Welfare Party UDF Alliance

ജമാഅത്ത് യുഡിഎഫ് വിട്ടു; പക്ഷേ അതൊരു മുത്തലാഖല്ല

അങ്ങനെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് വിട്ടു. ഇനി മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. അസ്സലായി! മതേതരത്വത്തിന് കാവല്‍ നില്‍ക്കാന്‍ മതരാഷ്ട്ര വാദികള്‍ തന്നെയാണ് വേണ്ടത്. ഹിന്ദുരാഷ്ട്ര വാദികള്‍ രാജ്യം ഭരിക്കുമ്പോള്‍, മതേതരത്വത്തെ ഖബറില്‍ക്കിടന്നും പുലഭ്യം പറയുന്ന മൗദൂദിയുടെ വിശുദ്ധസംഘം തന്നെ വേണം ജനാധിപത്യത്തെ സംരക്ഷിക്കാന്‍.

എന്തായാലും പത്തരമാറ്റ് ഗാന്ധിയന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കം സകല കോണ്‍ഗ്രസുകാരും ലീഗുകാരും ഒന്നായാണ് തങ്ങളെ ആനയിച്ചതും മൈലാഞ്ചിയിട്ടതും ഒപ്പന കളിച്ചതുമെന്ന് വിഷാദക്ഷോഭത്തോടെ വെല്‍ഫെയറുകാരന്‍ നേതാവ് ഓര്‍ക്കുന്നുണ്ട്. എന്നാലിത് നീക്കുപോക്കും സഖ്യവുമൊക്കെ കളഞ്ഞുള്ള മുതലാഖ് ആണെന്ന് കരുതാന്‍ വരട്ടെ. ഇത് കളിവേറെയാണ്. അത് കോണ്‍ഗ്രസിലെ മുല്ലപ്പള്ളി വിരുദ്ധ വിഭാഗവും ലീഗും ചേര്‍ന്നുണ്ടാക്കിയ പുതിയ തിരക്കഥയാണ്.

മതവര്‍ഗീയവാദികളുടെ കൂടെക്കൂടി വോട്ടു പോയതല്ലാതെ കിട്ടിയില്ല എന്നൊരു അണ്ണാന്‍ ദുഃഖം കോണ്‍ഗ്രസിനുണ്ട്. ലീഗാകട്ടെ സൗകര്യം പോലെ പ്രയോഗിക്കാന്‍ കയ്യിലുള്ള ഇസ്ലാമിക വര്‍ഗീയതയുടെ കുപ്പായമണിഞ്ഞപ്പോള്‍ യുഡിഎഫിന് നഷ്ടപ്പെട്ടത് മറ്റ് മതന്യൂനപക്ഷ വോട്ടുകളുമാണെന്ന് അറിയുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ തിരക്കിട്ട് സകലരും കൂടി ബിഷപ്പുമാരുടെ കൈമുത്തലും കാലുകഴുകല്‍ ശുശ്രൂഷയും നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ തത്ക്കാലം നിങ്ങള്‍ പുറത്തുപോകുന്നതായി ഭാവിച്ചോ, ബാക്കി നമുക്ക് സൗകര്യം പോലെ നോക്കാം എന്ന തിരക്കഥയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫ് സഖ്യം വിടുന്നത്.

അങ്ങനെ വെറുതെ പോയാല്‍ പോരല്ലോ. പോകുന്ന പോക്കിന് പടിപ്പുര പൊളിച്ചുപോണം ഉസ്താദിന്റെ ബാധ എന്നതുകൊണ്ട് കെപിസിസിയില്‍ പൊളിക്കാന്‍ പാകത്തിലുള്ള മുല്ലപ്പള്ളിപ്പുര പൊളിച്ചിട്ട് പോകാനാണ് തത്ക്കാലം മുല്ലപ്പള്ളിയിതര -ലീഗ് മന്ത്രവാദികളും വെല്‍ഫെയറുമായുള്ള കരാര്‍. വൈകുന്നേരം നേരിട്ട് പനയുടെ ചുവട്ടില്‍ എത്തിക്കോളാമെന്നും ഏലസ്സും നൂല്‍ബന്ധവുമില്ലാതെ കാണാമെന്നും ഏറ്റിട്ടുമുണ്ട്. കുഞ്ഞാപ്പക്കാണെങ്കില്‍ ഇത്തരം മന്ത്രവാദം ഒരു കോഴിമുട്ട പോലും ഊതാതെ നടത്താനുമറിയാം.

ഇനി വെല്‍ഫെയറിന്റെ കാര്യമാണ്. അവര്‍ക്കിത് പതിവുള്ള പണിയാണ്. വീണ്ടും ജമാഅത്തെ ഇസ്ലാമിയുടെ ‘പൊതു’ തട്ടിപ്പ് തുടങ്ങും. സാമ്രാജ്യത്വത്തെക്കുറിച്ചു ലേഖനമെഴുതാന്‍ ആളെ വിളിക്കാന്‍ പോയിട്ടുണ്ട്. ദളിത് സ്ത്രീകളും ദളിത് രാഷ്ട്രീയവും എന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പരസ്യപ്രചാരണ വിഭാഗം വളര്‍ത്തിയെടുക്കുന്ന പ്രത്യേക സ്‌കൂളില്‍ നിന്നും ആളെ വെച്ചെഴുതിപ്പിക്കും. പിന്നെ പതിവുപോലെ കഥ, കവിത, സിനിമ നിരൂപണം ഒക്കെയായി അങ്ങനെ പോകും. തത്ക്കാലം കടയുടെ മുന്നില്‍ ഹലാല്‍ സംവാദ, വ്യവഹാര പരസ്യമുണ്ടാകില്ല. പകരം ഫൂക്കോ ഈ വീടിന്റെ ഐശ്വര്യം എന്നുവരെ തൂക്കും. ഉത്തരാധുനികതയുടെ കുപ്പായങ്ങള്‍ക്ക് പകുതി വില കുറച്ചും കൊടുക്കും.

പക്ഷെ ഇതുകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടാന്‍ പോകുന്നില്ല. കാരണം പൊളിഞ്ഞു പാപ്പരായ ഒരു രാഷ്ട്രീയ മുന്നണിയുടെ വര്‍ഗീയ നാടകം കൂടിയായപ്പോള്‍ അന്തം വിട്ടു നില്‍ക്കാനുള്ള ശേഷിയെ അതിന്റെ സംഘടനാ സംവിധാനത്തിന് തത്ക്കാലമുള്ളൂ. പിന്നെ പള്ളി തിരിച്ചുപിടിച്ചു കൊടുത്താല്‍ മോദിക്ക് കുര്‍ബാന കൊടുക്കും എന്ന് പറഞ്ഞ മട്ടിലുള്ള ഒന്നാന്തരം കച്ചവടക്കാരാണ് ക്രിസ്ത്യന്‍ സഭകള്‍ എന്നതുകൊണ്ട് ആ വഴിക്ക് ചില കച്ചവടങ്ങള്‍ നടന്നുകൂടെന്നില്ല.

കോണ്‍ഗ്രസിന് കേരളത്തില്‍ പബ്ലിക് പോളിസി തലവന്‍ എന്നാണ് കഴിഞ്ഞയാഴ്ച്ചത്തെ ഫലിതബിന്ദു. നയരാഹിത്യമാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം അതിതോടെ തീര്‍ന്നു എന്ന് ചര്‍ക്കകളുടെ കടകടാരവങ്ങള്‍ക്കടയില്‍ നിന്നും ശുദ്ധാത്മാക്കള്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണ് പ്രശ്‌നം, നയമില്ലായ്മയല്ല. എന്തായാലും വിദഗ്ധരെക്കൊണ്ടാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ ചരിത്രപരമായ വീഴ്ചകളും അതിന്റെ പ്രതിസന്ധിയും പരിഹരിക്കേണ്ടതെന്ന് തോന്നിപ്പിക്കുന്നതുതന്നെ വില്‍പ്പനയുടെ തന്ത്രമാണ്.

ദുരന്തനിവാരണ വിദഗ്ധന്മാരല്ല പൊളിറ്റിക്കല്‍- ഇക്കോണമിയിലെ നാനാവിധ സംഘര്‍ഷങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും രാഷ്ട്രീയ ചര്‍ച്ചയിലെ അനിവാര്യതകളെന്ന് അവര്‍ സമ്മതിക്കില്ലെങ്കിലും നമുക്കൊരു ധാരണയുണ്ടാകണം. അതുപോലെത്തന്നെയാണ് പുതിയ പൊതുനയ വിദഗ്ധനും. തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കോണ്‍ഗ്രസിന് ഒരു ധാരണയുമില്ല എന്നതിന്റെ തെളിവുകൂടിയാണ് പുതിയ വിദഗ്ധ നിയമനം എന്നെ പറയാനുള്ളു.

എന്തായാലും ഉദാത്തമായ ഗ്രാമ്യ ശൈലിയില്‍ പറഞ്ഞാല്‍ കാറ്റുള്ളപ്പോള്‍ തൂറ്റുന്ന എല്ലാ ആഗോള മലയാളി വിദഗ്ധര്‍ക്കും ആശംസകള്‍. ആട്, തേക്ക്, മാഞ്ചിയം, വെള്ളിമൂങ്ങ, മാന്ത്രിക ഭരണി, ഓണ്‍ലൈന്‍ വായ്പ, ശ്രീജിത്ത് പണിക്കര്‍ തുടങ്ങി എന്തും ചെലവാകുന്ന നാടാണ് കേരളം. ധൈര്യമായി മുന്നോട്ടുപോകൂ. പിടിക്കപ്പെടുമ്പോഴേക്കും തടിയൂരാനുള്ള വകയുണ്ടാക്കാമെന്നത് ഉറപ്പാണ്. ഭാവുകങ്ങള്‍ ! (മതേതര വെല്‍ഫെയറിനും)

Latest News