Top

സൗദിയിൽ മലയാളി യുവാവിനെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

18 Jun 2022 12:13 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിൽ മലയാളി യുവാവിനെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
X

റിയാദ്: സൗദിയിൽ മലയാളി യുവാവിനെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാളുകളായി ഖുൻഫുദയിൽ പച്ചക്കറി വ്യാപാര തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റി (49)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകാൻ ഇരിക്കെ വീണ്ടും പുതിയ വിസയിൽ വന്നു ജോലി തുടരുന്നതിനിടയിലാണ് എല്ലാവരേയും നടുക്കുന്ന മരണവാർത്ത പുറത്തു വരുന്നത്.

ജിദ്ദക്കും അല്ലൈത്തിനും ഇടയിൽ മുജൈരിമ പെട്രോൾ സ്റ്റേഷനിൽ നിർത്തിയിട്ട പച്ചക്കറി ലോറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ജിദ്ദയിൽനിന്ന് പച്ചക്കറിയുമായി ഖുൻഫുദയിലേക്ക് വരുന്നതിനിടെയാണ് മരണപ്പെട്ടത്. എത്തേണ്ട സമയം കഴിഞ്ഞിട്ടും താമസസ്ഥലത്ത് എത്താതിരുന്നപ്പോഴാണ് സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്.

ചരക്ക് വാഹനങ്ങൾ സാധാരണ വിശ്രമത്തിനായി നിർത്തിയിടുന്ന സ്ഥലമായിരുന്നതിനാൽ സമീപവാസികളും ശ്രദ്ധിച്ചില്ല. അല്ലൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള നിയമ നടപടികൾ പൂർത്തിയാകുകയാണ്. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ് അഫ്താബ്, മുഹമ്മദ് അഫ്‌ലാ, ആമിനാ ഹൻസ.

Story Highlights: Malayalee youth found dead in a vegetable lorry in Saudi

Next Story