Top

എങ്ങനെയും ഭരണം വേണമെന്ന ആഗ്രഹം 'ഓപ്പറേഷന്‍ കമല'

ഇന്ത്യയിലെ 'റിസോർട്ട് രാഷ്ട്രീയവും' ബിജെപി പയറ്റുന്ന 'ഓപ്പറേഷൻ കമല' എന്ന കുതന്ത്രവും

2 July 2022 2:20 AM GMT
​ഗൗരി പ്രിയ ജെ

എങ്ങനെയും ഭരണം വേണമെന്ന ആഗ്രഹം ഓപ്പറേഷന്‍ കമല
X

കഴിഞ്ഞ കുറേ ദിവസങ്ങളിലായി വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് കളമാകുകയാണ് മഹാരാഷ്ട്ര. വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചതോടെ, മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിലെ പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കേണ്ട കടമ്പയാണ് ഷിൻഡെയ്ക്ക് ഇനി ബാക്കിയുള്ളത്. 150 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഫഡ്‌നാവിസും ഷിന്‍ഡെയും അവകാശപ്പെടുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലം 288 ആണ്. ഒരംഗം മരണപ്പെട്ടതോടെ ഇപ്പോഴത്തെ അംഗ സംഖ്യ 287 ആയി. 144 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

മുഖ്യമന്ത്രി പദവിക്കായുള്ള 2019ലെ തർക്കമാണ് മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. 2019 ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കൂട്ട് മുന്നണിയായിട്ടാണ് ശിവസേനയും ബിജെപിയും നേരിട്ടത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് സഖ്യം വിടാൻ ശിവസേന തീരുമാനിക്കുന്നത്. രണ്ടര വർഷം വീതം പദവി പങ്കിടാമെന്ന ധാരണ, ഫലം വന്ന ശേഷം ബിജെപി തള്ളിയതോടെ ശിവസേന എൻഡിഎ വിട്ടു. ഇതോടെ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയായി. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 288 അംഗങ്ങളുള്ള സഭയിൽ ശിവസേന 56, എൻസിപി 54, കോൺഗ്രസ് 44 എന്നിങ്ങനെയായിരുന്നു പ്രധാന കക്ഷികളുടെ സീറ്റ് നില.

പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ എൻസിപിയിൽ നിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത് 2019 നവംബർ 23നായിരുന്നു ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത്. എൻസിപി നേതാവും ശരദ് പവാറിൻ്റെ സഹോദരീ പുത്രനുമായ അജിത് പവാറിനെ കൂട്ടുപിടിച്ചായിരുന്നു സർക്കാർ രൂപീകരണം. അജിത് പവാർ ഉപമുഖ്യമന്ത്രിയായി. അന്ന് ഗവർണറും പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കം സർക്കാർ രൂപീകരിക്കാൻ ഫഡ്നാവിസിന് കൂട്ടുനിന്നു എന്ന ആരോപണം ഉയർന്നിരുന്നു. ബിജെപി ഇതര പാർട്ടികൾ തമ്മിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കവെ ആയിരുന്നു ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നാല് ദിവസം മാത്രമായിരുന്നു സർക്കാരിൻ്റെ ആയുസ്സ്. ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ രാജിവക്കുകയായിരുന്നു.

തുടർന്ന് ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. മൂന്നു ചെറു പാര്‍ട്ടികളും ഒമ്പത് സ്വതന്ത്ര അംഗങ്ങളും മഹാ വികാസ് അഘാഡി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ റിസോർട്ട് രാഷ്ട്രീയ കളികളിലേയ്ക്കും പതിവ് പോലെ ഓപ്പറേഷൻ താമരയിലേക്കും എത്തി. ഹിന്ദിയിൽ അത് 'ഓപ്പറേഷൻ കമല' എന്നും രാഷ്ട്രീയ നിരീക്ഷകരാൽ വിശേഷിപ്പിക്കപ്പെടുന്നു. മുമ്പ് സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ എംഎൽഎമാരെ അടർത്തിമാറ്റി ത്രികക്ഷി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ വിജയം കണ്ടത്.

ഓപ്പറേഷൻ കമല

സമീപ വർഷങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം ദക്ഷിണേന്ത്യയിൽ വിജയകരമായി നടപ്പാക്കിയ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നാണ് 'ഓപ്പറേഷൻ കമല'. പണം, അധികാരം, ഇതര സ്ഥാനമാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത്, എതിർപക്ഷത്ത് നിന്ന് എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റാൻ ആസൂത്രണം ചെയ്യുന്ന പദ്ധതി എന്ന് ഓപ്പറേഷൻ കമലയെ ഒറ്റ വാചകത്തിൽ പറയാം. ഇഡി, സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്ന് കൂറുമാറുന്നവരും ഏറെ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഓപ്പറേഷൻ കമല അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലാണ് നടപ്പാക്കിയിട്ടുള്ളത്.

2008ൽ കർണാടകയിൽ ആണ് ഈ രാഷ്ട്രീയ കുതന്ത്രം ബിജെപി ആദ്യമായി കളത്തിൽ ഇറക്കുന്നത്. കർണാടകയിൽ ബിഎസ് യെദ്യൂരപ്പയ്ക്ക് അധികാര സ്ഥിരത ഉറപ്പാക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നെരിട്ടുള്ള ഇടപെടലിൽ ഓപ്പറേഷൻ കമല ആദ്യമായി നടപ്പിലാക്കി. 224 നിയമസഭാ മണ്ഡലങ്ങളിൽ 110ഉം പിടിച്ചെടുത്ത ബിജെപി 2008ൽ കർണാടകയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നതിന് മൂന്ന് സീറ്റുകൾ കൂടി യെദ്യൂരപ്പയ്ക്ക് ആവശ്യമായിരുന്നു.

ആറ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സ്ഥിരത ഉറപ്പിക്കാൻ 7 എംഎൽഎമാരെ ബിജെപി സ്വന്തം പാളയത്തിലേയ്ക്ക് എത്തിച്ചു. 3 കോൺഗ്രസ്സ്, 4 ജെഡിഎസ് എംഎൽഎമാരാണ് കളം മാറ്റി ചവിട്ടിയത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ചിടത്ത് ബിജെപി വിജയിക്കുകയും കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് തന്നെ ഉറപ്പിക്കുകയും ചെയ്തു.

2018ന് ശേഷം ഗോവ, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന നീക്കങ്ങൾ ബിജെപി വിജയകരമായി നടപ്പിലാക്കി. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ചെറു പാർട്ടികളെ പിന്തുണച്ച് വലിയ ഒറ്റകക്ഷിയെ ഭരണകക്ഷിയാക്കാതെ മാറ്റാനും ബിജെപിക്ക് സാധിച്ചു. 2019ൽ ജെഡിഎസ്-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ നടത്തിയ നീക്കങ്ങൾ കേന്ദ്ര ഏജൻസികളുടെ സ്വാധീനത്തിൽ ആയിരുന്നു എന്ന ആരോപണങ്ങളുമുയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ ബിജെപി സമാന ശ്രമം നടത്തി എങ്കിലും പരാജയമായിരുന്നു. അന്ന് ബിജെപിയിലേക്ക് കൂറുമാറിയ മമത ബാനർജിയുടെ വലംകൈ മുകൾ റോയി ഉൾപ്പടെയുള്ളവർ തൃണമൂൽ കോൺഗ്രസ്സിലേയ്ക്ക് തിരികെ എത്തിയിരുന്നു.

റിസോർട്ട് രാഷ്ട്രീയം

ഗുവാഹത്തിയിലെ ഒരു ഹോട്ടൽ ആയിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് അരങ്ങായത്. മഹാരാഷ്ട്രയിൽ ഭരണകക്ഷിയായിരുന്ന ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിമത നീക്കം നടത്തിയ ഭൂരിപക്ഷം എംഎൽഎമാരും മുംബൈയിലെ രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ നിന്ന് മാറി ഈ ഹോട്ടലിൽ ആയിരുന്നു കഴിഞ്ഞത്. വിമതർ ജൂൺ 22ന് അസമിലെ ഗുവാഹത്തിയിലേയ്ക്ക് പറക്കുന്നതിന് മുൻപ് ഷിൻഡെയും വിമത എംഎൽഎമാരിൽ ചിലരും ബിജെപി ഭരണമുള്ള ഗുജറാത്തിലെ സൂറത്തിലും രണ്ട് രാത്രി ചെലവഴിച്ചിരുന്നു.

എന്നാൽ, റിസോർട്ട് രാഷ്ട്രീയം രാജ്യത്തെ ഏതെങ്കിലും പാർട്ടിക്കോ സംസ്ഥാനത്തിനോ പുതിയതോ അസാധാരണമോ ആയ കാര്യമല്ല. സഭകളുടെ വ്യത്യാസമില്ലാതെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പയറ്റിയിട്ടുള്ളതാണ് ഈ രാഷ്ട്രീയ തന്ത്രം. കൂട്ടുകക്ഷി സർക്കാരുകൾ സാധാരണാമായതോടെ, 1980കൾ മുതലെങ്കിലും റിസോർട്ട് രാഷ്ട്രിയത്തിൻ്റെ ഉദാഹരണങ്ങൾ രാജ്യത്തുണ്ട്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്ന പാർട്ടി എംഎൽഎമാരെ കൂടെ നിർത്താൻ, ഇത് സാധാരണയായി പ്രയോഗിക്കപ്പെടുന്നു. പിന്നണിയിൽ, എംഎൽഎമാർ എതിർ ഗ്രൂപ്പുകളുമായി ചർച്ചകളിൽ ഏർപ്പെടും എന്ന ഭയത്തിലും റിസോർട്ട് രാഷ്ട്രീയം നടത്താറുണ്ട്. കക്ഷികൾക്ക് സമ്മിശ്ര ഫലം നൽകിയ രാജ്യത്തെ റിസോർട്ട് രാഷ്ട്രീയത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ,

കോൺഗ്രസിൻ്റെ ഭാഗമായിരുന്ന കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ 1983ൽ തൻ്റെ സർക്കരിനെ ഇന്ദിരഗാന്ധി പിരിച്ചു വിടുന്നത് തടയാൻ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. 1983ലും 85ലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം നേടിയ വിജയം സംസ്ഥാനത്തെ ജനത പാർട്ടിയിലെ എതിരാളികളെ ആശങ്കയിലാക്കി. നിയമസഭാ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കൂറുമാറ്റ സാധ്യത മുന്നിൽ കണ്ട് 80 എംഎൽഎമാരെ ബെംഗളൂരുവിനടുത്തുള്ള ആഡംബര റിസോർട്ടിലേക്ക് മാറ്റി.

1984ൽ ആന്ധ്രാപ്രദേശ് സംസ്ഥാന ധനമത്രിയായിരുന്ന എൻ ഭാസ്കര റാവു കോൺഗ്രസ് പിന്തുണയോടെ തെലുങ്ക് ദേശം പാർട്ടി മുഖ്യമന്ത്രിയും സിനിമാ സൂപ്പർ താരവുമായ എൻടിആറിൻ്റെ സർക്കാരിനെ അട്ടിമറിച്ചു. ഭാസ്കര റാവുവിനെ മുഖ്യമന്ത്രിയായി ഗവർണർ അവരോധിച്ചു.

എൻടിആർ രാജ്യത്തിന് പുറത്തായിരിക്കെ ആയിരുന്നു നീക്കം. അമേരിക്കയിൽ ചികിത്സയിൽ ഇരുന്നുകൊണ്ട് നൂറ്റി അറുപതോളം എംഎൽഎമാരെ മതിയായ സൗകര്യങ്ങളോടെ തൻ്റെ സ്റ്റുഡിയോയിൽ പാർപ്പിച്ചാണ് എൻടിആർ ആ നീക്കത്തെ മറികടന്നത്. ഒടുവിൽ ഭാസ്കര റാവു സർക്കാർ വീഴുകയും എൻടിആർ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

1995ൽ എൻടിആറിനെ മകളുടെ ഭർത്താവ് കൂടിയായ എൻ ചന്ദ്രബാബു നായിഡു പാർട്ടിയിൽ നിന്ന് പുറത്താക്കൻ ആഗ്രഹിച്ചു. ടിഡിപി പിടിച്ചെടുക്കാൻ എൻടിആറിൻ്റെ വിശ്വസ്തരെ ഹൈദരാബാദിലെ വൈസ്രോയ് ഹോട്ടലിലേയ്ക്കാണ് ചന്ദ്രബാബു നയിഡു അയച്ചത്. ഒടുവിൽ നായിഡു മുഖ്യമന്തിയായി.

2000ൽ ബിഹാറിൽ ലാലു പ്രസാദ് യാദവിൻ്റെ ആർജെഡി ഏറ്റവും വലിയ കക്ഷിയായിരിക്കെ, വേണ്ടത്ര അംഗബലമില്ലാതിരുന്ന നിതീഷ് കുമാറിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു. വരാനിരിക്കുന്നത് എന്താണെന്ന് ഊഹിച്ച ആർജെഡിയും കോൺഗ്രസും ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ എംഎൽഎമാരെ പട്നയിലെ ഹോട്ടലിലേയ്ക്ക് മാറ്റി. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് നിതീഷ് കുമാർ രാജിവച്ചു. ഒടുവിൽ ആർജെഡി നേതാവും ലാലു പ്രസാദ് യാദവിൻ്റെ ഭാര്യയുമായ റാബ്രി ദേവി ബിഹാറിലെ ആദ്യ വനിത മുഖ്യമന്ത്രിയായി.

2019ൽ മഹാരാഷ്ട്രയിൽ ബിജെപിയെ പുറത്തിരുത്തി ശിവസേന, എൻസിപി, കോൺഗ്രസ് ത്രികക്ഷി സഖ്യം മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതും ഇത്തരമൊരു റിസോർട്ട് രാഷ്ട്രീയം കളിച്ചാണ്. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടുള്ള കക്ഷികളുടെ ഹർജിയിൽ സുപ്രീം കോടതി വിധി വരുന്നതിൻ്റെ തലേന്ന്, ത്രികക്ഷി സഖ്യത്തിലെ എംഎൽഎമാരുടെ സംഘം സർക്കാർ രൂപീകരിക്കാനുള്ള ശക്തി തെളിയിക്കാൻ മുംബൈയിലെ ഹോട്ടലിൽ ഒത്തുകൂടിയിരുന്നു.

2020 മാർച്ചിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ വീണത് ഇതുപോലൊരു അട്ടിമറിയിലൂടെയായിരുന്നു. രാജസ്ഥാനിലെ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതോടെ, എംഎൽഎമാർ ബിജെപി ഭരിക്കുന്ന കർണ്ണാടകത്തിലെ ബെംഗളൂരു പ്രസ്റ്റീജ് ഗോൾഫ് ക്ലബ്ബിലേയ്ക്ക് നീങ്ങി. കമൽനാഥ് സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കൂറുമാറിയ എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിയിലെ ശിവരാജ് സിങ് ചൗഹാൻ നാലാം തവണ മുഖ്യമന്ത്രിയായി.

ജൂൺ മാസം ആദ്യം രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, രാജസ്ഥാനിലെ 70 കോൺഗ്രസ് എംഎൽഎമാരെ ഉദയ്പൂരിലെ ഒരു റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് രാജസ്ഥാനിലെ മൂന്നിൽ നാലിടത്തും കോൺഗ്രസ് വിജയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസിൻ്റെ ഈ വിജയത്തെ ജനാധിപത്യത്തിൻ്റെ വിജയമായാണ് വിശേഷിപ്പിച്ചത്.

അൻപതോളം എംഎൽഎമാരെ കൂറ് മാറിയുള്ള മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിന്റെ വിജയത്തെ ജനകീയ സർക്കാരിന്റെ വിജയം എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ വിലയിരുത്തിയത്. പണവും, അധികാരവും മറ്റും വാഗ്ദാനം ചെയ്തുള്ള അട്ടിമറി വിജയത്തെ ജനകീയ സർക്കാരിന്റെ വിജയമായാണോ, ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതായാണോ കാണാനാകുക. അതൊരു ജനകീയ വിധിയാണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.

Story highlights: Maharashtra political crisis, resort politics and operation Kamala explained

Next Story