'എയർ ഇന്ത്യയുടെ അനാസ്ഥയ്ക്കെതിരെ പ്രവാസി പ്രതിഷേധമുയരണമെന്ന്'; കൾച്ചറൽ ഫോറം
10 April 2022 12:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: മൂന്നു ദിവസങ്ങളായി യാത്രക്കാരെ അനിശ്ചിതാവസ്ഥയിലാക്കുന്ന എയർ ഇന്ത്യക്കെതിരെ പ്രവാസി പ്രതിഷേധമുയരണമെന്ന് കൾച്ചറൽ ഫോറം. കഴിഞ്ഞ ദിവസം പതിനെട്ടു മണിക്കൂറോളം വൈകിയിട്ടും യാത്രക്കാർക്ക് മതിയായ വിശദീകരണം നൽകാനോ റമദാൻ കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണം നൽകാനോ അധികൃതർ തയ്യാറായിട്ടില്ല. ഒരു മൃതദേഹമടക്കം വൈകിയ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു.
സാങ്കേതിക തകരാറുകൾ പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെങ്കിൽ അടിയന്തിരമായി പരിഹാരം കാണേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്. രണ്ടു ദിവസം മുമ്പ് വിമാനം കോഴിക്കോട് നിന്ന് നേരത്തെ പുറപ്പെട്ട കാരണത്താൽ നിരവധി യാത്രക്കാർക്ക് യാത്ര മുടങ്ങിയിരുന്നു. യാത്രാസമയങ്ങളിൽ വരുന്ന മാറ്റം യാത്രക്കാരെ നേരിട്ടു വിളിച്ചു അറിയിക്കേണ്ടതും കമ്പനിയുടെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ്.
വിമാനം വൈകിയത് മൂലം പ്രയാസമനുഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നും പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രതിഷേധമർഹിക്കുന്നതാണെന്നും കൾച്ചറൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.
STORY HIGHLIGHTS: Cultural Forum against Air India's negligence
- TAGS:
- pravasi malayali