Top

പണവുമായി ഹോട്ടലിലെത്താന്‍ സെക്രട്ടറിയോട് പറയുന്ന ഫോണ്‍രേഖകളും പുറത്ത്; സുരേന്ദ്രനെ കുടുക്കുന്ന കൂടുതല്‍ തെളിവുനല്‍കി പ്രസീത

ഫോണ്‍ റെക്കോര്‍ഡില്‍ സൂചിപ്പിച്ച പ്രകാരം തന്നെ ഹോട്ടല്‍ മുറിയില്‍വെച്ച് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നാണ് പ്രസീത ആരോപിക്കുന്നത്.

7 Jun 2021 8:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണവുമായി ഹോട്ടലിലെത്താന്‍ സെക്രട്ടറിയോട് പറയുന്ന ഫോണ്‍രേഖകളും പുറത്ത്; സുരേന്ദ്രനെ കുടുക്കുന്ന കൂടുതല്‍ തെളിവുനല്‍കി പ്രസീത
X

ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സികെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സികെ ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് പ്രസീത പറയുന്നു. ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. ഹൊറൈസന്‍ ഹോട്ടസിന്റെ 503-ാം നമ്പര്‍ മുറിയിലെത്താന്‍ ജാനു പ്രസീതയുടെ ഫോണില്‍ നിന്നും സുരേന്ദ്രന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രസീത പറയുന്നു.

ഫോണ്‍ റെക്കോര്‍ഡില്‍ സൂചിപ്പിച്ച പ്രകാരം തന്നെ ഹോട്ടല്‍ മുറിയില്‍വെച്ച് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നാണ് പ്രസീത ആരോപിക്കുന്നത്. സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടയില്‍ മാര്‍ച്ച് മൂന്നിന് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ ശബ്ദരേഖകളും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളും പ്രസീത പുറത്തുവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്.

ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണ്ടാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന്‍ എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിരുന്നില്ല.

സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ പാര്‍ട്ടിയുടെ ആവശ്യത്തിനായി നിയമാനുസൃതമായി പണം നല്‍കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സികെ ജാനുവിനെ പോലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ആക്രമിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ഇത്തരത്തിലുള്ള ധാരാളം പ്രചരണങ്ങള്‍ പ്രചരണ സമയത്ത് വരും. സികെ ജാനുവും ഞാനും തമ്മില്‍ ഒരു സംസാരവും നടന്നിട്ടില്ല. ഇനി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെലവുകളുണ്ടായിട്ടുണ്ട്. അതിന് വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ചേ കാര്യങ്ങള്‍ നടന്നിട്ടുള്ളൂ,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് തിരക്കിനിടയില്‍ നൂറു കണക്കിന് പേര്‍ വിളിക്കുന്നതിനാല്‍ തനിക്ക് ഫോണ്‍കോളുകളെ സംബന്ധിച്ച് യാതൊന്നും ഓര്‍മ്മിയില്ലെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. സികെ ജാനു എന്നൊരാള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഞങ്ങളോടാരൊടും ഒരു പണവും ചോദിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം 10 കോടി രൂപയാണ് ബിജെപിയുടെ ഒരു ടിക്കറ്റ് ലഭിക്കാന്‍ പത്ത് കോടി ഒരാള്‍ ചോദിക്കുന്നെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാന്‍. പിന്നീട് പത്തു കോടിയില്‍ നിന്ന് ഒറ്റയടിക്ക് അത് 10 ലക്ഷമാവുകയാണ്,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

Next Story