കുഴല്‍പ്പണ വിവാദത്തില്‍ കെ സുരേന്ദ്രന്റെ വിശദീകരണം പൊളിയുന്നു; വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ട് പ്രസീത അഴിക്കോട്
തെരഞ്ഞെടുപ്പ് സമയത്ത് തിരക്കിനിടയില്‍ നൂറു കണക്കിന് പേര്‍ വിളിക്കുന്നതിനാല്‍ തനിക്ക് ഫോണ്‍കോളുകളെ സംബന്ധിച്ച് യാതൊന്നും ഓര്‍മ്മിയില്ലെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്.
5 Jun 2021 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍: സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് തിരികെയെത്തിക്കാനായി ഇടനിലക്കാരുമായി സംസാരിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു. സുരേന്ദ്രന്‍ ജെആര്‍പി നേതാവ് പ്രസീതയുമായി ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമാവുന്ന വാട്‌സാപ്പ് ചാറ്റ് പുറത്തായി. വാട്‌സാപ്പ് ചാറ്റില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സികെ ജാനുവുമായി ബന്ധപ്പെട്ട് ഇരുവരും ആശയവിനിമയം നടത്തിയതായി ചാറ്റില്‍ നിന്ന് വ്യക്തമാണ്.
ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണ്ടാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന്‍ എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിട്ടുമില്ല.
സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ പാര്‍ട്ടിയുടെ ആവശ്യത്തിനായി നിയമാനുസൃതമായി പണം നല്‍കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സികെ ജാനുവിനെ പോലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ആക്രമിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ഇത്തരത്തിലുള്ള ധാരാളം പ്രചരണങ്ങള്‍ പ്രചരണ സമയത്ത് വരും. സികെ ജാനുവും ഞാനും തമ്മില്‍ ഒരു സംസാരവും നടന്നിട്ടില്ല. ഇനി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെലവുകളുണ്ടായിട്ടുണ്ട്. അതിന് വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ചേ കാര്യങ്ങള്‍ നടന്നിട്ടുള്ളൂ,’ കെ സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് തിരക്കിനിടയില്‍ നൂറു കണക്കിന് പേര്‍ വിളിക്കുന്നതിനാല്‍ തനിക്ക് ഫോണ്‍കോളുകളെ സംബന്ധിച്ച് യാതൊന്നും ഓര്‍മ്മിയില്ലെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. സികെ ജാനു എന്നൊരാള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഞങ്ങളോടാരൊടും ഒരു പണവും ചോദിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം 10 കോടി രൂപയാണ് ബിജെപിയുടെ ഒരു ടിക്കറ്റ് ലഭിക്കാന്‍ പത്ത് കോടി ഒരാള്‍ ചോദിക്കുന്നെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാന്‍. പിന്നീട് പത്തു കോടിയില്‍ നിന്ന് ഒറ്റയടിക്ക് അത് 10 ലക്ഷമാവുകയാണ്,’ കെ സുരേന്ദ്രന്‍ പറഞ്ഞു.