Top

എക്‌സ്‌പോ 2020; കുടുംബങ്ങളെ സ്വാഗതം ചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍

എക്‌സ്‌പോ മാസ്‌കോട്ടുകളായ ലത്തീഫയും റാഷിദും ചേര്‍ന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്.

30 Sep 2021 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്‌സ്‌പോ 2020; കുടുംബങ്ങളെ സ്വാഗതം ചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍
X

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ എക്‌സ്‌പോ 2020യ്ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാന്‍ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഒരുക്കി ജിഡിആര്‍എഫ്എ ദുബായ്. എക്‌സ്‌പോ മാസ്‌കോട്ടുകളായ ലത്തീഫയും റാഷിദും ചേര്‍ന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലാണ് ഇത്തരത്തിലുള്ള പവലിയനുകള്‍ ഒരുക്കി സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്

ദുബായ് എക്‌സ്‌പോ 2020യുടെ ഔദ്യോഗിക ചിഹ്നങ്ങളായ ലത്തീഫയുടെയും റാഷിദിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രത്യേക കൗണ്ടറുകള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം പകരുമെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. മെഗാ ഇവന്റിലേക്കുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെയും സന്ദര്‍ശകരെയും മികച്ച രീതിയില്‍ സ്വാഗതം ചെയ്യാനുള്ള വകുപ്പിന്റെ സന്നദ്ധതയുടെ ഭാഗമാണ് ഈസംരംഭം. കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങള്‍ക്കുള്ളതാണ് ഇത്.ദുബായിലെത്തുന്നത് മുതല്‍ ആഹ്ലാദകരമായ സന്ദര്‍ശനഅനുഭൂതി പകരാന്‍ ഈ ഉദ്യമം സഹായിക്കുമെന്ന് ലഫ്: ജനറല്‍ അല്‍ മര്‍റി വ്യക്തമാക്കി.

ദുബായ് സന്ദര്‍ശകര്‍ക്കിടയില്‍ സന്തോഷം പകരുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും പൊതുജനങ്ങളെ സേവിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ വിവേകപൂര്‍വ്വമായ കാഴ്ചപ്പാട് കൈവരിക്കുന്നതിനാണ് തന്റെ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. ഈ ചരിത്ര നിമിഷത്തിന് ഭാഗമായതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം ലഭിച്ച സന്ദര്‍ശകര്‍ സന്തോഷം പ്രകടിപ്പിച്ചു.


Popular Stories

    Next Story