Top

കനകാംബരന്റെ 'ചില സാധാരണ മനുഷ്യര്‍' കഥാസമാഹാരം പ്രകാശനം ചെയ്തു

ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഇത് സാധാരണ മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അടയാളം പ്രസിഡണ്ട് സുധീര്‍ എംഎ പറഞ്ഞു

2 April 2022 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കനകാംബരന്റെ ചില സാധാരണ മനുഷ്യര്‍ കഥാസമാഹാരം പ്രകാശനം ചെയ്തു
X

കൊളച്ചേരി കനകാംബരന്റെ 'ചില സാധാരണ മനുഷ്യര്‍' കഥാസമാഹാരം പ്രകാശനം ചെയ്തു. അടയാളം ഖത്തര്‍, ഏപ്രില്‍ 1നു സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങില്‍ എഴുത്തുകാരിയും ചെറുകാട് അവാര്‍ഡ് ജേതാവുമായ ഷീലാ ടോമിയാണ് പ്രകാശനം ചെയ്തത്. മലയാളനാട് എഡിറ്റോറിയല്‍ ബോര്‍ഡംഗവും 'തോറ്റ സമരങ്ങളുടെ തമ്പ്രാക്കന്മാര്‍' എന്ന പുസ്തകത്തിന്റെ രചയിതാവുമായ മെതിലാജ് പുസ്തകം ഏറ്റുവാങ്ങി.

കണ്ണൂര്‍ ഭാഷ, നാട്ടുഭാഷയുടെ താളം ആസ്വദിക്കാന്‍ ഈ കഥകളിലൂടെ കടന്നുപോയാല്‍ നമുക്ക് സാധിക്കുമെന്ന് ഷീല ടോമി പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. സമൂഹമെന്ന മഹാവൃക്ഷത്തിന്റെ ചില ഇലകള്‍ കനകന്‍ ഇവിടെ കോര്‍ത്തെടുത്തിരിക്കുകയാണ്. ആ ഇലകളുടെ പ്രത്യേകത, ഓരോ ഇലകളും ഒന്നിനൊന്ന് വ്യത്യസ്ഥമാണ്. നിറത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെ വ്യത്യസ്ഥമായ ഇലകളാണ് 18 കഥകളിലൂടെ കനകന്‍ ഇവിടെ കോര്‍ത്തുവച്ചിരിക്കുന്നതെന്നും ഷീല പറഞ്ഞു.

ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഇത് സാധാരണ മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അടയാളം പ്രസിഡണ്ട് സുധീര്‍ എംഎ പറഞ്ഞു. മലബാറിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ തുടിപ്പുകളാണ് ഈ കഥകളിലുള്ളത്. ഇതില്‍ പലതരത്തിലുള്ള മനുഷ്യര്‍ കടന്നു വരുന്നുണ്ടെങ്കിലും അവരെല്ലാവരും പൊതുവായി അനുഭവിക്കുന്ന വേദനകളും, അന്തഃസംഘര്‍ഷങ്ങളുമൊക്കെ ഒരു പോലെയുള്ളതാണ്. 20 വര്‍ഷങ്ങളിലായി പല സന്ദര്‍ഭങ്ങളില്‍ എഴുതിയ 18 കഥകളുടെ ഈ സമാഹാരത്തിലെ മിക്കവാറും കഥാപാത്രങ്ങളും ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നവരാണ് എന്ന് കാണാം. ലാളിത്യമാണ് ഈ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത യെന്നും, ഏതൊരു വായനക്കാരനും ആദ്യവായനയിലൂടെത്തന്നെ, ഏറ്റവുമെളുപ്പം കഥാപാത്രങ്ങളിലേക്കെത്താന്‍ കഴിയുന്ന വിധമാണ് ഈ കഥകളുടെ രചന നിര്‍വഹിച്ചിരിക്കുന്നതെന്നും, പ്രാദേശികമായ നാട്ടുഭാഷയുടെ സൗന്ദര്യം എഴുത്തില്‍ വിളക്കിച്ചേര്‍ക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിട്ടുമുണ്ടെന്നും പുസ്തകത്തെ സുധീര്‍ കൂട്ടിചേര്‍ത്തു.

തുടര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.ബാബു, കരുണ ഖത്തര്‍ പ്രതിനിധി ബിബിത്, കുവാക് (കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍) ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, എഴുത്തുകാരന്‍ തന്‍സീം കുറ്റ്യാടി, എഴുത്തുകാരി സ്മിത ആദര്‍ശ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് കൊളച്ചേരി കനകാംബരന്‍ താന്‍ എഴുത്ത് രംഗത്തേയ്ക്ക് വന്ന വഴികളെ കുറിച്ചും ഈ കഥകള്‍ എഴുതാന്‍ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ചും തന്റെ കഥാപാത്രങ്ങളെ കുറിച്ചും സംസാരിച്ചു. അടയാളം സെക്രട്ടറി മുര്‍ഷിദ് സ്വാഗതം പറഞ്ഞ സദസ്സില്‍ അടയാളം ജോയിന്റ് സെക്രട്ടറി പ്രദോഷ് അധ്യക്ഷനായിരുന്നു. അടയാളം എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം നിമിഷ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Next Story