്ററിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ടെസ്ല, സ്‌പേസ്-എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്കും, മസ്‌ക്കിന്റെ നീക്കങ്ങൾക്കുള്ള പ്രതിരോധ നടപടികളുമായി ട്വിറ്ററും രംഗത്തുണ്ട്. ട്വിറ്ററിനെ 43 ശതകോടി ഡോളറിന് സ്വന്തമാക്കാൻ എലോണ്‍ മസ്‌ക് നടത്തിയ നീക്കത്തെ, ' പോയിസൻ പിൽ' എന്ന പ്രതിരോധ നീക്കവുമായാണ് ട്വിറ്റര്‍ ബോർഡ് നേരിട്ടത്. വമ്പന്‍ കക്ഷികളുടെ 'ഹൈജാക്ക്' നേരിടാന്‍ കമ്പനികള്‍ പ്രയോഗിക്കാറുള്ള വജ്രായുധമാണ് പോയിസൻ പിൽ. കോർപറേറ്റ് ലോകത്തെ അടിതടകളിലൊന്ന്.

എന്താണ് പോയിസൻ പിൽ?

ലയനങ്ങളുടേയും ഏറ്റെടുക്കലുകളുടേയും സമയത്ത്, അതിനെതിരെ ഒരു കമ്പനിയുടെ ഡയറക്ടര്‍ ബോർഡ് ഉപയോഗിക്കുന്ന ഒരു പ്രതിരോധ തന്ത്രമാണ് പോയിസൻ പിൽ. ഓഹരികള്‍ വിൽക്കുന്നതിനുള്ള വിലയിൽ നേരിട്ട് ഇടപെടാനുള്ള ഓഹരി ഉടമയുടെ അവകാശം എടുത്തുകളഞ്ഞുകൊണ്ട് ലേലം തടയുന്നതിനുള്ള ഒരു മാർഗമായിട്ടാണ് 'പോയിസൻ പില്ലി'ന്റെ രംഗപ്രവേശം. 1980-കളുടെ തുടക്കത്തിലായിരുന്നു ഇത്. 'ഹോൾഡർ റ്റൈറ്റ്‌സ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.

ഒരു ഓഹരി ഉടമ കമ്പനിയുടെ ഒരു നിശ്ചിത ശതമാനമോ അതില്‍ കൂടുതൽ ഓഹരികളോ ഒരുമിച്ച് വാങ്ങുകയാണെന്ന് കരുതുക. എങ്കില്‍, കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ കുറഞ്ഞ നിരക്കില്‍ നിലവിലെ മറ്റ് നിക്ഷേപകർക്ക് വാങ്ങാന്‍ അവസരം നൽകുന്നതാണ് ഈ പ്ലാന്‍.

Elon Musk

മറ്റെല്ലാ ഓഹരി ഉടമകൾക്കും കുറഞ്ഞ നിരക്കിൽ കൂടുതൽ ഓഹരികൾ വാങ്ങാന്‍ കഴിയുമെന്ന അവസ്ഥ വരുമ്പോൾ അത്തരം വാങ്ങലുകൾ ലേലം വിളിക്കുന്നയാളിന്റെ താല്പര്യത്തിന് മങ്ങലേൽപ്പിക്കും. ലേലത്തുക ഗണ്യമായി ഉയരുകയും ചെയ്യും. അങ്ങനെ വന്നാല്‍, ബോർഡിൻ്റെ അനുമതിയില്ലാതെ കമ്പനി ഏറ്റെടുക്കാന്‍ ലേലം വിളിക്കുന്ന ആൾ വിമുഖത കാണിക്കുകയും പദ്ധതി റദ്ദാക്കുന്നതിന് ആദ്യം ബോർഡുമായി ചർച്ച നടത്തുകയും ചെയ്യും.

ചരിത്രം

1980കളില്‍ ന്യൂയോർക്ക് ആസ്ഥാനമായി, ഏറ്റെടുക്കലിലും ലയനങ്ങളിലും പ്രാക്റ്റീസ് ചെയ്തിരുന്ന മാർട്ടിൻ ലിപ്റ്റൺ എന്ന അഭിഭാഷകന്റെ നേതൃത്വത്തിൽ വാച്ചെൽ, ലിപ്റ്റൺ, റോസൽ & കാറ്റ്‌സ് എന്ന നിയമ സ്ഥാപനമാണ് പോയിസണ്‍ പിൽ തന്ത്രം വികസിപ്പിച്ചെടുക്കുന്നത്.

ചാരന്മാരെ ശത്രുക്കള്‍ പിടികൂടുന്ന സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും പീഡന മുറകളിലൂടെയോ, മറ്റ് മാർഗങ്ങളിലൂടേയോ അവരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന രീതിയുണ്ട്. അതീവ രഹസ്യങ്ങള്‍ ചോർത്തപ്പെടാതിരിക്കാൻ വിഷ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുന്ന രീതി ചില രാജ്യങ്ങളുടെ ചാരന്മാർ അവലംബിച്ചിരുന്നത്രെ. വിഷ ഗുളിക കൈവശം വയ്ക്കുന്ന ഈ രീതിയിൽ നിന്നാണ് 'പോയിസൻ പിൽ' എന്ന പദത്തിന്റെ ഉത്ഭവം.

പോയിസൻ പിൽ പലതരം

രണ്ടു തരത്തിലുള്ള പോയിസൻ പിൽ തന്ത്രങ്ങളാണ് പ്രധാനമായും കോർപ്പറേറ്റ് ലോകത്ത് പ്രയോഗിക്കപ്പെടാറുള്ളത്. ഫ്ലിപ് ഇൻ, ഫ്ലിപ് ഓവർ എന്നിവയാണവ.

ഫ്ലിപ് ഇൻ പോയിസൻ പിൽ

ഏറ്റെടുക്കുന്ന ആളൊഴികെ എല്ലാ ഓഹരി ഉടമകൾക്കും അധിക ഓഹരികൾ കുറഞ്ഞവിലയില്‍ വാങ്ങാൻ അവസരം നൽകുന്നതാണ് ഫ്ലിപ് ഇൻ തന്ത്രം. അധിക ഓഹരികള്‍ വാങ്ങുന്നത് ഓഹരി ഉടമകൾക്ക് ഉടനടി ലാഭം നൽകുമ്പോൾ, ഈ തന്ത്രം ഏറ്റെടുക്കപ്പെടുന്ന കമ്പനിയുടെ ഇതിനകം ഉടമസ്ഥതയിലുള്ള പരിമിതമായ എണ്ണം ഷെയറുകളുടെ മൂല്യം കുറയ്ക്കുന്നു. ഇത്തരത്തിലുള്ള പോയിസൻ പില്ലുകൾ ഉപയോഗിക്കുന്നത്, ഏറ്റെടുക്കല്‍ ശ്രമം കൂടുതല്‍ ചെലവേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമാക്കുകയും ചെയ്യുന്നു. ഇതാണ് ഇപ്പോള്‍ ട്വിറ്റർ ഡയറക്ടർ ബോർഡ് പയറ്റിയിരിക്കുന്നത്.

ഫ്ലിപ് ഓവർ പോയിസൻ പിൽ

ലയനത്തിനുശേഷം ഏറ്റെടുക്കുന്നയാളുടെ ഓഹരികള്‍ കിഴിവ് നിരക്കിൽ വാങ്ങാന്‍ ഫ്‌ളിപ് ഓവർ പോയിസൻ പിൽ ഓഹരി ഉടമകളെ പ്രാപ്തരാക്കുന്നു. ഉദാഹരണത്തിന്, ഒരു ഓഹരി ഉടമയ്ക്ക്, ഏറ്റെടുക്കുന്നയാളുടെ സ്റ്റോക്ക്, തുടർന്നുള്ള ലയനങ്ങളിൽ, കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അവസരം ലഭിച്ചേക്കാം.

മുൻകാല ഉദാഹരണങ്ങൾ

ശത്രുതാമനോഭാവത്തോടെയുള്ള ഒരു ഏറ്റെടുക്കൽ ശ്രമത്തിൽ നിന്ന് അമേരിക്കൻ സമ്പന്നനായ കാൾ ഐക്കാനെ തടയാൻ 2012ല്‍ നെറ്റ്ഫ്‌ളിക്‌സ് പോയിസൻ പിൽ നടപ്പാക്കിയിരുന്നു. 2018ല്‍ അമേരിക്കൻ റസ്റ്റോറന്റ് കമ്പനി പപ്പാജൊൺസിൻ്റെ സ്ഥാപകൻ ജോൺ ഷ്‌നാറ്ററെ കമ്പനിയുടെ നിയന്ത്രണം വീണ്ടെടുക്കുന്നതില്‍ നിന്ന് തടയാനും നിലവിലെ ബോർഡ് പോയിസൻ പിൽ പ്രയോഗിച്ചു.

ട്വിറ്ററിന്റെ പില്‍

ഹോൾഡർ റ്റൈറ്റ്‌സ് പ്ലാൻ ഏർപ്പെടുത്തുക വഴി, കൂടുതൽ ഓഹരികൾ കുറഞ്ഞ നിരക്കില്‍ നിലവിലെ നിക്ഷേപകർക്ക് നൽകി മസ്‌ക്കിനെ പ്രതിരോധിക്കാനുള്ള നീക്കമായിരുന്നു ട്വിറ്റര്‍ ബോർഡിൻ്റേത്. അതുവഴി ഇലോണ്‍ മസ്‌ക്കിന്റെ ഓഹരി ഉടമസ്ഥതയുടെ ശതമാനം കുറയും.

പോയിസൻ പിൽ അടുത്ത വർഷം ഏപ്രിൽ 14 വരെ തുടരാനും ട്വിറ്റർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 4,300 കോടി ഡോളറിന്, ഏകദേശം 3.27 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്ററിന്റെ എല്ലാ ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കമാണ് മസ്‌ക്ക് പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ 264 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്ന ട്വിറ്ററിന്റെ 9.1 ശതമാനം ഓഹരികൾ മസ്‌കിന് സ്വന്തമാണ്. ഒരു ഓഹരിക്ക് 54.2 ഡോളര്‍ നൽകാമെന്നാണ് മസ്‌ക്ക് പറഞ്ഞിരുന്നത്. എന്നാല്‍ സമൂഹത്തിൽ നിർണ്ണായക സ്വാധീനമുള്ള ട്വിറ്റർ പോലൊരു സംവിധാനത്തിന്റെ ഉടമസ്ഥത, ഒരു സ്വകാര്യ വ്യക്തിയുടെ കൈയില്‍ മാത്രമാകുന്നത് തടയാനാണ് ബോർഡ് ഇത്തരമൊരു പ്രതിരോധ നടപടി കൈക്കൊണ്ടത്. ഇതിനെ മറികടക്കാന്‍ മസ്‌കിന് പ്രയാസമാകും. ഈ സാഹചര്യത്തില്‍ ഓഹരിയിന്മേൽ മസ്‌കിന് കൂടുതല്‍ വില കൊടുക്കേണ്ടി വരും അല്ലെങ്കിൽ ബോർഡുമായി കൂടിയാലോചിച്ച്, തീർപ്പിൽ എത്തേണ്ടിവരും. ഈ ഓഫര്‍ നിരസിച്ചാൽ തന്റെ കയ്യില്‍ 'പ്ലാൻ ബി' ഉണ്ടെന്നാണ് മസ്‌ക് പറയുന്നത്. ഏപ്രില്‍ 17ലെ മസ്‌കിന്റെ ട്വീറ്റ്, 'ടെൻഡർ ഓഫർ' എന്ന സൂചന നൽകുന്നതാണ്. ടെൻഡർ ഓഫർ എന്നത് ഒരു തരം ഏറ്റെടുക്കല്‍ ബിഡ് ആണ്. പരസ്യമായി കച്ചവടം ചെയ്യപ്പെടുന്ന കോർപ്പറേഷൻ്റെ എല്ലാ ഓഹരി ഉടമകൾക്കും അവരുടെ സ്റ്റോക്ക് ഒരു നിശ്ചിത സമയത്ത് നിശ്ചിത വിലയ്ക്ക് വിൽക്കാൻ ടെണ്ടര്‍ ചെയ്യുന്നതിനായി ഒരു ഓപ്പണ്‍ ഓഫര്‍ അല്ലെങ്കില്‍ ക്ഷണം നൽകുകയാണ് ടെൻഡർ ഓഫറില്‍. ഏതായാലും മസ്‌ക്കിനും ട്വിറ്ററിനും വരാനിരിക്കുന്ന ദിനങ്ങൾ നിർണ്ണായകമാണ്. പോയിസൻ പില്ലിനെ ടെൻഡർ ഓഫറിലൂടെ നിർവീര്യമാക്കാൻ മസ്‌കിനാകുമോയെന്ന് കണ്ടറിയണം.

Story Highlights: Poison pill explained how elon musk deal with twitter's poison pill strategy

Next Story