
ന്യൂഡല്‍ഹി: ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ ഡിപിംള്‍ അറോറയുടെ അവസാനവാക്കുകള്‍ പങ്കുവെച്ച് ഭര്‍ത്താവ് റാവിഷ് ചൗള. എഴുമാസം ഗര്‍ഭിണിയായിരുന്ന ഡിപിംള്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിന് ഒരു ദിവസം മുന്‍പ് കുഞ്ഞും മരണപ്പെട്ടിരുന്നു.
കൊവിഡ് സാഹചര്യത്തിന്റെ ഗൗരവം ആളുകളിലേക്കെത്തിക്കാനാണ് മരണത്തിന് മുമ്പ് ഡിംപിള്‍ വിഡിയോ സന്ദേശത്തിലൂടെ ശ്രമിക്കുന്നത്. കൊറോണയെ നിസ്സാരമായി കാണരുതെന്നും നിരുത്തരവാദപരമായി പെരുമാറരുതെന്നും ഡിംപിള്‍ പറയുന്നു.
ഡിംപിളിന്റെ വാക്കുകള്‍:
വളരെ ബുദ്ധിമുട്ടിയാണ് ഈ വിഡിയോയില്‍ സംസാരിക്കുന്നത്. നിങ്ങള്‍ എല്ലാവരോടും ഒന്ന് പറയാനാണ്, ഒരിക്കലും കൊറോണയെ നിസ്സാരമായി കാണരുത്. വളരെ മോശം അവസ്ഥയാണിത്. എനിക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ എനിക്ക് ഈ സന്ദേശം നിങ്ങളിലേക്ക് എത്തിച്ചേ തീരൂ. നിങ്ങള്‍ എവിടെ പോവുകയോ ആരുമായി ഇടപെടുകയോ ആകട്ടെ, അത് വീട്ടിലായാലും പുറത്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ദയവായി മാസ്ക് ധരിക്കണം. ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുകയാണ്. എനിക്ക് ഈ ഗര്ഭാവസ്ഥയിലുണ്ടാകുന്നതുപോലെയുള്ള ദുരിതം ആര്‍ക്കുമുണ്ടാകരുത്. നിങ്ങളുടെ കുടുംബത്തിലുള്ളവരെ പറഞ്ഞ് മനസിലാക്കൂ, കൊവിഡിനെ നിസ്സാരമായി കാണരുത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ ദയവായി നിരുത്തരവാദപരമായി പെരുമാറരുത്.
എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കൊവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രില്‍ 26നാണ് അവള് മരിച്ചത്. അതിന് ഒരു ദിവസം മുമ്പ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.
ഏപ്രില്‍ 11 ന് രോഗബാധിതയായ ഡിംപിള്‍ ഏപ്രില്‍ 17 ന് രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വീഡിയോ ഉണ്ടാക്കിയത്.