Top

കടവത്തൂരിലേക്ക് മടങ്ങാനൊരുങ്ങി അബൂബക്കര്‍

നീണ്ട 26 വര്‍ഷത്തെ പ്രവാസം കണ്ണൂരിന്റെ വിമാനത്താവളമെന്ന സ്വപ്‌നത്തിന് വേണ്ടി പ്രയത്‌നിക്കാനുള്ള ആക്കം കൂട്ടി

6 May 2022 9:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കടവത്തൂരിലേക്ക് മടങ്ങാനൊരുങ്ങി അബൂബക്കര്‍
X

ദുബായ്: ചരിത്രത്തെ സ്‌നേഹിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സി.എച്ച്. അബൂബക്കര്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്. കണ്ണൂരിന്റെ സ്വന്തം കടവത്തൂരാണ് അബൂബക്കറിന്റെ നാട്. യുഎഇയിലെ സാമൂഹിക, സാംസ്‌കാരിക, സംരംഭക, ജീവകാരുണ്യരംഗത്തും സജീവമായിരുന്ന ഇദ്ദേഹം വിരമിക്കുന്നത് അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റിങ് മാനേജറായാണ്.

സ്ഥിരം വിസയില്‍ 1996ലാണ് ഈ കണ്ണൂരുക്കാരൻ ദുബായിലെത്തുന്നത്. മെയ് പത്തിനാണ് പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കുള്ള മടക്കം. ഫറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഫോസയില്‍ അംഗമായ അബൂബക്കർ ദുബായ് ചാപ്റ്ററുമായുള്ള ഫോസയുടെ ബന്ധം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി. ഫോസ, പാനൂര്‍ എന്‍.ആര്‍. ഐ പ്രവാസി ഇന്ത്യ, ഐ.ബി.സി, എം.പി.സി.സി കൂട്ടായ്മകളുടെ ഭാരവാഹിയാണ്.

ജാതി-മത എന്ന വേര്‍തിരിവില്ലാതെ പ്രവാസികളെ ചേര്‍ത്തുപിടിച്ചിരുന്നു ഈ പ്രവാസി. നീണ്ട 26 വര്‍ഷത്തെ പ്രവാസം കണ്ണൂരിന്റെ വിമാനത്താവളമെന്ന സ്വപ്‌നത്തിന് വേണ്ടി പ്രയത്‌നിക്കാനുള്ള ആക്കം കൂട്ടി. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കാളിത്തത്തിന് പാനൂര്‍ എന്‍.ആര്‍.ഐ പ്രവാസി അസോസിയേഷനൊപ്പം പ്രവര്‍ത്തിച്ചു.

നാട്ടിലെത്തി കൃഷിയിലെ വൈവിധ്യ മേഖലകള്‍ പരീക്ഷിക്കാനാണ് തീരുമാനം. പൗള്‍ട്രി, അക്വാ കള്‍ച്ചര്‍, ക്ഷീര വ്യവസായം എന്നിവയിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യവാസായത്തിനും പ്രാധാന്യം നല്‍കി വിശ്രമ ജീവിതം ആനന്ദമാക്കാനാണ് തീരുമാനം.

ചരിത്രത്തില്‍ താല്‍പര്യമുള്ളതിനാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും മ്യൂസിയങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിലും തന്റെതായ എഴുത്തുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. 2005ന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ പെട്രോളിയം വില വര്‍ദ്ധനവും വിലകയറ്റവും കുറിപ്പുകളുടെ വിഷയമായിട്ടുണ്ട്. നാടിനെയും നാട്ടുകാരെയും സ്‌നേഹിച്ച് കടവത്തൂരിലുണ്ടാവും ഈ സേവകൻ.

STORY HIGHLIGHTS : ABOOBACKER PREPARES TO RETURN TO KADAVATHOOR

Next Story