മുജീബിനും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനം; അബുദാബി ബിഗ് ടിക്കറ്റിലൂടെ കൈവന്നത് കോടികളുടെ ഭാഗ്യം
1996ൽ സൗദി അറേബ്യയിലാണ് മുജീബ് പ്രവാസജീവിതം ആരംഭിക്കുന്നത്.
4 May 2022 10:09 AM GMT
റിപ്പോർട്ടർ മിഡില് ഈസ്റ്റ്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളിക്ക് കോടികളുടെ ഭാഗ്യം. ഇന്നലെ നടന്ന ഡ്രീം 12 മില്യൺ സീരീസ് 239 റാഫിളിലാണ് അജ്മാനിൽ താമസിക്കുന്ന മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും കോടികൾ സമ്മാനമായി ലഭിച്ചത്. മുജീബും പത്ത് സുഹൃത്തുക്കളും ചേർന്നെടുത്ത 229710 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
കഴിഞ്ഞ മാസം 22നാണ് പത്തു പേരടങ്ങുന്ന സംഘം ടിക്കറ്റെടുത്തത്. രണ്ടു വർഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് ഇവരിൽ പലരും. മലയാളികളും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും അടങ്ങുന്നതാണ് സംഘം. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം ഏവർക്കും അവശ്വസനീയമായിരുന്നു. സമ്മാനത്തുക പത്തു പേരും പങ്കിട്ടെടുക്കും.
1996ൽ സൗദി അറേബ്യയിലാണ് മുജീബ് പ്രവാസജീവിതം ആരംഭിക്കുന്നത്. 2006 ലാണ് യുഎഇയിലെ അൽ നഖ കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. മാതാവും ഭാര്യയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. വീടുവെച്ച ബാധ്യതകൾ തീർക്കാനാവുമെന്ന സന്തോഷത്തിലാണ് മുജീബ്. പുണ്യമാസത്തിലെ മാതാവിന്റെയും കുടുംബത്തിന്റെയും പ്രർത്ഥനയാണ് ഈ സമ്മാനമെന്ന് മുജീബ് പറയുന്നു
ഈ നറുക്കെടുപ്പിൽ മറ്റു രണ്ട് മലയാളികൾക്ക് കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ സുബ്രഹ്മണ്യനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം 072051 ടിക്കറ്റിന് ലഭിച്ചത്. റാസൽഖൈമയിലെ ജയപ്രകാശിന് മൂന്നാം സമ്മാനത്തുകയായ 1 ലക്ഷം ദിർഹവും 077562 ടിക്കറ്റിന് സമ്മാനമായി ലഭിച്ചു.
STORY HIGHLIGHTS: PRAVASI MALAYLI WONS ABU DHABI BIG TICKET
ABUDHABI BIG TICKET