‘ബിജെപിക്കെതിരെ ഒരു മൂന്നാം മുന്നണിക്കും ജയിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ല’; അഭ്യൂഹങ്ങളെ തകിടം മറിച്ച് പ്രശാന്ത് കിഷോര്‍; വന്‍ ട്വിസ്റ്റ്
മൂന്നാം മുന്നണിയെന്ന മാതൃക നിരവധി തവണ പരീക്ഷിച്ച് മടുത്തതാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
22 Jun 2021 4:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപിയെ പരാജയപ്പെടുത്താനായി ദേശീയ രാഷ്ട്രീയത്തില്‍ ഒരു മൂന്നാം മുന്നണി ഉയര്‍ന്നുവരുന്നുവെന്ന അഭ്യൂഹങ്ങളെ പൊളിക്കുന്ന പ്രതികരണവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിക്കെതിരെ ഒരു മൂന്നാം മുന്നണിയ്ക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയര്‍ത്തി ജയിക്കാനാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ പറയുന്നത്. മൂന്നാം മുന്നണിയെന്ന മാതൃക നിരവധി തവണ പരീക്ഷിച്ച് മടുത്തതാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്ഡിടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടുന്നതിനായി പ്രശാന്ത് കിഷോറിന്റെ ആസൂത്രണത്തില്‍ കോണ്‍ഗ്രസ് ഇതര വിശാല പ്രതിപക്ഷസഖ്യം വരുന്നുവെന്ന സിദ്ധാന്തത്തിന് കനത്ത അടിയേറ്റത് വിഷയത്തിലെ വലിയ ട്വിസ്റ്റാകുകയാണ്.
ബിജെപിയെ ദുര്‍ബലപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ഒത്തുചേര്‍ന്ന് വിശാലപ്രതിപക്ഷത്തിന് രൂപം നല്കാന് സാധ്യതയെന്ന വാര്‍ത്തയ്ക്കിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ എന്‍സിപി ദേശീയ അധ്യക്ഷനുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയതായിരുന്നു ഈ സിദ്ധാന്തത്തിന് ബലം നല്‍കിയിരുന്നത്.
മുംബൈയില്‍ വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ 11നായിരുന്നു പവാര്‍- ശരദ് പവാര്‍ ആദ്യ കൂടിക്കാഴ്ച. അത് മൂന്നര മണിക്കൂറും കവിഞ്ഞപ്പോള്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ വിശാലസംഖ്യം രൂപീകരിക്കാനുള്ള പുതിയ നീക്കവുമായാണ് പ്രശാന്ത് എത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിക്കുകയായിരുന്നു. ബംഗാളിലേയും തമിഴ്നാട്ടിലേയും ചരിത്രവിജയങ്ങള്‍ സമ്മാനിച്ച സ്ട്രറ്റജി ടീം താന്‍ വിടുകയാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും ബലം നല്‍കുകയുമായിരുന്നു. വിശാല പ്രതിപക്ഷ സഖ്യം ഒരു പാഠം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമല്ല, അത് കോണ്‍ഗ്രസിനേയും കൂടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.