Top

കൊല്ലം കോർപ്പറേഷൻ: മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വീണ്ടും മേയറായേക്കും

2010 ൽ താമരക്കുളം ഡിവിഷനിൽ നിന്ന് വിജയിച്ചാണ് പ്രസന്ന മേയറായത്. നാലാം വിജയവും താമരക്കുളത്ത് നിന്നാണ്.

25 Dec 2020 4:58 AM GMT

കൊല്ലം കോർപ്പറേഷൻ: മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വീണ്ടും മേയറായേക്കും
X

കൊല്ലം: പ്രസന്ന ഏണസ്റ്റ് തന്നെ മേയറായേക്കുമെന്ന സൂചന തന്നു കൊല്ലം ജില്ലയിലെ നേതാക്കൾ. ഈ അഭിപ്രായം തന്നെയാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും ഭൂരിപക്ഷം നേതാക്കളും ഉയർത്തിയത്. കൊല്ലം കോർപ്പറേഷനിലേക്ക് ഇത് നാലാം തവണയാണ് പ്രസന്ന ഏണസ്റ്റ് തെരഞ്ഞെടുക്കപ്പെടുന്നത്.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന പ്രസന്ന എസ്എഫ്ഐ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളജ് വൈസ് ചെയർപേഴ്സൺ, 87 മുതൽ 91 വരെ സാക്ഷരതാ ഇൻസ്ട്രക്റ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ കോർപ്പറേഷൻ ആദ്യ കൗൺസിലിൽ പട്ടത്താനം ഡിവിഷനിൽ നിന്നും 2005 ൽ മുണ്ടയ്ക്കൽ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പ്രസന്ന ഏണസ്റ്റ് തന്നെ മേയറാകണമെന്ന് ജില്ലാ സെക്ട്രട്ടറിയേറ്റ് വാദിക്കുമ്പോള്‍ യു പവിത്രയെ മേയർ സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്. ഇതേച്ചൊല്ലി അവ്യക്തത നിലനിൽക്കുന്നതിനാൽ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

2010 ൽ താമരക്കുളം ഡിവിഷനിൽ നിന്ന് വിജയിച്ചാണ് പ്രസന്ന മേയറായത്. നാലാം വിജയവും താമരക്കുളത്ത് നിന്നാണ്. മേയർ സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും നാളെയുണ്ടാകും.

Next Story