Top

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലുലു ഗ്രൂപ്പ്; അഭിനന്ദിച്ച് കേന്ദ്രമന്ത്രി

കൊച്ചി കളമശ്ശേരിയിലെ ഫുഡ് പാര്‍ക്ക്, കശ്മീരിലെ ലോജിസ്റ്റിക്‌സ് കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരികയാണെന്ന് യൂസഫലി കേന്ദ്രമന്ത്രിയെ അറിയിച്ചു.

3 Oct 2021 4:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലുലു ഗ്രൂപ്പ്; അഭിനന്ദിച്ച് കേന്ദ്രമന്ത്രി
X

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ഉന്നത ഗുണനിലവാരമുള്ളതും രാസവള മുക്തവുമായ പഴം പച്ചക്കറികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച ആവശ്യകതയാണ് ഉള്ളതെന്ന് അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോത്പാദകരുടെയും ഭക്ഷണ വസ്തുക്കളുടെ കയറ്റുമതിക്കാരുടെയും ഒരു ഉന്നതതല സംഘത്തെ എത്രയും വേഗം യുഎഇയിലെക്ക് കൊണ്ടുവന്ന് മേഖലയുടെ മികച്ച സാധ്യതകള്‍ പരിചയപ്പെടുത്താനുള്ള ഒരു സംവിധാനം ഒരുക്കണമെന്ന് യൂസഫലി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ദുബായ് എക്‌സ്‌പോ 2020 ന്റെ ഭാഗമായി യുഎഇയിലെത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്. മേഖലയിലെ സര്‍ക്കാരുകളും വ്യാപാരികളും ആഗ്രഹിക്കുന്ന തരത്തിലുള്ള ലോക നിലവാരത്തിലെ പാക്കിംഗ് സൗകര്യങ്ങളും കോള്‍ഡ് സ്റ്റോറുകളും ഗവേഷണ കേന്ദ്രങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആവശ്യകതയുണ്ട്. ലുലു ഗ്രൂപ്പ് ഇപ്പോള്‍ ഇന്ത്യയിലെ 11 കേന്ദ്രങ്ങളില്‍ നിന്നായി പ്രതിവര്‍ഷം 7,000 കോടി രൂപയുടെ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് പതിനായിരം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം.

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സ്ഥലം ഇതിനകം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണ്. ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നു. കൊച്ചി കളമശ്ശേരിയിലെ ഫുഡ് പാര്‍ക്ക്, കശ്മീരിലെ ലോജിസ്റ്റിക്‌സ് കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരികയാണെന്ന് യൂസഫലി കേന്ദ്രമന്ത്രിയെ അറിയിച്ചു.

യുഎഇ ആസ്ഥാനമായുള്ള നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപത്തിനായി തയ്യാറെടുക്കുന്നുണ്ട്. രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന ലൈസന്‍സ് രാജില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ സുതാര്യമായ വാണിജ്യ വ്യവസായനങ്ങളുടെ ഫലമായാണ് നിക്ഷേപകര്‍ ഇന്ത്യയിലേക്ക് കൂടുതലായി വരുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകും. ഭക്ഷ്യ കയറ്റുമതി രംഗത്ത് മുന്‍പന്തിയിലുള്ള ലുലു ഗ്രൂപ്പിനെ ഈ അവസരത്തില്‍ അഭിനന്ദിക്കുകയാണെന്നും കേന്ദ്രമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ സലീം വി ഐ, ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലീം, ഏ വി ആനന്ദ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് സിഇഒ നജുമുദ്ധീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Popular Stories

    Next Story