പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയുടെ കോവാക്സിന് ഉള്‍പ്പടെ നാല് പുതിയ വാക്സിനുകള്‍ക്ക് അംഗീകാരം നല്കി സൗദി അറേബ്യ
6 Dec 2021 5:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന് കോവാക്സിന് അംഗീകാരം നല്കി സൗദി അറേബ്യ. കോവാക്സിന് അടക്കം നാല് പുതിയ വാക്സിനുകള്‍ക്കാണ് സൗദി അറേബ്യ അംഗീകാരം നല്‍കിയത്. റഷ്യയുടെ സ്പുട്നിക്, ചൈനയുടെ സിനോഫാം, സിനോവാക് അംഗീകാരം ലഭിച്ച മറ്റ് വാക്സിനുകള്‍.
അംഗീകാരമുള്ള വാക്സിനുകളില്‍ ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാമെന്നാണ് ഭരണകൂടത്തിന്റെ ഉത്തരവ്. നിലവില്‍ ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക, ജോണ്സണ് ആന്റ് ജോണ്സന് എന്നീ നാല് വാക്സിനുകള്‍ക്കാണ് സൗദിയില്‍ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. പുതുതായി നാല് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ ആകെ എട്ട് വാക്സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്.
ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക വാക്സിനുകള്‍ രണ്ടു ഡോസ് വീതവും ജോണ്സന് ആന്റ് ജോന്സന് ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്സിന് ഡോസുകള്‍ പൂര്‍ത്തിയാക്കി സൗദിയിലെത്തുന്നവര്‍ക്ക് മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്.
ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകമായി വരുന്നത്. സൗദിയിലേക്ക് വരുന്ന എല്ലാവര്ക്കും പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.