അമേരിക്കയില്‍ മോഷണ ശ്രമം ചെറുക്കുന്നതിനിടെ മലയാളി വെടിയേറ്റു മരിച്ചു
ദുബായിലായിരുന്ന 2005ലാണ് സാജന് അമേരിക്കയിലേക്ക് ചേക്കേറുന്നത്.
18 Nov 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോഷണ ശ്രമം ചെറുക്കുന്നതിനിടെ അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റു മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ സ്വദേശിയായ സാജന് മാത്യുവാണ് (55) കൊല്ലപ്പെട്ടത്. സാജനുണ്ടായിരുന്ന നടന്ന മോഷണ ശ്രമം പരാജപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അക്രമി സാജനെ വെടിവെക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്.
സാജനെ വെടിവെച്ചു വീഴ്ത്തിയ അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വെടിയേറ്റ ഉടനെ സാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അമേരിക്കന്‍ പൗരന്മാണ് അക്രമത്തിന് പിന്നിലെന്നും സൂചനകളുണ്ട്.
2005ലാണ് ദുബായിലായിരുന്ന സാജന് അമേരിക്കയിലേക്ക് ചേക്കേറുന്നത്. പിന്നീട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഡോളര്‍ മാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. അക്രമിയുടെ ഉദ്ദേശം കട കൊള്ളയടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ തന്നെ നഴ്സായി ജോലി ചെയ്യുന്ന മിനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. രണ്ട് മാസം മുന്‍പാണ് മകളുടെ വിവാഹത്തിനായി സാജന് അവസാനം നാട്ടിലെത്തിയത്.
- TAGS:
- Pravsi
- malayali killed