വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കുളള 7 ദിവസ നിര്‍ബന്ധിത ക്വാറന്റീന് പ്രാബല്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരില്‍ തെരഞ്ഞെടുത്തവരില്‍ പിസിആര്‍ പരിശോധന നടത്തും.
12 Jan 2022 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കുളള 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. കേന്ദ്ര ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദേശത്ത് നിന്നുമെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തിയത്. 7 ദിവസത്തെ ക്വാറന്റീന് കഴിഞ്ഞ് 8 ആം ദിവസം കോവിഡ് പിസിആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. പിന്നീടുളള 7 ദിവസം ക്വാറന്റീന് നിര്‍ബന്ധമല്ലെങ്കിലും ആരോഗ്യനിരീക്ഷണം തുടരണമെന്നാണ് നിര്‍ദ്ദേശം.
അന്താരാഷ്ട്ര യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ താപനില പരിശോധനയുണ്ട്.കോവിഡ് പോസിറ്റീവായാല്‍ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നടക്കമുളള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചൈന, യുകെ, ബോത് സ്വാന, കസാഖിസ്ഥാന്‍ ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരില്‍ തെരഞ്ഞെടുത്തവരില്‍ പിസിആര്‍ പരിശോധന നടത്തും. രണ്ട് ശതമാനം പേരില്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശമെങ്കിലും കേരളത്തിലെത്തുന്ന 20 ശതമാനം പേരില്‍ കോവിഡ് പരിശോധന നടത്തുമെന്നാണ് കേരളാ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിട്ടുളളത്.
യാത്രയ്ക്ക് ഒരുങ്ങും മുന്‍പ് ശ്രദ്ധിക്കൂ
1. എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യണം.
2. യുഎഇ അടക്കമുളള രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആര്‍ പരിശോധന അനിവാര്യം.
3. ഇന്ത്യയിലെത്തിയാല്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്.
4. വിമാനത്താവളത്തിലെത്തിയാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിസിആര്‍ പരിശോധനയുണ്ട്. പരിശോധനയില്‍ നെഗറ്റീവായാലും 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് അനിവാര്യം
5. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം, പരിശോധനാഫലം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം.
6.കോവിഡ് പരിശോധനയില്‍ നെഗറ്റീവായാലും അടുത്ത 7 ദിവസങ്ങളില്‍ സ്വയം ആരോഗ്യം നിരീക്ഷിക്കണം.