'ഇതാ ഇവിടുത്തെ പൊലീസിനെ കണ്ടോളൂ', വെയിലേറ്റ് തളര്‍ന്നപ്പോള്‍ തണലായി അജ്മാന്‍ പോലീസ്; നന്ദി പറഞ്ഞ് മലയാളി കുടുംബം
29 Aug 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അജ്മാന്‍: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനയ്ക്ക് എത്തിയ കുടുംബം വെയിലേറ്റ് തളര്‍ന്നപ്പോള്‍ സ്വാന്തനമായി അജ്മാന്‍ പൊലീസ്. പട്രോള്‍ വാഹനത്തില്‍ കയറിയിരിക്കാനുളള സൗകര്യം അജ്മാന്‍ പോലീസ് നല്‍കി. ഇക്കാര്യം വ്യക്തമാക്കി മലയാളിയായി പിതാവ് പോലീസിന് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ നിമിഷം നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.
ഈ അജ്മാന്‍ പോലീസ് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അജ്മാന്‍ കിരീടാവകാശി ഷെയ്ഖ് അമര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമും ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ച് അജ്മാന്‍ പോലീസിന് നന്ദി അറിയിച്ചു. കനത്തചൂടില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ വന്ന് പട്രോള്‍ വാഹനത്തില്‍ കയറി വിശ്രമിക്കാന്‍ പറയുകയായിരുന്നുവെന്ന് പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.
വാഹനത്തില്‍ നിന്നിറങ്ങുന്ന കുഞ്ഞിനോട്, എങ്ങനെയുണ്ടായിരുന്നു എ.സി പട്രോള്‍ വാഹനമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സൗഹൃദത്തോടെ ചോദിക്കുന്നതും യാത്ര പറയുന്നതും കാണാം. അബുദബി ഷാര്‍ജ അജ്മാന്‍ എമിറേറ്റുകളില്‍ നേരിട്ടുളള പഠനത്തിന് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.