Top

യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ; പ്രതികരണം

ഒമാന്‍ സര്‍ക്കാരിനോടും നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി

29 Sep 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ; പ്രതികരണം
X

മസ്‌കത്ത്: ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്.

ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്നും ആദ്യത്തെ റസിഡന്‍സി എം എ യൂസഫലി ഏറ്റുവാങ്ങി. ഒമാനില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തില്‍ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ നിക്ഷേപകര്‍ക്കാണ് ഒമാന്‍ ഇങ്ങനെ ദീര്‍ഘ കാല റെസിഡന്‍സ് പരിഗണന നല്‍കുന്നത്.

ഒമാന്‍ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിന്‍ സഈദ് അല്‍ ശുഐബി വ്യക്തമാക്കി.

ദീര്‍ഘകാല റസിഡന്‍സ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എംഎ യൂസഫലി പ്രതികരിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയിദിനോടും ഒമാന്‍ സര്‍ക്കാരിനോടും നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.

Next Story