Top

ക്രിമിനല്‍ തിരിച്ചറിയല്‍ നിയമം: ആശങ്ക ഉയര്‍ത്തുന്നതെന്ത്?

ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ഏറെ വിവാദങ്ങൾക്കൊടുവിലും നിയമമായി. നിയമം ഉയർത്തുന്ന ആശങ്കകൾ എന്തൊക്കെയാണ്?

22 April 2022 1:18 PM GMT
​ഗൗരി പ്രിയ ജെ

ക്രിമിനല്‍ തിരിച്ചറിയല്‍ നിയമം: ആശങ്ക ഉയര്‍ത്തുന്നതെന്ത്?
X

മാർച്ച് മാസം 28 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്സഭയിൽ അവതരിപ്പിച്ച ക്രിമിനൽ പ്രൊസീജിയർ (ഐഡൻ്റിഫിക്കേഷൻ) ബിൽ 2022, ഏറെ വിവാദങ്ങൾക്കും സംശയങ്ങൾക്കുമിടയിലും രാജ്യസഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായി കഴിഞ്ഞു. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ നിർമ്മിക്കപ്പെട്ട 1920 ലെ 'തടവുകാരെ തിരിച്ചറിയൽ നിയമ'ത്തിന് ബദലായി, ആ നിയമത്തിൽ ഭേദഗതികൾ വരുത്തി കടുത്ത വ്യവസ്ഥകളോടെയാണ്, പാർലിമെൻ്റിൻ്റെ ഇരു സഭകളും ബിൽ പാസാക്കിയത്. ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ച ചർച്ചകൾക്കൊടുവിൽ വിവാദ ബിൽ പാർലമെൻ്റിൻ്റെ സ്ഥിര സമിതിക്ക് അയക്കണമെന്ന പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച ബിൽ രാജ്യസഭ പാസാക്കിയത്.

എന്താണ് ക്രിമിനൽ നടപടി (തിരിച്ചറിയൽ) നിയമം ?

1980 ലെ ഇന്ത്യൻ നിയമ സമിതിയുടെ റിപ്പോർട്ടും 2003ലെ മലിമത് കമ്മറ്റി റിപ്പോർട്ടും രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ നവീകരിക്കണമെന്ന അഭ്യർത്ഥന മുന്നോട്ട് വച്ചിരുന്നു. ഇരു റിപ്പോർട്ടുകളും ലക്ഷ്യം വച്ചത് 1920 ലെ തടവുകാരെ തിരിച്ചറിയൽ നിയമത്തെയായിരുന്നു.

കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ടവർ, ശിക്ഷിക്കപ്പെട്ടവർ, അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കപ്പെട്ടവർ എന്നിവരുടെ വിവിധ ശരീരിക വിവരങ്ങൾ ശേഖരിക്കാനും, സൂക്ഷിക്കാനും, പരിശോധിക്കാനും പൊലീസിനും ജയിൽ അധികൃതർക്കും അധികാരം നൽകുന്നതാണ് ക്രിമിനൽ നടപടി (തിരിച്ചറിയൽ) നിയമം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(NCRB) ആയിരിക്കും ഈ നിയമപ്രകാരം ശേഖരിക്കപ്പെട്ട വിവരങ്ങളുടെ രേഖകൾ സൂക്ഷിക്കുക. ഇത്തരത്തിൽ ശേഖരിക്കപ്പെട്ട വ്യക്തിഗത വിവരങ്ങൾ 75 വർഷം വരെ സൂക്ഷിക്കാനാണ് നിയമം അനുശാസിക്കുന്നത്.

വിരലടയാളം, കൈപ്പത്തി അടയാളം, പാദ അടായാളം, ഫോട്ടോകൾ, ഐറിസ്-റെറ്റിന സ്കാൻ, രക്തം, മുടി തുടങ്ങിയ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങളും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 53, 53 എ വകുപ്പുകൾ പ്രകാരം വ്യക്തികളുടെ കയ്യൊപ്പ്, കയ്യക്ഷരം തുടങ്ങിയ പെരുമാറ്റ ലക്ഷണങ്ങളുടെ വിവരങ്ങളും അധികാരപ്പെട്ടവർക്ക് ശേഖരിച്ച് വയ്ക്കാം.

നിയമ വ്യവസ്ഥകൾ

ഇന്ത്യയിൽ, തടവുകാരെ തിരിച്ചറിയൽ നിയമം നിലവിൽ വരുന്നത് ഒരു നൂറ്റാണ്ട് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 102 വർഷം മുൻപ്. ചുരുങ്ങിയത് ഒരു കൊല്ലം കഠിനതടവിന് ശിക്ഷിക്കപ്പെട്ടവർ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 117 -ാം വകുപ്പ് പ്രകാരം നല്ല പെരുമാറ്റത്തിനോ, അല്ലെങ്കിൽ സമാധാനപാലനത്തിനോ നിർദേശിക്കപ്പെട്ടവർ, ചുരുങ്ങിയത് ഒരു വർഷം കഠിനതടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർ എന്നിവരുടെ മാത്രം വിരൽ അടയാളങ്ങളും കാൽ പാദ അടയാളങ്ങളും ഫോട്ടോകളും ഉൾപ്പടെയുള്ളവ ശേഖരിക്കാനേ 1920ലെ നിയമം അധികാരം നൽകിയിരുന്നുള്ളൂ.

എന്നാൽ പുതിയ നിയമത്തിന്‌ കീഴിൽ, ഏതു കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും, കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലാകുന്നവരുടേയും വിവരങ്ങൾ ശേഖരിക്കാനാകും.

സാമ്പിളുകൾ ശേഖരിക്കുന്നത് തടയാൻ സാധിക്കുമോ ?

അധികൃതർ സാമ്പിളുകൾ ശേഖരിക്കുന്നത് തടയാൻ ശ്രമിക്കുന്നത്, ഇന്ത്യൻ പീനൽ നിയമത്തിലെ 186-ാം വകുപ്പ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥനെ കൃത്യനിർവ്വഹണത്തിൽ നിന്ന് തടയുന്ന കുറ്റകൃത്യമായി നിയമം പരിഗണിക്കുന്നു. എന്നാൽ ഒരു സ്ത്രീയോടോ കുട്ടിയോടോ ചെയ്ത കുറ്റകൃത്യം ഒഴികെയുള്ള കുറ്റകൃത്യങ്ങളിൽ, ഏഴു വർഷത്തിൽ കുറഞ്ഞ കാലയളവാണ് തടവുശിക്ഷ എങ്കിൽ സാമ്പിളുകൾ ശേഖരിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കാം.

സാമ്പിളുകൾ ആര് ശേഖരിക്കും?

പഴയ നിയമ പ്രകാരം സാമ്പിളുകൾ ശേഖരിക്കേണ്ടതിൻ്റെ ചുമതല മജിസ്ട്രേറ്റിനായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ, പൊലീസ് സ്റ്റേഷൻ ഇൻചാർജ്, സബ് ഇൻസ്പെക്റ്റർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർ എന്നിവർക്കാണ് സാമ്പിളുകൾ ശേഖരിക്കാൻ അധികാരം ഉണ്ടായിരുന്നത്. എന്നാൽ, പുതിയ നിയമം, ഹെഡ് വാർഡൻ റാങ്കിൽ കുറയാത്ത ജയിൽ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ മുതലുള്ള ഉദ്യോഗസ്ഥർക്കും വിവര ശേഖരണം നടത്താമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ്. അന്വേഷണത്തിൻ്റെ ഭാഗമായി വിവരശേഖരണം അനുവദിക്കാൻ മജിസ്റ്റ്രേറ്റിന് നിർദേശിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

എന്തിന് പുതിയ നിയമം?

നിലവിലുണ്ടായിരുന്ന 1920ലെ നിയമം പഴഞ്ചനും പരിമിതികളുള്ളതുമാണ് എന്നായിരുന്നു ബിൽ സഭയിൽ അവതരിപ്പിക്കവേ മന്ത്രി അജയ് മിശ്ര പറഞ്ഞത്. സാങ്കേതികവും ശാസ്ത്രീയവുമായ മാറ്റങ്ങളിലൂടെ ലോകം കടന്നുപോവുകയും കുറ്റകൃത്യങ്ങളുടെ രീതികൾ മാറുകയും ചെയ്തത് നിലവിലുണ്ടായിരുന്ന നിയമത്തെ പരിമിതപ്പെടുത്തുന്നു. ആധുനിക കുറ്റകൃത്യങ്ങളെ പഴയ സമ്പ്രദായങ്ങൾ കൊണ്ട് കൈകാര്യം ചെയ്യുന്നത് ഒട്ടും യോചിച്ചതുമാകില്ല. അന്വേഷണ ഏജൻസികളെ സഹായിക്കുക മാത്രമല്ല, രജ്യത്ത് കുറ്റകൃത്യങ്ങളിൽ ശിക്ഷാ നിരക്ക് വർധിപ്പിക്കുന്നതും, അതുവഴി മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നതുമാണ് നിയമം വഴി ലക്ഷ്യം വയ്ക്കുന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.

പ്രധാന ആശങ്കകൾ

1. കുറ്റാരോപിതനായ ഒരു വ്യക്തിയും തനിക്കെതിരെ സാക്ഷിയാകാൻ നിർബന്ധിതരല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ 20-ാം അനുച്ഛേദം.

ഇതേ അനുച്ഛേദത്തിൻ്റെ 3-ാം ഉപ അനുച്ഛേദത്തിൽ, ഒരാൾ തനിക്കെതിരെ തെളിവ് നൽകുന്നതിനായി നിർബന്ധിക്കുന്നതിൽ നിന്നുള്ള സംരക്ഷണം നിയമം ഉറപ്പ് നൽകുന്നുണ്ട്.

ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്നതാണ് ഭരണഘടനയുടെ 21-ാം അനുച്ഛേദം. ഇവയുടെ ലംഘനമാകും നിയമം.

2. ജീവശാസ്ത്രപരമായ വിവരങ്ങളും അവയുടെ വിശകലനവും എന്ന നിയമത്തിൻ്റെ 1(b) ഉപഅനുച്ഛേദത്തിലെ പ്രയോഗം, നാർക്കോ അനാലിസിസും, ബ്രയിൻ മാപ്പിങും വരെ നീളാം എന്ന ആശങ്ക നിലവിലുണ്ട്. അതുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വാക്കാൽ പറയുമ്പോഴും സാധ്യതകൾ തള്ളിക്കളയാനാകില്ല.

3. നിർബന്ധിതമായി സാമ്പിളുകൾ ശേഖരിക്കുന്നത് ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനമാണ്.

4. നിയമത്തിലെ 6(1) ഉപഅനുച്ഛേദം, നിർബന്ധിതമായുള്ള വിവര ശേഖരണം തടവുകാരൻ്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് പറയുന്ന 1950ലെ എ കെ ഗോപാലൻ കേസിലെ സുപ്രീം കോടതി വിധി ന്യായത്തെ ഖണ്ഡിക്കുന്നു.

5. ഹെഡ് വാർഡൻ റാങ്കിൽ കുറയാത്ത ജയിൽ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ മുതലുള്ള ഏത് ഉദ്യോഗസ്ഥർക്കും വിവര ശേഖരണം നടത്താമെന്ന വ്യവസ്ഥ അധികാര ദുർവിനിയോഗത്തിനും വ്യാപകമായ അഴിമതിയ്ക്കും വഴിവയ്ക്കാം.

6. ഇന്ത്യയിൽ 'വ്യക്തിഗത വിവര സംരക്ഷണ നിയമം' നിലവിലില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. 2019 ലെ ബിൽ, ഇന്നും നിയമമായിട്ടില്ല. ആധാർ വിവരങ്ങൾ ചോർന്ന വിഷയത്തിലെ ചർച്ചകൾ രാജ്യത്ത് അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമം.

7. നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന 'അളവുകൾ, ജീവശാസ്ത്രപരമായ വിവരങ്ങൾ, പെരുമാറ്റ ലക്ഷണങ്ങളുടെ വിവരങ്ങൾ' തുടങ്ങിയ വാക്കുകൾ അവ്യക്തവും വ്യാഖ്യാനങ്ങൾക്ക് വിശാലമായ ഇടം നൽകുന്നതുമാണ്.

ക്രിമിനൽ കേസുകളിൽ ഉപയോഗിക്കുന്ന സുപ്രധാന തെളിവുകളിൽ ഒന്നാണ് ഡിഎൻഎ. രണ്ടു വ്യക്തികളിൽ ഒരേ ഡിഎൻഎ ഇല്ല എന്നതുകൊണ്ടു തന്നെ ഒരു കുറ്റം തെളിയിക്കാൻ സാമ്പിളുകൾ ലഭ്യമായ സാഹചര്യത്തിൽ വളരെ എളുപ്പമാണ്. കുറഞ്ഞ കോശങ്ങൾ മാത്രം ലഭ്യമായ സാമ്പിളുകളിൽ നിന്ന് പോലും ഡിഎൻഎ കണ്ടെത്താനും വിശകലനം ചെയ്യാനും സാധിക്കുന്നത്രയും,സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞു. തുപ്പലിൽ നിന്ന് പോലും ഡിഎൻഎ വേർതിരിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ പ്രധാന കാര്യം, സ്പർശനം അല്ലെങ്കിൽ ശാരീരിക സമ്പർക്കം വഴി കൈമാറ്റം ചെയ്യപ്പെടാവുന്നതേയുള്ളൂ ഡിഎൻഎ എന്നതാണ്. ഒരു ഹസ്തദാനത്തിലൂടെയോ, വാതിലിൻ്റെ കൈപിടി പോലൊരു നിർജീവ വസ്തുവിലൂടെയോ എല്ലാം ഡിഎൻഎ സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെടുന്നു... ഉദാഹരണത്തിന്, നിങ്ങൾ ഒരു പരിചയക്കാരന് ഹസ്ത ദാനം ചെയ്യുമ്പോൾ, അയാളുടെ ഡിഎൻഎയും അയാൾക്ക് ഹസ്തദാനം ചെയ്തവരുടെ ഡിഎൻഎകളും നിങ്ങൾക്ക് ലഭിച്ചേക്കാം. ഇങ്ങനെ സമ്പർക്കത്തിലൂടെയോ സ്പർശത്തിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്ന ഡിഎൻഎ, 'ടച്ച് ഡിഎൻഎ' എന്നാണ് അറിയപ്പെടുക.

അതേപോലെ, ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് കണ്ടെത്തിയ ഡിഎൻഎ യുടെ പൊരുത്തം കൊണ്ട് തിരിച്ചറിഞ്ഞ വ്യക്തി ആ സംഭവവുമായോ സാഹചര്യവുമായോ സമ്പർക്കം പുലർത്തിയിരിക്കാം എന്ന് ഉറപ്പിച്ച് പറയാനാകില്ല. ആ കോശങ്ങൾ അവ കണ്ടെത്തിയ ഉപരിതലത്തിൽ എങ്ങനെ എത്തിയെന്ന് നിർണ്ണയിക്കുക ഏറെക്കുറേ അസാധ്യമാണ്. അങ്ങനെ വരുമ്പോൾ, നിയമം കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കിൽ, വ്യക്തിഗത സാമ്പിളുകൾ ശേഖരിക്കപ്പെടുന്ന സാഹചര്യം വളരെ എളുപ്പത്തിൽ ഒരു നിരപരാധിയെപോലും പ്രതിയാക്കുന്ന സാഹചര്യമൊരുക്കിയേക്കാം എന്നത് പേടിപ്പേടുത്തുന്ന വസ്തുതയാണ്.

ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ കുറ്റം തെളിയിക്കാൻ ഉപയോഗപ്പെടുത്തുന്ന നിരവധി സിനിമകളുണ്ട്. മൈനോരിറ്റി റിപ്പോർട്ട്, സെവെൻ, എക്സൈൽഡ്, ദി ബോൺ കളക്റ്റർ, മർഡർ ബൈ നമ്പേർസ് തുടങ്ങിയ ചിത്രങ്ങൾ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലെ ഫോറൻസിക് ശാസ്ത്രത്തിൻ്റെ സാധ്യതകളെ കാണിക്കുന്ന മികച്ച ചിത്രങ്ങളാണ്. അതിൽ തന്നെ മർഡർ ബൈ നമ്പേഴ്സ്, ഫോറൻസിക് സയൻസിലെ അറിവ് ഉപയോഗിച്ച് പിടിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെ രണ്ട് വിദ്യാർഥികൾ ഒരു കുറ്റം ചെയ്യുന്നതും, തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും പറയുന്നതാണ്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ ഫോറൻസികും അഞ്ചാം പാതിരയും ഫോറൻസിക് ശാസ്ത്രത്തിൻ്റെ സാധ്യതകളെ പ്രേക്ഷകരിൽ എത്തിച്ചിരുന്നു.

പഴുതുകളില്ലാത്ത വിവര സംരക്ഷണ സംവിധാനവും, സുതാര്യവും ഉത്തരവാദിത്വ പൂർണ്ണവുമായ നിയമത്തിൻ്റെ നടത്തിപ്പുമല്ലേ ഉണ്ടാകേണ്ടത്. ഒപ്പം പരാതി പരിഹരണത്തിന് വേണ്ട ക്രമീകരണങ്ങളും.

അധികാര സ്ഥാനങ്ങളിൽ ഉള്ളവർ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വലുതാണെന്നിരിക്കെ, നിയമത്തിന് കാല്പനികച്ഛായ നൽകി, നിയമം മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ അപ്പാടെ അവഗണിക്കുക കൂടിയാണ് ചെയ്യുന്നത്. മാറുന്ന കാലത്തിന് അനുസൃതമായ നിയമങ്ങൾ ക്രിമിനൽ ചട്ടങ്ങളിൽ കൊണ്ടുവരുമ്പോൾ, അവ ഉയർത്തുന്ന പൗരൻ്റെ സ്വകാര്യതാ-വ്യക്തി സ്വാതന്ത്ര്യ ആശങ്കകൾക്ക് ആര് മറുപടി പറയും.

Story Highlights: the criminal procedure Identification act 2022 explainer why the criminal procedure identification act is problematic

Next Story