
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശേഷി മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയുടെ രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാര്‍ത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ക്യാബിനുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഈ അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.
ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നുമുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലധികമാകുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടയുന്നത്. ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്.