Abhaya Case

ഇനി വിചാരണ ചെയ്യേണ്ടത് സഭയെന്ന മാഫിയ സംഘത്തെ

അഭയ കേസിൽ ഒരു ക്രിസ്ത്യൻ പാതിരിയായ തോമസ് കോട്ടൂരും, കന്യാസ്ത്രീയായ സെഫിയും കൊലപാതക്കുറ്റത്തിന് ശിക്ഷാർഹരാണെന്ന കോടതി വിധി 28 വർഷങ്ങൾക്കിപ്പുറം വരുമ്പോൾ നീതി ഒരു ചെറിയ പഴുതിലൂടെ ഒന്നെത്തിനോക്കുകയാണ് ചെയ്യുന്നത്. ഇനിയും നീണ്ടുകിടക്കുന്ന മേൽക്കോടതി അപ്പീലുകളും അതിലെ വിധികളുമൊക്കെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ രാവണൻകോട്ടയിൽ നിന്നും പുറത്തുവരുമ്പോൾ എന്താകുമെന്ന് കണ്ടറിയണം. എന്നാൽ മനുഷ്യായുസ്സിനെ അപഹസിക്കും വിധത്തിൽ വൈകിവന്നതെങ്കിലും അഭയാകേസിലെ വിധി ക്രിസ്ത്യൻ സഭയെന്ന മാഫിയാ സ്ഥാപനത്തിന്റെ ഒരരികെങ്കിലും മനസിലാക്കാൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കേണ്ടതാണ്.

1992 മാർച്ച് 27-നു പുലർച്ചക്ക് അഭയ കൊല്ലപ്പെട്ടതിന് ശേഷം അതിനെ കേവലം ആത്മഹത്യയാക്കി ചിത്രീകരിക്കാനും അഭയയേയും കുടുംബത്തെയും മാനസിക രോഗികളായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളടക്കം തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷിമൊഴികൾ തിരുത്തിക്കുന്നതിനും പൊതുസമൂഹത്തെ വഞ്ചിക്കുന്നതിനുമായി ഈ കള്ളപ്പാതിരിക്കൂട്ടം നടത്തിയ സങ്കീർണ്ണമായ കുറ്റകൃത്യ പരമ്പര ശിക്ഷിക്കപ്പെടാതെ പോവുകയാണ്.

അഭയ കൊല്ലപ്പെട്ട അന്ന് പുലർച്ച, അഭയയെ കാണാനില്ല എന്ന വിവരം പയസ് ടെൻത് കോൺവെന്റിലെ പാചകക്കാരികളും മറ്റ് കന്യാസ്ത്രീ അന്തേവാസികളും അതി രാവിലെ അഞ്ചു മണിയോടെ അറിയുകയും തെരച്ചിൽ നടത്തുകയും അഭയയുടെ ഒട്ടകച്ചെരുപ്പും തുറന്നുകിടക്കുന്ന ഫ്രിഡ്ജിന്റെ വാതിലും അടഞ്ഞ വാതിലിൽ കുരുങ്ങിയ ശിരോവസ്ത്രവും ഒക്കെ കണ്ടതിനു ശേഷവും കന്യാസ്ത്രീകളോട് പതിവ് പ്രാർത്ഥനയ്ക്ക് ആറുമണിക്ക് പൊയ്‌ക്കൊളാൻ പറഞ്ഞ കോൺവെന്റ് ചുമതലയുള്ള മുതിർന്ന കന്യാസ്ത്രീയുടെ ഭക്തിയിൽ തുടങ്ങുന്നു അട്ടിമറി.

ഇതിനുശേഷവും പോലീസിനെ അറിയിക്കാതെ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മൈക്കിളിന്റെ വീട്ടിൽ പോയാണ് മഠം അധികൃതർ വിവരങ്ങൾ പറയുന്നത്. ഇതേ മൈക്കിൾ പിന്നീട് കേസിലെ നിർണ്ണായക ഫോറന്‍സിക്‌ തെളിവുകൾ നശിപ്പിച്ചുകളഞ്ഞു എന്നുകൂടി കൂട്ടി വായിക്കണം. ഒരു അസ്വാഭാവിക മരണസ്ഥലത്ത് തയ്യാറേക്കേണ്ട സ്ഥല പരിശോധന വിവരണങ്ങൾ പോലും ലോക്കൽ പൊലീസ് തയ്യാറാക്കിയില്ല. കിണറ്റിലാണ് അഭയയുടെ മൃതദേഹം എന്ന് കോൺവെന്റ് അധികൃതർക്കും അവർ അതിനകം വിവരങ്ങൾ അറിയിച്ച ‘വേണ്ടപ്പെട്ടവർക്കും’ അറിയാമായിരുന്നതുകൊണ്ട് കിണറ്റിൽ നീളൻ കോലിട്ട് കുത്തിനോക്കിയിരുന്നു പൊലീസ് എത്തും മുമ്പേ. 10 മണിക്ക് ശേഷം മാത്രമാണ് ഫയർ ഫോഴ്‌സിന് വിവരം കിട്ടി എത്തിയതും മൃതദേഹം കിണറിനു പുറത്തെടുക്കുന്നതും.

എന്നാൽ ലോക്കൽ പൊലീസ് 9 മണിക്ക് തന്നെ മൃതദേഹ പരിശോധനയുടെ വിവരങ്ങൾ പൂർത്തിയാക്കിയിരുന്നു! അവിടെ നിന്നും തുടങ്ങി സഭയ്ക്കുവേണ്ടിയുള്ള പൊലീസിന്റെ ദീർഘദൃഷ്ടി. താൻ പുറത്തെടുത്ത അഭയയുടെ മൃതദേഹത്തിൽ അടിവസ്ത്രങ്ങൾ ഇല്ലായിരുന്നു എന്ന് ഫയർമാൻ ഗോപിനാഥപിള്ളയുടെ മൊഴിയുണ്ട്. പക്ഷെ പൊലീസ് ഇന്‍ക്വസ്റ്റില്‍ അടിവസ്ത്രങ്ങളടക്കമാണ് അഭയയുടെ മൃതദേഹം. അതായത് തെളിവുകളായി അഭയയുടെ അടിവസ്ത്രങ്ങൾ കന്യാസ്ത്രീകളിൽ ചിലർ എത്തിച്ചുകൊടുത്തു എന്നർത്ഥം.

തുടർന്നങ്ങോട്ട് സഭ നടത്തിയ ഉന്നതതല ഇടപെടലുകൾ അഭയകേസിനെ കൂടുതൽ കൂടുതൽ ദുർബലമാക്കിക്കൊണ്ടിരുന്നു. ആത്മഹത്യയെന്ന് കേരള പൊലീസ്, ക്രൈംബ്രാഞ്ച് അടക്കം സഭ എഴുതിക്കൊടുത്ത സുവിശേഷത്തിൽ തുല്യം ചാർത്തിയപ്പോൾ, കൊലപാതകം തന്നെ പക്ഷെ കുറ്റവാളികളെ കണ്ടെത്താൻ ഇനിയാകില്ല എന്നായിരുന്നു സിബിഐയുടെ ആദ്യ നിലപാട്. കേസിൽ ഇപ്പോൾ കൊലപാതകിയെന്നു കണ്ട ക്രിസ്ത്യൻ പാതിരി തോമസ് കോട്ടൂർ, കോട്ടയം അതിരൂപത ചാൻസലറായി മാറി. സഭയെന്ന മാഫിയ സംഘത്തെ നയിക്കാൻ അയാളോളം യോഗ്യൻ വേറാരുണ്ട്! പ്രതിയായ മറ്റൊരു പാതിരി ജോസിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത് കോൺവെന്റിലെ അന്നത്തെ രാത്രി കാവൽക്കാരിയുടെ മൊഴിയിൽ സമയം രേഖപ്പെടുത്തിയില്ല എന്ന സാങ്കേതിക കാരണം കൊണ്ടുമാത്രമാണ്.

ഒടുവിലിപ്പോൾ വിചാരണ കോടതി പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുമ്പോൾ യഥാർത്ഥത്തിൽ ഒരു പൊതുസമൂഹം എന്ന നിലയിൽ കേരളം കുറ്റക്കാരെന്ന് വിധിക്കേണ്ടത് ഈ കേസിനെ അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടത്തിയ ക്രിസ്ത്യൻ സഭയെയാണ്. കേരളം സമൂഹത്തിൽ ഇത്രയേറെ അധികാര സ്വാധീനം തങ്ങളുടെ വ്യാപാര, മത വ്യവഹാരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മറ്റൊരു സംഘടിത സംഘമില്ല എന്നുതന്നെ പറയാം. വിശ്വാസികളായ പാവപ്പെട്ട മനുഷ്യരുടെ അജ്ഞതയേയും ദാരിദ്ര്യത്തേയും ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ നാനാവിധ വ്യാപാരങ്ങളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം, അടിമപ്പണി ചെയ്യിക്കാനും കള്ളപ്പാതിരിമാരുടെ കാമപ്പേക്കൂത്തുകൾക്കുമായി പെൺകുട്ടികളെ, മിക്കവാറും പ്രായപൂർത്തിയാകാത്ത സമയത്തുതന്നെ, കന്യാസ്ത്രീ മഠങ്ങളിലേക്ക് തന്നെ അടിമകളാക്കി അയക്കാൻ ഇനി തങ്ങൾ തയ്യാറല്ലെന്ന തീരുമാനം ക്രിസ്ത്യാനികൾ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ കള്ളപ്പാതിരിക്കൂട്ടത്തെയും സഭയെന്ന മാഫിയാസംഘത്തെയും പൊതുവഴിയിൽ വിചാരണചെയ്യാൻ കേരള സമൂഹം ഇനിയും വൈകിക്കൂട.

Latest News