'കോടതി ഞാന്‍ പറയുന്നത് എഴുതിയെടുക്കുന്നില്ല, രാമന് പിള്ള ജൂനിയേഴ്സ് വ്യക്തിഹത്യയാണ് നടത്തിയത്'; അതിജീവിത മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ അതിജീവിത ബോധിപ്പിക്കുന്ന അപേക്ഷ
26 May 2022 2:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ അതിജീവിത ബോധിപ്പിക്കുന്ന അപേക്ഷ.
സര്,
അങ്ങയെ കാണുന്നതിനും ഈ നിവേദനം സമര്‍പ്പിക്കുന്നതിനും അവസരം നല്കിയതിനുള്ള നന്ദി ഞാന്‍ ആദ്യം അറിയിക്കട്ടെ. ഈ കേസിന്റെ എല്ലാ ഘട്ടത്തിലും എന്നോടൊപ്പം അങ്ങ് ഉണ്ടായിട്ടുണ്ട്. അങ്ങ് പകര്‍ന്നു നല്കിയ ധൈര്യവും കരുതലും തന്നെയാണ് ഈ കേസില്‍ മുന്നോട്ടു പോകുവാനുള്ള എന്റെ കരുത്തും പ്രചോദനവും. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലല്ല, ഒരച്ഛന് തന്റെ മകള്‍ക്ക് നല്കുന്ന സ്നേഹവും സംരക്ഷണവുമാണ് ഞാന്‍ അങ്ങയില്‍ നിന്നും അനുഭവിക്കുന്നതും. ഈ കേസ് തുടങ്ങിയത് മുതല്‍ സമൂഹത്തിന്റെ പല മണ്ഡലങ്ങളില്‍ നിന്നും വ്യക്തിപരമായും അല്ലാതെയും എന്നെ എന്നെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കേസിനെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ അങ്ങയുടെ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോള്‍ എനിക്കും കൂടി കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളെ തന്നെ അങ്ങ് ചുമതലപ്പെടുത്തിയതിലുള്ള നന്ദി എനിക്ക് പ്രകടിപ്പിക്കാവുന്നതിനും അപ്പുറത്താണ്. കഴിഞ്ഞ ഒന്നര മാസത്തിനു മുന്‍പ് മുമ്പ് ഈ അന്വേഷണത്തിന് മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്ന ശ്രീ. ശ്രീജിത്ത് ഐപിഎസിനെ അന്വേഷണ ചുമതലയില്‍ നിന്നും പെട്ടെന്ന് മാറ്റിയത് കേസിന്റെ അന്വേഷണത്തിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.
2020 ജനുവരി മാസത്തില്‍ മുപ്പതാം തീയതി മുതല്‍ ഈ കേസില്‍ വിചാരണ ആരംഭിച്ചത് ബന്ധപ്പെട്ട 15 ദിവസത്തെ വിചാരണ കോടതിയില്‍ എനിക്ക് നേരിടേണ്ടിവന്നത് അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തന്നെ ആയിരുന്നു. വ്യക്തിഹത്യയായിരുന്നു അന്ന് കോടതിയില്‍ എതിര്‍ഭാഗം വക്കീല്‍ രാമന്‍പിള്ള ജൂനിയേഴ്സ് നടത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഈ കേസില്‍ ആ സമയത്ത് പാലിക്കപ്പെട്ടിരുന്നില്ല. കോടതി പൂര്‍ണമായും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലതും എഴുതി എടുക്കാതിരിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ പ്രോസിക്യൂഷന് കോടതിയില്‍ വലിയ രീതിയില്‍ അപമാനം നേരിടേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് കേസില്‍ പ്രതിയായിട്ടുള്ള ദിലീപിന്റെ സ്വാധീനം മൂലം സാക്ഷികളില്‍ പലരും കൂറുമാറി. അതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് കോടതിയില്‍ പറയുന്ന കാര്യങ്ങളിലും കൊടുക്കുന്ന പരാതികളിലും അപേക്ഷകളിലും ഒന്നും തന്നെ കോടതി നടപടി എടുക്കാതിരിക്കുകയും, കോടതിയും പ്രോസിക്യൂഷനും ശത്രുക്കളായി മാറുകയും പ്രോസിക്യൂഷന് ഈ കോടതിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ആ ഹര്‍ജി അനുവദിക്കാതെ പോവുകയും വീണ്ടും അതേ ജഡ്ജി തന്നെ വിസ്താരത്തിലേക്ക് വരികയും ചെയ്തു. ഈ സമയത്ത് ആദ്യത്തെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു പോകുകയും പിന്നീട് അടുത്ത പ്രോസിക്യൂട്ടര്‍ വരാന്‍ ഒരുപാട് സമയം എടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന പ്രോസിക്യൂട്ടറും കോടതിയില്‍ എനിക്കുവേണ്ടി കേസ് വാദിക്കാന്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട അപമാനഭാരത്താല്‍ രാജിവെക്കേണ്ടി വന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി കേസ് മുന്നോട്ടു പോയിരുന്നത്. ഇതെല്ലാം കണ്ടിട്ട് എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിക്കുമ്പോഴും അങ്ങയുടെ പിന്തുണ മാത്രമായിരുന്നു ഞാന്‍ ധീരയായി മുന്നോട്ടു പോകാന്‍ കാരണം.
കേസിലെ വിചാരണ നടക്കുന്ന സമയത്ത് നിരവധി സാക്ഷികളെ അവര്‍ മൊഴിമാറ്റി. സാക്ഷികളെ അഭിഭാഷകര്‍ എങ്ങനെ മൊഴിമാറ്റി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്നും കണ്ടുകിട്ടുകയും ചെയ്തു. ഇതിനിടയില്‍ ദിലീപിന്റെയും കൂട്ടരുടെയും ഫോണുകളില്‍ നിന്നും ലഭിച്ച മുഴുവന്‍ രേഖകളും നശിപ്പിക്കുന്നതിന് ബോംബെയിലേക്ക് ദിലീപിന്റെ നാല് അഭിഭാഷകര്‍ പോവുകയും അതിനുള്ള തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ 2020 ല്‍ പ്രധാനപ്പെട്ട രേഖയായ മെമ്മറി കാര്‍ഡ് കോടതിയില്‍ ഇരിക്കുമ്പോള്‍ അനുവാദമില്ലാതെ ടാമ്പര്‍ ചെയ്യപ്പെട്ടതും, ഇതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് 10-1-2020 കോടതിയില്‍ കിട്ടിയിട്ടുണ്ട്. അക്കാര്യം ഇതുവരെ കോടതി പ്രോസിക്യൂഷനെ അറിയിക്കുകയോ അതിന് വേണ്ടി ഒരു നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നത് സ്വകാര്യതയുടെ ലംഘനമാണ്. കോടതിയുടെ അനുമതിയോടെ ചോര്‍ന്ന ദൃശ്യങ്ങള്‍ പലരുടേയും ഫോണുകളില്‍ കണ്ടിട്ടുണ്ട് എന്ന് പിന്നീട് വന്ന പല വാര്‍ത്തകളിലൂടെയും ഞാന്‍ അറിഞ്ഞു.
അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് 4-4-22ല്‍ ഇതിനേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ആ കോടതിയില്‍ നല്കി. അതിന്റെ മേല്‍ കോടതി യാതൊരുവിധത്തിലുള്ള നടപടികളും എടുത്തില്ല. ഇതിനിടയില്‍ ഈ കേസ് പെട്ടെന്ന് തീര്‍ക്കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് ഉണ്ടായി. കേസിന്റെ കാലാവധി നീട്ടി കിട്ടുന്നതിനുവേണ്ടി പ്രോസിക്യൂഷന് കോടതിയില്‍ കേസ് കൊടുത്തപ്പോഴും കോടതി ഈ മെമ്മറി കാര്‍ഡ് ടെമ്പര്‍ ചെയ്ത കാര്യത്തെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടില്ല. ഇപ്പോള്‍ കോടതി അനുവദിച്ചിരുന്ന സമയം 30-5-22 കഴിയുകയാണെന്നും 30-5-22 ചാര്‍ജ് ഷീറ്റ് കൊടുക്കണമെന്ന് മുകളില്‍ നിന്നും ഒന്നും ഉത്തരവ് ഉണ്ടായിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ അന്വേഷണത്തിനായി സമയം അനുവദിക്കില്ല എന്ന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ചാനലുകളില്‍ വന്ന വാര്‍ത്തകളിലൂടെ അറിയാന്‍ സാധിച്ചു. ഇങ്ങനെ വന്നപ്പോള്‍ പലപ്രാവശ്യം ഇതിനുള്ള അപ്പീല്‍ കൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഉത്തരം കിട്ടാത്ത സാഹചര്യത്തില്‍ കോടതി പറഞ്ഞ ഈ സമയത്തില്‍ ഈ കേസിന്റെ ചാര്‍ജ് കൊടുത്താല്‍ പിന്നെ ഈ കേസില്‍ നീതി കിട്ടില്ല എന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ ഞാനായിട്ട് ഒരു ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനോട് ഒരു ഘട്ടത്തിലും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല എന്ന് ഞാന്‍ അറിയിക്കട്ടെ. ഈ കേസിന്റെ ചല ഘട്ടങ്ങളിലും പല പ്രാവശ്യം ഞാന്‍ അങ്ങയെ കാണാന്‍ ശ്രമിച്ചെങ്കിലും അങ്ങയെ കാണാന്‍ സാധിച്ചില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. അതിനു വേണ്ടി ആരുടെയും പക്ഷം ഞാന്‍ പിടിച്ചിട്ടുമില്ല. എന്റെ കൂടെ അങ്ങ് എപ്പോഴും ഉണ്ടാകും എനിക്കുറപ്പുണ്ട്. പല വാര്‍ത്താ മാധ്യമങ്ങളിലും ഈ കേസ് അവസാനിപ്പിക്കുകയാണെന്നും, ചാര്‍ജ് ഷീറ്റ് കൊടുക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അന്നേരവും എനിക്ക് നീതി കിട്ടും എന്ന് അങ്ങ് പറഞ്ഞ വാക്കുകള്‍ എനിക്ക് നല്‍കിയത് അത്രയേറെ ആശ്വാസവും സന്തോഷവുമാണെന്ന് ഞാന്‍ മറച്ചു വെയ്ക്കുന്നില്ല. ആയതിനാല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ അങ്ങ് എനിക്ക് വേണ്ടി ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് എനിക്ക് വേണ്ടി മാത്രമായില്ല ഞാന്‍ പറയുന്നത്. കേരളത്തിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ് ഞാന്‍ നിവേദനം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നത്.
1, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് എനിക്ക് പരാതിയില്ല. അവര്‍ക്ക് അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
2, ഈ കേസിലെ സാക്ഷികളെ കൂറുമാറ്റിക്കുന്നതിന് ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവ് ഉണ്ടാകണം.
3, കോടതിയില്‍ ഇരുന്ന മെമ്മറി കാര്‍ഡ് എങ്ങനെ ടാമ്പര്‍ ചെയ്യപ്പെട്ടു എന്ന് അന്വേഷിക്കുന്നതിന് ഉത്തരവാകണം.
4, അടിയന്തരമായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം.
5, കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയമായി ആരും ഇടപെടാതിരിക്കുന്നതിനുള്ള നിലപാട് എടുക്കണം. കാരണം പ്രതികള്‍ പ്രബലരാണ് പണവും സ്വാധീനവും ഉള്ളവരാണ്. പല തരത്തില്‍ അവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
എന്ന്
അതിജീവിത
Story Highlights : 'Court does not take what I say, Raman Pillai Jr. committed humiliation'; Application to the Surviving Chief Minister