Top

തൊഴിലാളിവിരുദ്ധതയ്ക്ക് ആറാപ്പ് വിളിക്കുന്നവര്‍

1 Dec 2020 5:06 AM GMT
പ്രമോദ് പുഴങ്കര

തൊഴിലാളിവിരുദ്ധതയ്ക്ക് ആറാപ്പ് വിളിക്കുന്നവര്‍
X

ന്യായീകരണ തൊഴിലാളി എന്ന പദ സംയുക്തം ഒരു അധിക്ഷേപമായിട്ടാണ് ഏഷ്യാനെറ്റിലെ വാർത്താവതാരകൻ സി പി ഐ (എം) നേതാവ് ആനത്തലവട്ടം ആനന്ദനെതിരെ ഉപയോഗിച്ചത്. മാധ്യമ വാർത്താവതാരകരുടെ വിധിതീർപ്പുകൾ വന്നാൽപിന്നെ അത് താണുവണങ്ങി സ്വീകരിക്കുകയെ നിവൃത്തിയുള്ളു എന്ന ധാരണ പരത്തേണ്ടതും നിലനിർത്തേണ്ടതും അവരുടെ മാത്രം ആവശ്യമാണ്. നാട്ടുകാരുടെയല്ല. അതായത് ബി ജെ പിയുടെ പാർലമെന്റംഗമായ രാജീവ് ചന്ദ്രശേഖറിന് വലിയ തോതിൽ ഉടമസ്ഥതാവകാശമുള്ള ഒരു മാധ്യമസ്ഥാപനത്തിലെ ജോലിക്കാരനായ വിനു വി ജോൺ നിഷ്പക്ഷ മാധ്യമ പ്രവർത്തനമാണ് നടത്തുന്നത് എന്ന, ഊണ് കഴിച്ചില്ലെങ്കിൽ കുട്ടികളെ പിടിക്കാൻ വരുന്ന കോക്കാന്റെ കഥ പോലൊന്ന് നമ്മളൊക്കെ വിശ്വസിച്ചു പേടിച്ചിരിക്കണമെന്നാണ് ഏഷ്യാനെറ്റിന്റെ ആവശ്യം. ബലേ ഭേഷ്!

ബി ജെ പിയുടെ നേതാവിന്റെ ഏഷ്യാനെറ്റ്, മാർക്സിസ്റ്റ് വിരോധം തങ്ങളുടെ ജനിതക രേഖയാക്കിയ മനോരമ, മോദിഭാരതത്തിൽ പുളകം കൊള്ളുന്ന മാതൃഭൂമി, ജമാ അത് ഇസ്‌ലാമി എന്ന ഇപ്പോൾ യു ഡി എഫുമായി കൂട്ടുമുന്നണി ഉണ്ടാക്കിയ ഇസ്‌ലാമിക രാഷ്ട്രീയ സംഘടനയുടെ മീഡിയ വൺ എന്നിങ്ങനെയായ ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ചർച്ചകളും വിധിതീർപ്പുകളും കേരളത്തിന്റെയും നാട്ടുകാരുടെയും നന്മയെക്കരുതിയാണെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്. സി പി എം നേതാവായ ആനത്തലവട്ടം ആനന്ദൻ തന്റെ പാർട്ടി നിലപാടുകളെ അവതരിപ്പിക്കുകയും അതിനെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യാൻ രാഷ്ട്രീയമായി തയ്യാറുള്ളതുകൊണ്ടാണല്ലോ അദ്ദേഹം ആ പാർട്ടിയിൽ നിൽക്കുന്നതും അദ്ദേഹത്തെ ആ പാർട്ടിയുടെ നേതൃസ്ഥാനത്ത് പാർട്ടി വെച്ചിരിക്കുന്നതും.

മാർക്സിസ്റ്റ് വിരോധവും മുതലാളിയുടെ ശമ്പളവുമാണ് വിനു വി ജോണിന്റെ മാധ്യമ പ്രവർത്തനത്തിന്റെ ആവേശമെങ്കിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും അതിന്റെ നിലനിൽപ്പുമാണ് ആനത്തലവട്ടം ആനന്ദന്റെ നിലപാട്. ആ നിലപാടുകളിൽ നമുക്ക് യോജിപ്പും വിയോജിപ്പുമുണ്ടാകാം. പക്ഷെ അത് പറയാനല്ലാതെ മറ്റെന്തെങ്കിലും പറയാനാണ് അദ്ദേഹമവിടെ വരുന്നത് എന്ന് ആർക്കും തെറ്റിദ്ധാരണ ഉണ്ടാകേണ്ടതില്ല. സ്വന്തം പാർട്ടിയയേയും അതിന്റെ നിലപാടുകളെയും ന്യായീകരിക്കുന്നത് താൻ കൂടി പങ്കാളിയായ ഒരു സംഘടനയുടെ നയങ്ങളെ പ്രതിരോധിക്കാനും പ്രചരിപ്പിക്കാനും ചുമതലപ്പെട്ട ഒരു പാർട്ടി അംഗത്തിന്റെ കടമയാണ്. അതായത് വിനു വി ജോൺ തന്റെ ഓർത്തഡോക്സ് സ്വത്വത്തിൽ അഭിമാനിക്കുന്ന പോലെയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്തിന്റെ രാഷ്ട്രീയ ചുമതല.

ഇനി ആനത്തലവട്ടം ആനന്ദനെ ആക്ഷേപിക്കുന്ന വിനു (മറ്റ് മാർക്സിസ്റ്റ് വിരുദ്ധ അവതാരകരും) സ്ഥിരമായി പ്രതിഷ്ഠിക്കുന്ന വിദഗ്ദ്ധനെ നോക്കു, സർവ്വജ്ഞനായ പണിക്കർ. പണിക്കർ കഴിഞ്ഞ ദിവസം കാർഷിക സമരത്തെക്കുറിച്ചു പറഞ്ഞത്, മൂന്നു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് തങ്ങൾ വന്നതെന്ന് ഡൽഹിയിലേക്ക് വരുന്ന കർഷക സമരക്കാർ പറയുന്നു. അതുകൊണ്ട് കാർഷിക ബിൽ നടപ്പായാൽ അവർ ആത്മഹത്യയിലേക്ക് പോകേണ്ടിവരും എന്നത് ശരിയല്ല എന്നതിനുള്ള തെളിവാണ് ഇത് എന്നാണ്. ടിയാൻ ഇത്തരം മഹത്തായ നിരീക്ഷണങ്ങൾ നടത്തുന്നതിൽ നമുക്ക് അത്ഭുതമൊന്നും വേണ്ടതില്ല. അതൊക്കെയാണ് നാം പ്രതീക്ഷിക്കേണ്ടതും. എന്നാൽ അയാൾ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനാവുകയും ആനത്തലവട്ടം ന്യായീകരണ തൊഴിലാളി ആവുകയും ചെയ്യുന്നതാണ് കഥ.

ഇത്തരത്തിലൊരു സംഘപരിവാർ വേരുള്ള കക്ഷി തന്റെ സകല ജീർണബോധവും തത്തോപ്പിത്തോ തർക്കങ്ങളും പറയുന്നത് വൈദഗ്ധ്യമാക്കുന്ന വിനു വി ജോണിനും മറ്റ് പല ചാനലുകൾക്കും അതേ തൊഴിൽ വൈദഗ്ദ്ധ്യം മറ്റുള്ളവർ നൽകാത്തപ്പോൾ അമർഷം തോന്നുന്നുണ്ടാകും.

പണമുണ്ടാക്കാൻ വേണ്ടി നടത്തുന്ന ഒരു മാധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ്. മറ്റ് മിക്ക മാധ്യമസ്ഥാപനങ്ങളും അതുപോലെത്തന്നെ. നരേന്ദ്ര മോദിയുടേയും സംഘപരിവാറിന്റെ മാധ്യമ അജണ്ടയുടെയും പുറത്തുപോകാതെ ഏറാൻ മൂളുന്ന ഇന്ത്യൻ മാധ്യമങ്ങൾ ലോകത്തുതന്നെ ഫാഷിസ്റ്റ് വാഴ്ചയിലെ മാധ്യമ വിധേയത്വത്തിന്റെ പഠന സാമഗ്രിയാണ് ഇപ്പോൾ. അതിലെ ഇങ്ങേയറ്റത്തെ ദുർബലമായൊരു ആക്രോശമാണ് ഏഷ്യാനെറ്റ് അടക്കമുള്ളവ. അതിനപ്പുറമുള്ള ഏതലങ്കാരവും അശ്ലീലമാണ്.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വളർച്ചയിലെ ജീർണധാരയാണ് ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങളുടെ നിഷ്പക്ഷ നാട്യം. റോക്കറ്റ് സാങ്കേതികവിദ്യ കിടക്കറയിൽ കടലാസിൽ വരച്ചു ചോർത്തിക്കൊടുത്തു എന്നൊക്കെയുള്ള സംഭ്രമജനകമായ വാർത്ത പടച്ചുവിട്ട സിംഹങ്ങളാണ് ഇപ്പോഴും കേരളത്തിൽ മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് എന്നതിന്റെ ബാക്കികൂടിയാണ് ഇതൊക്കെ. എല്ലാ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളും ഒടുവിൽ ഇത്തരം ക്ഷുദ്രബുദ്ധികളുടെ വാർത്താവിചാരണയിൽ ബോധിപ്പിച്ചു തുല്യം ചാർത്തിക്കിട്ടിയാലേ സാധൂകരിക്കപ്പെടൂ എന്ന തെറ്റിദ്ധാരണയാണ് മാറ്റേണ്ടത്. എന്തിനേയും ഒരു കാഴ്ചവസ്തു ആക്കി മാറ്റുക എന്നതിനെ ചെറുക്കുന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്ന് തിരിച്ചറിയണം.

കാർഷികമേഖലയും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും പറയാൻ കഴിയുന്ന, ആ മേഖലയിൽ ദശാബ്ദങ്ങളുടെ ശാസ്ത്രീയ ജ്ഞാനമുള്ള നിരവധിപേർ ഉണ്ടായിരിക്കെ, അവരെയൊന്നും വിളിക്കാതെ കൊറോണ വൈറസും സോണിയാഗാന്ധിയും ഇറ്റലിയിൽ നിന്നാണല്ലോ എന്ന അശ്ലീലം പറഞ്ഞു ചിരിച്ച ശങ്കരാചാര്യ പണിക്കർ ചർച്ചാവേദി ഉഴുതുമറിക്കുന്ന വാർത്താസംവാദ മുറികൾക്ക് ഒരു വിട്ടക്കുഴിയുടെ പ്രാധാന്യം പോലും നൽകേണ്ടതില്ല. മറ്റുള്ള വിദഗ്ധർ വിളിക്കപെടാത്തതിന്റെ മറ്റൊരു കാരണം അവർ ഈ കെട്ടുകാഴ്ചയ്ക്ക് പാകമാകുന്നില്ല എന്നതുകൂടി കൊണ്ടാണ്. അപ്പോൾ രാഷ്ട്രീയമുള്ള മാധ്യമങ്ങളിലെ വാർത്താവതാരകർ, തങ്ങളുടെ ഉടമയുടെ താത്പര്യത്തിനനുസരിച്ച് നടത്തുന്ന ചർച്ചകളെ അവസാനവാക്കായി എടുക്കേണ്ട ബാധ്യത ജനത്തിനില്ല എന്നുതന്നെ.

ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ വൺ ടി വിയിലെ അവതാരകൻ പുലർത്തുന്ന രാഷ്ട്രീയ സൂക്ഷ്മതയ്ക്ക് ആ സംഘടനയുടെ തീരുമാനത്തിനപ്പുറത്തുള്ള ഒരു വിശുദ്ധിയും കാണേണ്ടതില്ല. ജനങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ ബോധത്തിന്റെ രൂപപ്പെടലിനു മുകളിൽ തങ്ങളുടെ മൂലധന മേൽക്കൈ കൊണ്ട് കടുത്ത ആക്രമണമാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്. അതിനെ തുറന്നുകാണിക്കുക തന്നെ വേണം. തുടയ്ക്ക് പകുതിയിൽ മുണ്ടു മടക്കിക്കുത്തി, കൊമ്പൻ മീശ വെച്ച് തലേക്കെട്ട് കെട്ടി, കാൽവണ്ണയിൽ കുറ്റിരോമങ്ങളുമായി, ബീഡിയും വലിച്ചായിരുന്നു വിനു വി ജോൺ അപഹസിച്ച "തൊഴിലാളിയെ" മനോരമയും മാതൃഭൂമിയും വരച്ചുവെച്ചിരുന്നത്. കണ്ട പെലയന്റേം മൊളയന്റേം പാർടി എന്നായിരുന്നു ഓർത്തഡോക്സ് പ്രമാണിമാരടക്കമുള്ള മലയാളി മാന്യന്മാർ കമ്മ്യൂണിസ്റ്റ് പാർടിയെ വിളിച്ചിരുന്നത്. തമ്പ്രാനെന്നു വിളിപ്പിക്കും പാളേക്കഞ്ഞി കുടിപ്പിക്കും എന്നും, ചാക്കോ നാട് ഭരിക്കട്ടെ/ചാത്തൻ പൂട്ടാൻ പോകട്ടെ എന്നും വിളിച്ചത് ഈ മാന്യന്മാരുടെ സമരാവേശത്തിലാണ്. അന്ന് ആ അശ്ലീലത്തിനും ജാതിവെറിക്കും തൊഴിലാളിവിരുദ്ധതയ്ക്കും അച്ചുനിരത്തി ആറാപ്പ് വിളിച്ചവരാണ് മനോരമയും മാതൃഭൂമിയും നസ്രാണി ദീപികയുമൊക്കെ. അക്കൂട്ടത്തിലെ പുത്തൻകൂറ്റുകാരനാണ് ഏഷ്യാനെറ്റ്; ആവേശം കൂടുക തന്നെ വേണം. പക്ഷെ അതു കണ്ടും കേട്ടും ഏത്തമിടും കേരളം എന്ന് ധരിക്കരുത്.

ദൽഹി ഉപരോധിക്കും എന്നത് ഒരലങ്കാരമായാണ് കേൾക്കാറുള്ളത്. ഇന്നിപ്പോൾ പതിനായിരക്കണക്കിന് കർഷകർ ദൽഹി ഉപരോധിക്കുകയാണ്. മോദി ഭരണകൂടത്തിന്റെ മർദ്ദനങ്ങളെ അക്ഷരാർത്ഥത്തിൽ ചെറുത്തുതോൽപ്പിച്ചുകൊണ്ട് അവരെത്തിയിരിക്കുകയാണ്. ഈ സമരം തോൽക്കുകയോ ജയിക്കുകയോ ചെയ്യാം. പക്ഷെ ഒരു മാധ്യമപ്രഭുവും 'പ്രൈം ടൈം ഡിബേറ്റ്'‌ നൽകിയില്ലെങ്കിലും മനുഷ്യനുണരുമെന്നും ഒടുവിൽ അവർ നിങ്ങളുടെ കൊട്ടാരങ്ങൾ തേടി എത്തുമെന്നും അത്താഴത്തിന്റെ ബാക്കിക്കായി കാത്തുനിൽക്കാതെ പോരാളികളുടെ കയ്യിൽ തീകൊളുത്താനുള്ള പന്തങ്ങളുണ്ടാകുമെന്നും ഈ സമരം നമ്മോട് പറയുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് വാർത്താമുറികൾക്ക് പുറത്തുള്ള നരകത്തിന്റെ തീ മതി; നിങ്ങളുടെ സ്വർഗം ഞങ്ങൾക്ക് കത്തിക്കാൻ വേണ്ടി കാത്തുവെച്ചാൽ മതി.

Next Story

Popular Stories