Top

കൊവിഡ് മുക്തി പ്രഖ്യാപിച്ച് ദുബായ്; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

17 Oct 2021 5:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മുക്തി പ്രഖ്യാപിച്ച് ദുബായ്; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ
X

കൊവിഡ് മഹാമാരിയില്‍ നിന്ന് ദുബായ് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇനി പുതിയ തുടക്കത്തിലേക്ക് എമിറേറ്റ് കടക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.കൊവിഡിനെ പ്രതിരോധിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം സർക്കാർ കേന്ദ്രങ്ങളും ജീവനക്കാരും അഹോരാത്രം പ്രയത്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗത്തിലുളള കൊവിഡ് രോഗമുക്തി രാജ്യം നേടിയെങ്കിലും ഇപ്പോഴും നിരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റിന്‍റെ 100-ാമത് കൂടികാഴ്ച എക്സ്പോ വേദിയില്‍ ചേർന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. മഹാമാരിക്ക് ശേഷമുളള സുരക്ഷിത അന്തരീക്ഷം പ്രദാനം ചെയ്യാനും ജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനും ദുബായ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. 19 മാസത്തിനിടെ ആദ്യമായി 100 ല്‍ താഴെ കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിന് മുന്‍പ് 2020 മാർച്ച് 31 നാണ് 52 പേരില്‍ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 317,254 പരിശോധനകള്‍ നടത്തിയപ്പോള്‍ 99 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 153 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .031 ശതമാനമാണ്. ജനുവരി 28 നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 3966 പേരില്‍ അന്ന് രോഗം സ്ഥിരീകരിച്ചു. 2.34 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് 95 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചുവെന്നാണ് കണക്ക്. 85 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചുവെന്നും കണക്കുള്‍ സൂചിപ്പിക്കുന്നു. ഇതോടെയാണ് കൊവിഡ് പ്രതിരോധത്തിലേക്ക് രാജ്യം മാറിയത്.

Next Story

Popular Stories