'പുസ്തകങ്ങളും മനുഷ്യരും'
മലയാളത്തിലെ പ്രശസ്ത സ്പോര്‍ട്സ് ലേഖകരിലൊരാളായ മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന് സി.പി വിജയകൃഷ്ണന്റെ ഈ ലേഖനം പുസ്തകങ്ങളെക്കുറിച്ചാണ്. എഴുത്തുകാരും പ്രസാധകരുമടങ്ങുന്ന അക്ഷരലോകത്തിലേക്കൊരു കിളിവാതില്‍....
13 Jun 2022 5:05 PM GMT
സി പി വിജയകൃഷ്ണന്

പ്രിയപ്പെട്ട ഗ്രന്ഥകാരന് തന്നെ ഒപ്പിട്ട പുസ്തകങ്ങളുടെ ആദ്യ പതിപ്പുകള്‍ ( എഡിഷന് ) പുസ്തക ഭ്രാന്തന്മാര്ക്ക് പ്രിയപ്പെട്ടവയാണ്, മണ്മറഞ്ഞ എഴുത്തുകാരുടെതാണെങ്കില് വിശേഷിച്ചും. അവ സാഹിത്യ നോവലുകളോ കവിതകളോ തന്നെ ആവണമെന്നില്ല, കുറ്റാന്വേഷണ കഥകളോ ചാരന്മാരുടെ കഥകളോ പേടിക്കഥകളോ അതീന്ദ്രിയമായ അനുഭവങ്ങളെക്കുറിച്ചുള്ളതോ ആയ ജനപ്രിയ സാഹിത്യവുമാവാം. ഇതില്‍ പ്രധാനം ആ എഴുത്തുകാരനോട് നിങ്ങള്‍ക്ക് വലിയ താല്പര്യമുണ്ടോ എന്നതു മാത്രമാണ്. പഴയ പുസ്തകങ്ങളുടെ വില്പന ശാലകളിലൂടെ ഇത്തരം പുസ്തകങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. മറ്റൊന്ന് അച്ചടിയിലുള്ള കൗതുകമാണ്.
പുറം ചട്ടയില്‍ സ്വര്‍ണ വർണം കൊണ്ടേ അതുപോലുള്ള മറ്റെന്തെങ്കിലും തരത്തിലോ ഉള്ള അലങ്കാരം, മനോഹരങ്ങളായ ചിത്രങ്ങള്‍, പ്രാചീനത, അച്ചടി നിലച്ചുപോയതാണോ എന്നു തുടങ്ങി അനേകം കാര്യങ്ങള്‍ പുസ്തകങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നു. ബൈന്‍ഡിങ്, അച്ചടി തുടങ്ങിയവയിലൊക്കെ ശ്രദ്ധയൂന്നുന്ന ഒരു പുസ്തകസ്നേഹിയെ ബിബ്ലിയോഫൈല്‍ ( bibliophile ) എന്നു പറയുന്നു. അപൂര്‍വങ്ങളായ, ഭംഗിയുള്ള ആദ്യ പതിപ്പുകളെ ശേഖരിക്കാന്‍ താല്പര്യം കാണിക്കുന്നവരും ബിബ്ലിയോഫൈല്‍ തന്നെ. പുസ്തകഭ്രാന്തുള്ളവര് ബിബ്ലിയോമാനിയാക്കുകള്.
പുസ്തകങ്ങളെക്കുറിച്ചുള്ള അത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ സമാഹാരമാണ് പ്രദീപ് സെബാസ്റ്റ്യന്റെ 'ദ ഗ്രോണിങ് ഷെല്‍ഫ്, ആന്‍ന്‍ഡ് അദര്‍ ഇന്സ്റ്റന്സസ് ഓഫ് ബുക്ക് ലൗ ''(2010). ദ ഹിന്ദു ഉള്‍്പ്പെടെ വിവിധ പത്രങ്ങളിലായി സെബാസ്റ്റ്യന്‍ എഴുതിയിട്ടുള്ള ലഘുലേഖനങ്ങളുടെ സമാഹാരമാണിത്. പ്രശസ്ത നോവലിസ്റ്റായ ബെന്യാമിന്റെ ഡിസി പുറത്തിറക്കിയ '' തരകന്‍സ് ഗ്രന്ഥവരി '' എന്ന പുസ്തകത്തെ സംബന്ധിച്ച് അതിന്റെ അച്ചടി, വിതരണം, വില്്പന എന്നിവയവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉടലെടുത്തതു കൊണ്ടാണ് ''ദ ഗ്രോണിങ് ഷെല്‍ഫി''നെ പരാമര്‍ശിക്കേണ്ടി വന്നത്. ഈ ലേഖകന്‍ '' തരകന്‍സ് ഗ്രന്ഥവരി'' യുടെ ലിമിറ്റഡ് എഡിഷനോ തുടര്‍ന്ന് സാധാരണ മട്ടിലിറക്കിയ ആദ്യ പതിപ്പോ കണ്ടിട്ടില്ല. അവയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ.
ലിമിറ്റഡ് എഡിഷനുകള്‍ പ്രസിദ്ധീകരണ രംഗത്ത് സാധാരണമാണ്. രണ്ടാമതിറങ്ങുന്ന, കമ്പോളത്തില്‍ വില്പനക്കെത്തുന്ന ട്രേഡ് എഡിഷനുകളില്‍ നിന്ന് ഇവയ്ക്ക് അച്ചടി സംബന്ധിച്ച സവിശേഷതകളുണ്ടാവും. ഗ്രന്ഥകാരിയുടെ കയ്യൊപ്പ് ഉണ്ടാവാം, കമനീയമായ അച്ചടിച്ചതാവാം, കടലാസ് പുറംചട്ടക്കു പകരം ഉറപ്പുള്ള പുറംചട്ടയും ( hard bound ) അതിനെ പൊതിയുന്ന കടലാസ് പുതപ്പും ( dust jacket ) ഉണ്ടാവാം. ഒരു പക്ഷെ ചിത്രങ്ങള്‍ ഉണ്ടായെന്നു വരാം. അങ്ങനെ പലതും.
സ്വന്തം ജീവന് തന്നെ ഭീഷണിയുയരത്തിയ, സല്മാന് റഷ്ദിയുടെ '' സേറ്റനിക് വേഴ്സസ് '' അമേരിക്കയിലെ പുസ്തക പ്രേമിയും പ്രസാധകനുമായ റിക്ക് ഗെക്കോവ്സ്കി വെറും 50 കോപ്പിയാണ് ആദ്യം അച്ചടിച്ചത്്( 1988). ഒന്നു മുതല്‍ 50 വരെ അക്കമിട്ട് അച്ചടിച്ച ഈ പുസ്തകങ്ങള്‍ക്ക് വമ്പിച്ച ആവശ്യക്കാരുണ്ടായി. ഇക്കൂട്ടത്തില്‍ ഒന്നാമത്തെ പുസ്തകത്തിന് 50ാമത്തെ പുസ്തകത്തെക്കാള്‍ വിലക്കൂടുതല്‍ ഉണ്ടായിരുന്നു! തുടര്‍ന്ന് കമ്പോളത്തിന് വേണ്ടിയിറക്കിയ ആദ്യ പതിപ്പിനും വലിയ സ്വീകാ്യതയുണ്ടായി. ''സേറ്റനിക് വേഴ്സസ് '' ഇനി കിട്ടാന്‍ ഇടയുണ്ടാവില്ലെന്നും അതു കാരണം തങ്ങളുടെ കയ്യിലുള്ള കോപ്പികളുടെ മൂല്യം വളരെ വലുതായിരിക്കുമെന്നും വായനക്കാര്‍ കരുതിയതു തന്നെയായിരിക്കും ഇതിന് കാരണം. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
ഒരു പതിപ്പ് കഴിഞ്ഞ് അടുത്ത പതിപ്പിറക്കുമ്പോള്‍ കവര്‍ ഡിസൈന്‍, അവതാരിക, പിന്കുറിപ്പ് തുടങ്ങിയവയോ അതു പോലുള്ള മറ്റുകാര്യങ്ങളൊ ഉള്‍പ്പെടുത്തി ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പ്രസിദ്ധപ്പെടുത്തുന്നതെങ്കില് അത് രണ്ടാം പതിപ്പായി മാറുന്നു. അല്ലെങ്കില്‍ അച്ചടിയിലെ ചെറിയ തിരുത്തലുകള്‍ കൂടി ഉണ്ടെങ്കിലും അത് ആദ്യപതിപ്പ് തന്നെയാവും. അപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള ആദ്യ പതിപ്പ് ഏതാണ് ? അത് ആദ്യത്തെ ഒരു കൂട്ടമായി ഒന്നിച്ച് അച്ചടിച്ച പുസ്തകങ്ങളായിരിക്കും. തുടര്‍ന്ന് പുസ്തകം ഇതെ മട്ടില്‍ മാറ്റങ്ങള്‍ വരുത്താതെ മറ്റൊരു കൂട്ടമായി അച്ചടിക്കുകയാണെങ്കില്‍ അതും ആദ്യ പതിപ്പില്‍ പെടുമെന്ന് മനസ്സിലാകുന്നു. മലയാളത്തില്‍ ഇങ്ങനെയാണോ പതിപ്പുകള്‍ എണ്ണുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ ആദ്യപതിപ്പിന്റെ ആദ്യമായി അച്ചടിച്ച കൂട്ടത്തില്‍ പെടുന്ന പുസ്തകമാണെങ്കില്‍ അത് പുസ്തകം ശേഖരിക്കുന്നവരുടെ കണ്ണില്‍ കൂടുതല്‍ വിലയുള്ളതാവും. പുസ്തകത്തിന്റെ കോപ്പിറൈറ്റും മറ്റും രേഖപ്പെടുത്തിയിട്ടുള്ള കോപ്പി റൈറ്റ് പേജില്‍ ഏതു കൂട്ടത്തിലാണ് അച്ചടിച്ചത് എന്ന വിവരം ഉണ്ടാവുമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക പുസ്തകങ്ങളിലും ഇതു കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ഇത്രാമത്തെ ഇംപ്രഷന്‍, അച്ചടി എന്നു സൂചിപ്പിക്കുന്നത് അതാവണം.
തുന്നിക്കെട്ടാതെ കാര്‍ഡുകളില്‍ അച്ചടിച്ച് പെട്ടിയില്‍ അടക്കം ചെയ്താണ് '' തരകന്‍സ് ഗ്രന്ഥവരി ''യുടെ ലിമിറ്റഡ് എഡിഷന് ഇറക്കിയതെന്ന് മനസ്സിലാവുന്നു. തുന്നിക്കെട്ടാത്തതു കൊണ്ട് വായിക്കുമ്പോള്‍ പേജുകളുടെ ക്രമം അതേ പടി ദീക്ഷിക്കേണ്ടതില്ല. തുടര്‍ന്ന് ഇറങ്ങിയ സാധാരണ പതിപ്പില്‍ പേജുകള്‍ക്ക് ക്രമമുണ്ട്. വിലയിലും വലിയ വ്യത്യാസമുണ്ട്. ലിമിറ്റഡ് എഡിഷന് പ്രീ ബുക്ക് ചെയ്ത് വാങ്ങിയ പലരിലും എതിര്‍പ്പുയര്‍ന്നതിന്റെ കാര്യം ഇതാണ്. പുസ്തകത്തിന്റെ അച്ചടിയുടെയും ബൈന്ഡിങിന്റെയും അപൂര്വതിയിലും അതു പോലുള്ള മറ്റു നിര്‍മാണ രീതികളിലും താല്പര്യമുള്ള, പുസ്തകം ശേഖരിക്കുന്ന ഒരാള്‍ക്ക് ലിമിറ്റഡ് എഡിഷന് ഇഷ്ടപ്പെട്ടു എന്നു വരാം. അല്ലാത്തവര്‍ പരസ്യവാചകം കണ്ട് ആ പുസ്തകം വാങ്ങാന്‍ പുറപ്പെടേണ്ടിയിരുന്നുവോ എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. മാത്രമല്ല, എതാണ് ശരിയായ പുസ്തകം എന്ന പ്രശ്നവുമുണ്ട്. ലിമിറ്റഡ് എഡിഷനല്ല, രണ്ടാമതിറങ്ങിയതാണ് വായിക്കേണ്ടിയിരുന്നത് എന്ന തോന്നലുള്ള ഒരാള്‍, ലിമിറ്റഡ് എഡിഷന് കൊണ്ട്, അത് സൂക്ഷിച്ചു വെക്കുന്ന കൗതുകത്തിനപ്പുറം എന്താണ് തനിക്ക് പ്രയോജനം എന്ന് ചിന്തിച്ചേക്കാം.! പുസ്തകാഭിപ്രായം എഴുതാന്‍ മെനക്കെടുന്ന മറ്റൊരാള്‍ ഇതില്‍ ഏത് പതിപ്പാണ് വായിക്കേണ്ടത്? അത് സാധാരണ പതിപ്പാണെങ്കില്‍ ലിമിറ്റഡ് എഡിഷന് കൈക്കലാക്കിയവര്്ക്ക് നഷ്ടബോധം തോന്നുക സ്വാഭാവികം. കുത്തിക്കെട്ടില്ലാത്ത പുസ്തകം അപൂവമാണെങ്കിലും അതു കൊണ്ടു മാത്രം അതിന്റെ സാഹിത്യമൂല്യവും അതിജീവനവും ഉറപ്പുവരുമോ എന്ന് സംശയമാണ്.
ഡിസി ബുക്സ് തന്നെ കൗതുകമുള്ള അച്ചടി ഇതിന് മുമ്പ് പരീക്ഷിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിന്റെ മൂന്നു വാല്യം വരുന്ന പോക്കറ്റ് എഡിഷന് അത്തരിത്തിലൊന്നായിരുന്നു. ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ അവയെ വലുതാക്കിക്കാണിക്കുന്ന ഒരു പ്ലാസ്റ്റിക് തുണ്ടും ഒപ്പമുണ്ടായിരുന്നു. ഈ ലേഖകന്റെ കയ്യില്‍ അതുണ്ടായിരുന്നുവെങ്കിലും എവിടെയോ നഷ്ടപ്പെട്ടു.! വീണ്ടും അതിറക്കുകയാണെങ്കില് ഈ ലേഖകന്‍ അതു വാങ്ങും. പക്ഷെ ബെന്യാമിന്റെ പുസ്തകം വാങ്ങാനുള്ള താല്പര്യം കെട്ടുപോയിരിക്കുന്നു. പരസ്യവാചകത്തിനപ്പുറം അതിന്റെ നിര്‍മാണ രീതിക്ക് മൂല്യമുണ്ട് എന്ന തോന്നലില്ലാത്തതാണ്, അല്ലാതെ ബെന്യാമിനോടുള്ള എന്തെങ്കിലും വിരോധമല്ല, കാരണം. ചുരുക്കത്തില്‍ പ്രീബുക്ക് ചെയ്ത് ലിമിറ്റഡ് എഡിഷന് വാങ്ങിയവര്‍ക്കും പ്രസാധകര്‍ക്കും ഒരേ പോലെ ചില പിഴവുകള്‍ പറ്റിയിട്ടുണ്ട് എന്നു വേണം കരുതാന്‍. വായനക്കാര്‍ ലിമിറ്റഡ് എഡിഷനുകളില്‍ താല്പര്യമുള്ളവരാവണമെന്നില്ല.
പുസ്തകത്തിന്റെ കാര്യത്തില്‍ പരസ്യങ്ങളെ കരുതലോടെ വേണം സമീപിക്കാന്‍. ''മാമാങ്കം'' എന്ന സിനിമ ഇറങ്ങിയ കാലത്ത് അതേ പേരില്‍ ഡിസി ഒരു നോവലും ( സജീവ് പിള്ള, 2019 പുറത്തിറക്കുകയുണ്ടായി. ഒരു നോവലാകാന്‍ ഇനിയുമെത്രയോ സഞ്ചരിക്കേണ്ട കൃതിയായിരുന്നു അത്. പ്രശസ്ത സാമ്പത്തിക പണ്ഡിതനായ എം കുഞ്ഞാമന്റെ ഓര്‍മക്കുറിപ്പുകളായ '' എതിര്'' ( 2020) എന്ന പുസ്തകം വാസ്തവത്തില്‍ അദ്ദേഹം എഴുതിയതായിരുന്നില്ല. മറ്റൊരാള്‍ അദ്ദേഹത്തെ അഭിമുഖം നടത്തി തയ്യാറാക്കിയതായിരുന്നു ഇത്. ഇതില്‍ തെറ്റില്ല. പക്ഷെ പുസ്തകത്തിന്റെ ടൈറ്റില്‍ പേജില്‍ എഡിറ്ററുടെ പേര് കാണുമെങ്കിലും അവസാനത്തെ പേജില്‍ എത്തിയാല്‍ മാത്രമേ ഇത് അഭിമുഖം അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകമാണെന്ന് മനസ്സിലാകൂ. ആദ്യം പറഞ്ഞ കാര്യത്തില്‍് പ്രസാധകന്് ഉത്തരവാദിത്വമില്ലെന്ന് പറയാം. വായനക്കാരന്റെ ചുമലിലാണ് അത് വന്നു വീഴുക. രണ്ടാമത്തേതില്‍ ടൈറ്റില്‍ പേജില്‍ തന്നെ അഭിമുഖത്തിന്റെ കാര്യം പറയേണ്ടിയിരുന്നു; അല്ലെങ്കില്‍ പിന്്കവറിലെങ്കിലും. ഇക്കാര്യം നേരത്തെ തന്നെ പറയാതിരുന്നത്, വായനക്കാരനെ സംബന്ധിച്ചിടത്തോളം പുസ്തകത്തിന്റെ മൂല്യം ഇടിക്കുന്ന ഒന്നായി.
പുസ്തകം വായിക്കാനല്ലാതെ അതിന്റെ ഭംഗി കണ്ട് സൂക്ഷിച്ചുവെക്കാന്‍ മാത്രം വാങ്ങുന്ന നല്ല വിഞ്്ജരായ ആളുകളെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പ്രദീപ് സെബാസ്റ്റന്‍ പറയുന്നുണ്ട്. ചെന്നൈയില്‍ ഗ്രന്ഥകര്്ത്താവിന്റെ അധ്യാപകനായിരുന്ന ടി ജി വൈദ്യനാഥന് ഇത്തരത്തിലുള്ള ആളായിരുന്നു. ചില പുസ്തകങ്ങള്‍ തുറക്കാതിരിക്കാന്‍ അദ്ദേഹം അവയുടെ അരികുകകള്‍ പശക്കടലാസ് ടേപ്പുകള്‍ കൊണ്ട് ഒട്ടിച്ചുവെക്കുമത്രെ. കോഴിക്കോട്ടെ വലിയ പുസ്തകപ്രേമിയായ ഒരാളുടെ വീട്ടു ലൈബ്രറിയെക്കുറിച്ച് ഒരിടത്ത് വായിച്ചതോര്‍ക്കുന്നു. (പേര് പറയാന്‍ താല്പര്യമില്ല). കാപ്പിമേശ പുസ്തകങ്ങളുള്‍പ്പെടെ വമ്പിച്ച ശേഖരം അദ്ദേഹത്തിനുണ്ടെങ്കിലും അതില്‍ മലയാളത്തില്‍ ഒന്നുമില്ല എന്നാണ് പറയുന്നത് ! സെബാസ്റ്റ്യന്റെ പുസതകത്തിന്റെ പേരു പോലെ അദ്ദേഹത്തിന്റെ പുസ്തക ഭാരം കൊണ്ട് '' ഞരങ്ങുന്ന ഷെല്‍ഫുകള്‍'' കുറച്ചൊക്കെ ശൂന്യമല്ലേ? ആത്മാവില്‍ ഈ ശൂന്യത പ്രത്യക്ഷപ്പെടുന്നു എന്നൊന്നും പറയാനാളല്ല. ഇംഗ്ലീഷ് മാത്രം ്അറിയുന്ന മലയാളിയുടെ പുസ്തക ശേഖരത്തില്‍ മലയാളത്തിലുള്ള ''ചെമ്മീനും'' ''നാലുകെട്ടും '' മറ്റും ഉണ്ടായിരിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല.
അപൂര്‍വ ഗ്രന്ഥങ്ങള്‍ മോഷ്ടിക്കുന്നവര്‍, കടലാസ് ചീന്തിയെടുക്കുന്നവര്, പഴയ പുസ്തകങ്ങളുടെ വ്യാപാരം നടത്തുന്നവര്‍, സവിശേഷത കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ഒറ്റക്കു നില്ക്കുന്ന പുസ്തകക്കടകള്‍, അത് നടത്തുന്നവര്‍ എന്നിവരൊക്കെ സെബാസ്റ്റ്യന്റെ പുസ്തകത്തില്‍ വന്നു പോകുന്നുണ്ട്. പുസ്തകത്തിലെ പേരിടലിലെ കൗതുകങ്ങള്‍, രചനാസവിശേഷത കൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിച്ച പുസ്തകങ്ങള്‍, തനിക്ക് പ്രിയപ്പെട്ട എഴുത്തുകാര്‍ എന്നിവയൊക്കെ ' ഞരങ്ങുന്ന ഷെല്‍ഫുക''ളില്‍ ഇടം പിടിക്കുന്നു.
പേരിടലിലെ കൗതുകമാണ് മറ്റൊന്ന്. ഉംബര്‍ടോ എക്കോയുടെ പ്രശസ്തമായ ' ദ നെയിം ഓഫ് ദ റോസി' '' ന് ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ച പേര് ' അഡ്സൊ ഓഫ് മെല്‍ക്ക് '' എന്ന കഥാപാത്രത്തിന്റെ തന്നെ പേരായിരുന്നു. നോവലിന്റെ അച്ചടിക്ക് മുമ്പുള്ള ജോലികള്‍ നടക്കുന്ന ഘട്ടത്തില്‍ താല്‍ക്കാലികമായി ' ആബി ഓഫ് ദ ക്രൈംസ് '' എന്ന പേരായി. ഒരു ക്രൈസ്തവ മഠത്തിലാണല്ലൊ സംഭവങ്ങള്‍ അരങ്ങേറുന്നത്. പിന്നീടാണ് ' ദ നെയിം ഓഫ് ദ റോസ് ' എന്ന ഷെയ്ക്സ്പിയര്‍ രുചിയുള്ള പേരിലേക്ക് എത്തിപ്പെടുന്നത്.
'ദ ക്യാച്ചര്‍ ഇന്‍ ദ റൈ '' പോലുളള രചനകളിലൂടെ പ്രശസ്തനായ, പൊതുവേദികളില്‍ വരാതെ ഒളിച്ചു കഴിഞ്ഞിരുന്ന ജെ ഡി സാലിഞ്ചറോടുള്ള ആരാധന സെബാസ്റ്റ്യന്‍ മറച്ചുവെക്കാറില്ല. '' റോസ്മേരീസ് ബേബി''യുടെ രചയിതാവായ ഐറ ലെവിനെ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ച് സെബാസ്റ്റിന് പറയുന്നുണ്ട്. വിദേശത്തുള്ള എഴുത്തുകാര്‍ പൊതുവെ സന്ദര്്ശകര്ക്ക് മുഖം കൊടുക്കാത്തവരാണല്ലോ. അമേരിക്കയില്‍ വെച്ച് വളരെ കഷ്ടപ്പെട്ട് സെബാസ്റ്റ്യന്‍ ലെവിന്‍ താമസിക്കുന്ന ഇടം മനസ്സിലാക്കുന്നു. ലേലത്തില്‍ '' റോസ്മേരീസ് ബേബി'' യുടെ ആദ്യ പതിപ്പ് കരസ്ഥമാക്കിയ സെബാസ്റ്റ്യന്‍ മാന്‍ഹാട്ടനില്‍ വെച്ച് ലെവിനെ അന്വേഷിച്ചിറങ്ങുന്നു. ഒടുവില്‍ അദ്ദേഹം താമസിച്ചിരുന്ന അപാര്ട്ട്്മെന്റ് കെട്ടിടത്തിന്റെ മുന്നിലെത്തി.
ബെല്ലടിക്കണോ വേണ്ടയോ എന്ന് സംശയിച്ച് അരമണിക്കൂര്‍ കാത്തു നിന്ന ശേഷം മടങ്ങാന്‍ ഒരുങ്ങുകയാണ്. നോക്കുമ്പോഴതാ ,ലെവിന്‍ മസാല സാധനങ്ങളുടെ സഞ്ചിയുമായി തെരുവിന്റെ മറ്റേ അറ്റത്തു നിന്ന് നടന്നുവരുന്നു. പുസ്തകത്തില്‍ ഒരൊപ്പു വേണം. അത്രയേ ആവശ്യമുള്ളൂ. ലെവിന്‍ അടുത്തെത്തി. സെബാസ്റ്റ്യന്‍ പെട്ടെന്നു തീരുമാനമെടുത്തു. ഒരെഴുത്തുകാരന്റെ സ്വകാര്യതയെ എന്തിന് ഭഞ്ജിക്കണം? ലെവിന്‍ തന്നെ കടന്നുപോകുന്നതും വാതില്‍ തുറക്കുന്നതും നോക്കി സെബാസ്റ്റിന് സ്ഥലും വിട്ടു. മഹാകവി ടി എസ് എലിയറ്റ് , ലണ്ടനിലെ പാര്‍ക്കിലൂടെ നടന്നുവരുന്നത് കണ്ടത് എസ് കെ പൊറ്റക്കാട് ''ലണ്ടന്‍ ഡയറി''യില്‍ എഴുതിയിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് ബാള്‍ഡ്വിനെ കാണാന്‍ താന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് എം ടി വാസുദേവന്‍ നായര്‍ എഴുതിയതും ഓര്‍മവരുന്നു. വൈലോപ്പിള്ളിയെ വീട്ടില്‍ ചെന്ന് കാണാന്‍ ശ്രമിച്ച് പരാജിതനായ തമിഴ് നോവലിസ്റ്റ് ജയമോഹന് ആ അനുഭവം വിവരിച്ചിട്ടുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്ന എഴുത്തുകാരെ വെറുതെ വിടുന്നതു തന്നെയാണ് ഭംഗി.
പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും ചില പുസ്തകങ്ങളുടെ നിര്‍മാണ ചരിത്രത്തെക്കുറിച്ചും പതിവായി മലയാളത്തില്‍ എഴുതുന്ന ഒരാള്‍ കഥാകൃത്തും പുസ്തക പ്രസാധകനുമായ എം രാജീവ് കുമാറാണ്. കളം ഓണ്‍ലൈന്‍ ന്യൂസ്. ഇന്‍ എന്ന പോര്ടലില്, കലണ്ടര്‍ എന്ന പ്രതിദിന പംങ്കതിയില് അദ്ദേഹം മണ്മറഞ്ഞ എഴുത്തുകാന്‍, വേണ്ടത്ര ശ്രദ്ധയില്‍ വരാന്‍ ഭാഗ്യമില്ലാതെ പോയ എഴുത്തുകാര്്, ചില പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ ചരിത്രം ,എന്നിവയ്ക്കൊപ്പം ചിലപ്പോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നു. വിവാദവാസന ( polemics) ആവോളം നിറഞ്ഞതും എതിരെ കസേരയില്‍ ഇരിക്കുന്ന ഒരാളോട് സംസാരിക്കുന്നതുപോലെയുമാണ് അദ്ദേഹത്തിന്റെ പ്രതിപാദന രീതി. അതിനാല്‍ വേണ്ടുന്നതു മാത്രം സ്വീകരിച്ചാല്‍ മതി. എം കൃഷ്ണന് നായര്‍ക്ക് ശേഷം സാഹിത്യ സാംസ്കാരിക വിഷയങ്ങള്‍ ഇതു പോലെ കൈകാര്യം ചെയ്യുന്ന ഒരാള്‍, അതിന്റെ രചനാപരമായ മൂല്യങ്ങള്‍ എന്തുമാവട്ടെ ഉണ്ടോ എന്നു സംശയം.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാത്ത രാജീവ് കുമാര്‍, 'പിള്ള മുതല്‍ ഉണ്ണി വരെ '' ( 2020). എന്ന തന്റെ പുസ്തകത്തില്‍ മലയാളത്തിലെ സാഹിത്യ ചോരണങ്ങള്‍ എന്ന് അദ്ദേഹം കരുതുന്ന ചില രചനകളെ വിലയിരുത്തുന്നുണ്ട്. വിലാസിനിയുടെ 4000 പേജ് വരുന്ന '' അവകാശികള്‍ '' എന്ന നോവലിന്റെ ആദ്യ അച്ചടിയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. എ ബി രഘുനാഥന് നായരുടെ ബഷീര്‍ വിമര്‍ശനമായ '' ന്റുപ്പുപ്പാന്റെ കുയ്യാനകള്‍ '' ( എന്‍ ബി എസ് ,1989 ) എന്ന പുസ്തകത്തിന് രണ്ടാം പതിപ്പുണ്ടായിട്ടില്ല എന്ന് രാജീവ് കുമാര്‍ പറയുന്നു. എങ്കില്‍ അത് കഷ്ടമാണ്. നോവലിസ്റ്റായ ഇ .എം കോവൂരിനെക്കുറിച്ച് അദ്ദേഹം അടുത്തിടെ എഴുതുകയുണ്ടായി. ''കാട്''കൊടുമുടികള്‍'' പോലുള്ള നോവലുകള്‍ക്കു പുറമെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന ടി.എം.വര്‍ഗീസിന്റെയും ഹാസ്യ സാഹിത്യകാരന് ഇ.വി.കൃഷ്ണപിള്ളയുടെയും ജീവചരിത്രങ്ങള്് കോവൂര്് സംഭാവന ചെയ്തിട്ടുണ്ട്. ഇക്കാര്യം അറിയുന്ന അധികം വായനക്കാര്‍ ഉണ്ടാവില്ല. ഈ പുസതകങ്ങള്‍ വായിക്കാന്‍ താല്പര്യമുണ്ടെങ്കിലും അവയുടെ അച്ചടി നിലച്ചുപോയിട്ടുണ്ടാവണം.
രണ്ടാമതൊരു അച്ചടിയില്ലാതെ കൂമ്പടഞ്ഞു പോയ മലയാള പുസ്തകങ്ങള്‍ സമ്പാദിക്കുക ക്ലേശകരമാണ്. അങ്ങനെയൊരു മാര്‍ക്കറ്റ് കേരളത്തില്‍് ഉണ്ട് എന്ന് തോന്നുന്നില്ല. പഴയ പുസ്തകങ്ങള്‍ വില്ക്കുന്നവരുടെ കയ്യില്‍ യാദൃഛികമായി അവ വന്നു പെട്ട്് അങ്ങനെ വായനക്കാരുടെ കയ്യില്‍ എത്തിപ്പെട്ടെങ്കിലായി. എം ടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പരേതയായ പ്രമീളാ നായരുടെ നോവല്‍ '' നഷ്ടബോധങ്ങള്‍ '' വിതരണം ചെയ്ത അല്‍ഹൂദ ബുക്ക് സ്റ്റാള്‍ , മൊയ്തീന് പള്ളിക്കു സമീപമുള്ള മസ്ജിദ് ബസാറില്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് പുസ്തകത്തെക്കുറിച്ച് പക്ഷെ അറിവുണ്ടാകണമെന്നില്ല. 1981ല്‍ നോവലിസ്റ്റ് തന്നെ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സാഹിത്യമൂല്യം.