Top

ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍; കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഏക മലയാളി

30 Sep 2022 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍; കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഏക മലയാളി
X

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. മത്സരരംഗത്തിറങ്ങിയ അശോക് ഗെലോട്ട്, മനീഷ് തിവാരി, ദിഗ് വിജയ് സിങ് എന്നിവര്‍ പിന്മാറി. നിലവില്‍ മലയാളിയായ ശശി തരൂരും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് സ്ഥാനാര്‍ത്ഥികള്‍. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കെപിസിസി പിന്തുണയ്ക്കുന്നില്ലെങ്കിലും ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാകുന്ന രണ്ടാമത്തെ മലയാളിയായിരിക്കും അദ്ദേഹം. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1897ല്‍ അമരാവതിയില്‍ നടന്ന സമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ രൂപീകരിച്ച മുന്നേറ്റമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷന്‍.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്കെതിരെ, വൈസ്രോയിയായിരുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഡയറിനെതിരെ ഇംഗ്ലണ്ടില്‍ ചെന്ന് നിയമപോരാട്ടം നടത്തിയ ശങ്കരന്‍ നായരുടെ ജീവചരിത്രം മലയാളി മറക്കാന്‍ പാടില്ലാത്തതാണ്. ലണ്ടനിലെ കിങ്‌സ് ബെഞ്ചിന് മുന്നില്‍ അഞ്ചാഴ്ചയാണ് വിചാരണ നടത്തിയത്. കേസില്‍ ശക്തമായ വാദപ്രതിവാദം നടന്നു. എന്നാല്‍ കേസില്‍ ശങ്കരന്‍ നായരും ഇന്ത്യയും പരാജയപ്പെട്ടു. ഡയറിനെ അപകീര്‍ത്തിപ്പെടുത്തിയതിന് 500 ഡോളര്‍ വിചാരണ ചെലവും നല്‍കാന്‍ കോടതി വിധിച്ചു. ശങ്കരന്‍ നായര്‍ മാപ്പ് ചോദിച്ചാല്‍ പിഴ ഒഴിവാക്കാമെന്ന് ഡയര്‍ വ്യക്തമാക്കിയെങ്കിലും നായര്‍ ക്ഷമ ചോദിക്കാന്‍ തയാറായില്ല. കേസ് തോറ്റെങ്കിലും വിചാരണ ലോകശ്രദ്ധ നേടി. അത് ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു.

മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും ജഡ്ജിയുമായിരുന്ന ശങ്കരന്‍ നായര്‍ 1857ല്‍ പാലക്കാട് ജില്ലയിലെ മങ്കര എന്ന ഗ്രാമത്തിലാണ് ജനിച്ചത്. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹം നിയമ പഠനത്തില്‍ ആകൃഷ്ടനായത്. ഹൊറോഷ്യോ ഷെപ്പേര്‍ഡ് എന്ന അഭിഭാഷന്റെ കീഴില്‍ പ്രാക്ടീസ് നടത്തിയ ശങ്കരന്‍ നായര്‍ ആദ്യകാലത്തില്‍ തന്നെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ചു. വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ശങ്കരന്‍ നായര്‍ക്ക് നിയമനം നല്‍കരുതെന്നാവശ്യപ്പെട്ട് മദ്രാസിലെ ബ്രാഹ്മണര്‍ വൈസ്രോയിക്ക് കത്തെഴുതിയിരുന്നു.

1902ല്‍ കഴ്സണ്‍ പ്രഭു അദ്ദേഹത്തെ റാലി യൂണിവേഴ്സിറ്റി കമ്മീഷനിലെ അംഗമായി നിയമിച്ചു. 1904ല്‍ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച വൈസ്രോയി കൗണ്‍സിലിന്റെ ഭാഗമായി. 1908ല്‍ ശങ്കരന്‍ നായരെ മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിച്ചു. ജഡ്ജിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിധിന്യായളില്‍ മിക്കവയും പുരോഗമനപരമായിരുന്നു. ഇവയില്‍ ചേറ്റൂര്‍ വിധി ഏറെ ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ പുറത്താക്കപ്പെട്ടവരായി കണക്കാക്കാനാവില്ലെന്നതായിരുന്നു ചേറ്റൂര്‍ വിധി. മിശ്ര വിവാഹങ്ങള്‍ക്കും അദ്ദേഹം നിയമ സാധുത നല്‍കി.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയി കൗണ്‍സില്‍ നിന്ന് രാജിവെച്ചു. ഇതിനേത്തുടര്‍ന്ന് പഞ്ചാബിലെ മാധ്യമ സെന്‍സര്‍ഷിപ്പ് പിന്‍വലിക്കുകയും സൈനീക നിയമം അവസാനിപ്പിക്കുകയും ചെയ്തു. 1922ല്‍ രചിച്ച 'ഗാന്ധി ആന്‍ഡ് അനാര്‍ക്കി' എന്ന പുസ്തകത്തില്‍ ഗാന്ധിയുടെ സമര രീതികളോടുള്ള അതൃപ്തിയും അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കുമെന്ന് പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ശങ്കരന്‍ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് 2019ല്‍ എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' എന്ന പുസ്‌കതമാണ് സിനിമയ്ക്ക് പ്രചോദനം. 1934ല്‍ 77-ാം വയസില്‍ ശങ്കരന്‍ നായര്‍ മരണപ്പെട്ടു. അഭിഭാഷക-രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. ഒറ്റപ്പാലത്തെ ലേഡി ശങ്കരന്‍ നായര്‍ കോണ്‍വെന്റും പ്രസിദ്ധമായ പാലാട്ട് റോഡും അദ്ദേഹത്തിന്റെ ഓര്‍മ്മകളായി നിലനില്‍ക്കുന്നു.

Next Story