Top

വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമതന്‍ രഘുരാമകൃഷ്ണരാജുവിന് പിന്തുണയുമായി പ്രേമചന്ദ്രന്‍; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വാക്കുനല്‍കി

ആന്ധ്രാപൊലീസ് തനിക്ക് മേല്‍ മൂന്നാംമുറ പ്രയോഗിച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി രഘുരാമകൃഷ്ണ രാജു എംപിമാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രേമചന്ദ്രന്‍ രഘുരാമകൃഷ്ണ രാജുവിന് പിന്തുണ അറിയിച്ചത്.

7 Jun 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമതന്‍ രഘുരാമകൃഷ്ണരാജുവിന് പിന്തുണയുമായി പ്രേമചന്ദ്രന്‍; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വാക്കുനല്‍കി
X

സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസ് നടപടി നേരിടുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമതന്‍ രഘുരാമകൃഷ്ണ രാജുവിന് പിന്തുണയുമായി ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍. രഘുരാമകൃഷ്ണ രാജുവിന്റെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രേമചന്ദ്രന്‍ വാക്കുനല്‍കി. ആന്ധ്രാപൊലീസ് തനിക്ക് മേല്‍ മൂന്നാംമുറ പ്രയോഗിച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി രഘുരാമകൃഷ്ണ രാജു എംപിമാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രേമചന്ദ്രന്‍ രഘുരാമകൃഷ്ണ രാജുവിന് പിന്തുണ അറിയിച്ചത്.

രഘുരാമകൃഷ്ണ രാജുവിനെതിരായ പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും പാര്‍ലമെന്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ചുവെന്ന് പറഞ്ഞാണ് രഘുരാമകൃഷ്ണ രാജു ആന്ധ്രയില്‍ അറസ്റ്റിലാകുന്നത്.

ഗുണ്ടൂരിലെ ആന്ധ്രാപ്രദേശ് സിഐഡി ഓഫീസിലെത്തിച്ച തന്നെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് രഘുരാമകൃഷ്ണ രാജു ആരോപിച്ചിരുന്നത്. രാജുവിനെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. രഘുരാമകൃഷ്ണ രാജുവിന്റെ പ്രസംഗങ്ങള്‍ പ്രാധാന്യത്തോടെ കാണിച്ചുവെന്ന് ആരോപിച്ച് ടിവി 9, എബിഎന്‍ ആന്ധ്രാജ്യോതി എന്നീ ചാനലുകളും നിയമനടപടികള്‍ നേരിട്ടുവരികയായിരുന്നു. എന്നാല്‍ കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി അധികാരികളെ രൂക്ഷമായ ഭാഷയില്‍ ശാസിച്ചിരുന്നു.

Next Story