
കേന്ദ്രസ്രര്ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. താന്‍ ഒരിക്കലും ശിവസേനയുടെ ആരാധകനായിരുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ഓഫീസ് തന്റെ ഹൃദയത്തെ തൊടുന്നുവെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ബിജെപി സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയുടെ ലിങ്കുകൂടി പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഭൂഷന്റെ പ്രതികരണം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനേക്കാള് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യം സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കാനാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയോ പഴയ വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകുകയോ ചെയ്യണമെന്നായിരുന്നു താക്കറെയുടെ പ്രതികരണം. ശിവസേനയുടെ ഹിന്ദുത്വം ദേശീയതയിലൂന്നിയതാണ്. അല്ലാതെ മണിയടിക്കുന്നതരത്തിലുള്ളതല്ല. ബിജെപിയ്ക്ക് യാതൊരു പ്രത്യയശാസ്ത്രമോ മൂല്യമോ സംസ്കാരമോ ഇല്ലെന്നും താക്കറെ ആരോപിച്ചിരുന്നു ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഭൂഷന്റെ പ്രതികരണം.