Top

ഫാസിസം കഴുകാനെടുത്തിട്ട ജനാധിപത്യത്തിന്റെ ഓര്‍മ്മകള്‍

1 Oct 2020 1:52 AM GMT
പ്രമോദ് പുഴങ്കര

ഫാസിസം കഴുകാനെടുത്തിട്ട ജനാധിപത്യത്തിന്റെ ഓര്‍മ്മകള്‍
X

ഇതുപോലൊരു കാലത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ബെര്‍ലിനിനടുത്തുള്ള സാക്സൻഹൌസൻ (Sachsenhausen) എന്ന നാസി തടങ്കല്‍ പാളയം സന്ദര്‍ശിച്ചത്. ഇന്നിപ്പോള്‍ ജനാധിപത്യം ഏതോ ഭൂതകാല തമാശയായി മാറുന്ന ഇന്ത്യയില്‍ തടങ്കല്‍ പാളയത്തിലേക്കുള്ള വഴിക്കിരുവശവും കനം വെച്ച മുഖങ്ങളുമായി കാവല്‍ നില്‍ക്കുന്ന ഒരു ഭാവി നമുക്ക് ഇവിടെ തെളിയുന്നുണ്ട്. അങ്ങനെയൊക്കെ സംഭവിക്കുമോ? ഇല്ലെന്നാണ് ഒടുവില്‍ വരെയും എല്ലാവരും എന്നും കരുതിയത്. അവസാനത്തെ കിളിയും പറന്നുപോകും വരെയും നമുക്കുണരാന്‍ ഒരു പ്രഭാതമുണ്ടാകും എന്ന് ധരിച്ച ആദ്യത്തെ ജനതയല്ല നമ്മളും. സാക്സൻഹൌസനിലെ റഷ്യന്‍ തടവുകാരന്‍ മാര്‍ക് തിലെവിച് പറഞ്ഞപോലെ, 'ഞങ്ങളുടെ ഏറ്റവും ഭീകരമായ ദുഃസ്വപ്നങ്ങളില്‍ പോലും ഞങ്ങളെ കാത്തിരുന്നത് ഞങ്ങള്‍ സങ്കല്പിച്ചിരുന്നില്ല.

ആദ്യത്തെ രാത്രി തന്നെ പൊടുന്നനെ അധികം അകലെയല്ലാതെ ഒറ്റയൊറ്റ വെടിശബ്ദങ്ങള്‍ ഞങ്ങള്‍ കേട്ടു. തടവുകാരുടെ ശവശരീരങ്ങള്‍ക്ക് മുകളിലൂടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത ആരെയും അവിടെത്തന്നെ വെടിവെച്ചിടുമെന്നും മനസിലായി. ദിവസങ്ങളോളം ഇങ്ങനെത്തന്നെ തുടര്‍ന്നു, ഒരു 'മരണ യാത്ര'. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവര്‍ എടുത്തുമാറ്റുന്നുണ്ടായില്ല, ഞങ്ങളുടെ സഖാക്കളുടെ മൃതദേഹങ്ങള്‍ ചവിട്ടി ഞങ്ങള്‍ക്ക് നടക്കേണ്ടി വന്നു, ഭീകരമായ യാത്ര…..' ആ യാത്ര അവസാനിച്ചിട്ടില്ലെന്ന് ആയിരക്കണക്കിനാളുകള്‍കളെ കൊന്നൊടുക്കിയ ഹിന്ദുത്വ ഭീകരവാദികള്‍ കുറ്റവിമുക്തരാക്കപ്പെട്ട ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സാക്സൻഹൌസൻ തടങ്കല്‍ പാളയത്തില്‍ നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരന്തേവാസിയുടെ വാക്കുകള്‍ നാം ഓര്‍ത്തുകൊണ്ടേയിരുന്നു. അവിടെയാണ് മാർട്ടിൻ നീമൊള്ളർ തടവിലായിരുന്നത്. ഒടുവില്‍ നിങ്ങളെ തേടിവരുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല എന്നോര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കുന്ന മരണപാളയങ്ങള്‍ ഞങ്ങളെ ഒന്നും പഠിപ്പിച്ചില്ലല്ലോ എന്ന് നാമോര്‍ക്കുന്നു.

മനുഷ്യര്‍ വരിവരിയായി നടന്നുകയറിയ മരണത്തിന്റെ പുകമുറികള്‍. എല്ലും പല്ലും ചാരവുമൊക്കെ ഒരു ബുദ്ധിമുട്ടുമില്ലാതെ സ്വാഭാവികമായി നീക്കം ചെയ്തുകൊണ്ടിരുന്ന നൂറുകണക്കിന് നാസി സൈനികര്‍. സാക്സൻഹൌസനിലെ ബാരക്കുകളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മചിത്രങ്ങള്‍. അവര്‍ നഖങ്ങളും ചെറുകരണ്ടികളും കൊണ്ട് ചുവരില്‍ കോറിയിട്ട ജീവന്റെ പാട്ടുകള്‍. നാസി ഡോക്ടര്‍മാര്‍ പരീക്ഷണങ്ങള്‍ക്കായി ശേഖരിച്ച തടവുകാരുടെ പല്ലുകള്‍, മുടി, തൊലി. പതിനായിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ട തടങ്കല്‍പ്പാളയത്തിന്റെ നിശബ്ദതയില്‍ നിന്നും ഹിന്ദുത്വ ഭീകരതയുടെ പുതിയ സ്വാഭാവികതയിലെ ഈ രാജ്യത്തിന്റെ നിശബദതയിലേക്കുള്ള ദൂരം ചരിത്രത്തിന്റെ ഒരു പാതിരാവ് മാത്രമാണ്.

നമ്മുടെ ഓര്‍മ്മയും, ബോധവും ഹിന്ദുത്വ ഫാഷിസം കഴുകാനെടുത്തിരിക്കുന്നു. ആയിരക്കണക്കിന് സംഘപരിവാറുകാര്‍ ആസൂത്രിതമായി ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ്മ ഇന്ന് കഴുകിക്കളഞ് നമ്മുടെ തലച്ചോര്‍ ഉണക്കാനിട്ടിരിക്കുന്നു. കാവി പൂശിയ തെരുവുകളില്‍ പുതിയ ഓര്‍മ്മകള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. പാകമായത് വാങ്ങി പകര്‍ത്തുകയേ വേണ്ടു.

അര്‍ദ്ധരാത്രിയില്‍ വാതിലില്‍ ആരോ മുട്ടുന്നു. പുറത്ത് ബൂട്ടുകളുടെ ശബ്ദം. അയാളുറപ്പിച്ചു, ഇതെന്നെ കൊണ്ടുപോകാന്‍ വന്നതായിരിക്കും. നീണ്ട ശ്വാസമെടുത്തു. ഒരു വലിയ നിലവിളി ഉള്ളില്‍ ചുറ്റിത്തിരിഞ്ഞു. വാതില്‍ തുറന്നപ്പോള്‍ കരുതിയ പോലെ നിങ്ങളെ തടവിലാക്കിയിരിക്കുന്നു, രാജ്യദ്രോഹം, വിചാരണ, ശിക്ഷ എന്നൊക്കെ അയാള്‍ യന്ത്രം പോലെ കേട്ടു. പെട്ടന്നാണ് ശ്രദ്ധിച്ചത്. ആ കടലാസില്‍ വിലാസം തെറ്റാണ്. അത് അയല്‍ക്കാരന്റെ വിലാസമാണ്. അത് താനല്ല, താനല്ല. അയാള്‍ സൈനികരോട് ഉറക്കെപ്പറഞ്ഞു. ഇത് ഞാനല്ല, ഇതിലെ ശരിയായ കക്ഷിയെ ഞാന്‍ കാണിച്ചു തരാം. അയല്‍ക്കാരന്റെ വീട്ടിലേക്കുള്ള ഗോവണി കയറുന്നതിനിടയില്‍ അയാള്‍ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്നും, പ്രതിഷേധക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും രോഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍ നിങ്ങള്‍ കരുതുന്നത് നിങ്ങളായിരിക്കും അടുത്ത വാതിലില്‍ മുട്ട് കേള്‍ക്കാന്‍ പോകുന്ന അയല്‍ക്കാരന്‍ എന്നല്ലേ. ക്ഷമിക്കണം സുഹൃത്തേ, അല്ല. നിങ്ങളിപ്പോള്‍ ആ ഗോവണി കയറുന്ന ക്ഷുഭിതനായ പൗരനാണ്.

Next Story

Popular Stories