ജമാഅത്തെ ഇസ്ലാമി: പാര്‍ലമെന്റിനെ നരകത്തിന്റെ സിംഹാസനമായി കണ്ടവരുടെ ‘മതേതരത്വം’

ഇപ്പോള്‍ മൗലാനാ മൗദൂദിക്ക് വരെ സംശയമായി, ഇനിയിപ്പോ താനൊരു മതേതരനാണോ എന്ന്. മൗദൂദി കേരളം വഴിയൊന്നും പോകണ്ട, പോയാല്‍ നെഹ്റുവിന്റെ കൂടെ ചേര്‍ത്തുനിര്‍ത്തി സെല്ഫിയെടുത്തുകളയും കോണ്‍ഗ്രസുകാര്‍. മതേതരത്വത്തെ ജമാ അത് ഇസ്ലാമിയും മൗദൂദിയും ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. ഭരണഘടന തങ്ങള്‍ക്ക് ബാധകമല്ലെന്നും മനുഷ്യരുണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയില്ലെന്നും കരുതിയ സംഘമാണ്. മത ന്യൂനപക്ഷങ്ങളോട് ഗോള്‍വാര്‍ക്കറും ആര് എസ് എസും എടുത്ത അതെ നിലപാടാണ് തങ്ങളുടെ പക്ഷത്തുനിന്നും മൗദൂദിയും ജമാ അത് ഇസ്ലാമിയും എടുത്തത്. പാര്‍ലമെന്റിനെ നരകത്തിന്റെ സിംഹാസനമായി (താഖൂത്) കണ്ടവരാണവര്‍.
മൗദൂദിയുടെയും ജമാ അത് ഇസ്ലാമിയുടെയും രാഷ്ട്ര സങ്കല്പം എന്താണ്?
അള്ളായുടെ പരമാധികാരമുള്ള അല്‍ ഹക്കീമിയയാണ്. പുതിയ ജഹിലിയ്യ-യാണ്, അജ്ഞാനമാണ് അയാളെ സംബന്ധിച്ച് ആധുനിക കാലം. അയാളുടെ രാഷ്ട്ര സങ്കല്‍പ്പത്തില്‍ പ്രവാചകന്റെ വാക്കുകളെ ആധാരമാക്കിയാണ് ഭരണം. ജനാധിപത്യം എന്ന സങ്കല്‍പ്പനത്തോട് തനിക്ക് യോജിപ്പില്ലെന്നും അത് ദൈവനിഷേധമാണെന്നും പലപ്പോഴായി പറഞ്ഞ മൗദൂദിയെ വെച്ചാണ് കോണ്‍ഗ്രസിന്റെ മതേതര പ്രഹസനം. ജഹിലിയ്യ എന്നാല്‍ ഇസ്ലാമിന് മുമ്പുള്ള അജ്ഞതയുടെയും അന്ധകാരത്തിന്റെയും കാലം എന്നാണ് ഇസ്ലാമിക വ്യാഖ്യാനം. മൗദൂദി പറയുന്നത് രണ്ടുതരം ജഹിലിയ്യ ഉണ്ടെന്നാണ്; ഒന്ന് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടുള്ളതും രണ്ടാമത് പടിഞ്ഞാറന്‍ ആധുനികതയുടെ ഫലമായുണ്ടായതും. ആദ്യത്തേത് സംഭവിക്കുന്നത് ഇസ്ലാമിന്റെ വഴിയില്‍ നിന്നും മാറിപ്പോയ ‘കാഫിര്‍ ഭരണകൂടവും’ ‘കാഫിര്‍ സമൂഹവും’ മൂലമാണ്. രണ്ടാമത്തേതാണ് പടിഞ്ഞാറന്‍ ആധുനികതയുടെ ആക്രമണം മൂലം ഉണ്ടാകുന്നത്.
ഇനി, പടിഞ്ഞാറന്‍ ആധുനികത ഉണ്ടാക്കുന്ന അജ്ഞാനാന്ധകാരം എന്താണെന്നല്ലേ? മൗദൂദി പറയുന്നത് മതേതരത്വവും മതത്തെയും ഭരണകൂടത്തെയും സര്‍ക്കാര്‍, സമൂഹം,വിദ്യാഭ്യാസം, ശാസ്ത്രം എന്നിവയില്‍ നിന്നും വേര്പ്പെടുത്തിയതുമാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ സര്‍വ്വമത സമാജമൊന്നുമല്ല മൗദൂദിയുടെ പരിഹാരം. ഇസ്ലാമിക ശരിയാ നിയമവും, ഖുര്‍ആനും ഹാദീതുകളും അനുസരിച്ചുള്ള ഒരു ഭരണക്രമമാണ് ഇതിനു പരിഹാരം. ദേശീയതയോടുള്ള മൗദൂദിയുടെ എതിര്‍പ്പ് സാര്‍വ്വദേശീയ മാനവികതയുടെ ഉത്തമ വിചാരത്തില്‍ നിന്നല്ല, മറിച്ച് അധമമായ മത സങ്കുചിത വാദത്തില്‍ നിന്നാണ്. കാഫിറുകള്‍ക്കും ബഹുദൈവ വിശ്വാസികള്‍ക്കുമൊപ്പം മൗദൂദി ദേശ-രാഷ്ട്രങ്ങളെയും എതിര്‍ക്കുന്നത് അത് അള്ളായുടെ പരമാധികാരത്തെയും പ്രവാചകന്റെ ആധികാരികതയേയും അംഗീകരിക്കുന്നവയല്ല എന്നതുകൊണ്ടാണ്. ആധുനിക ദേശ രാഷ്ട്രങ്ങളെ ഇസ്ലാമിക ഭരണക്രമത്തിന് കീഴിലാക്കുക എന്നതാണ് മൗദൂദിയുടെ ലക്ഷ്യം. മൗദൂദിയുടെ ശൂറ (ശൂറ-ജനസഭ) മുസ്ലീങ്ങളുടെ സഭയാണ്. അള്ളായുടെ പരമാധികാരവും പ്രവാചകന്റെ ദൂതവചനങ്ങളും അംഗീകരിക്കുന്നവര്ക്കുള്ളതാണ്. മൗദൂദി ഇതിനെ തിയോ ഡെമോക്രസി ആയിട്ടാണ് കാണുന്നത്.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മറ്റൊരു അന്താരാഷ്ട്ര സംഘടനാ രൂപമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ഹസന്-അല്‍-ബന്നയും (1906-1949) ഇതേ തരത്തിലുള്ള കടുത്ത മതേതര, ജനാധിപത്യ വിരുദ്ധതയുടെ പ്രചാരകരാണ്. ലോകത്തെ എല്ലാ മുസ്ലീങ്ങളും ഒരൊറ്റ ദേശക്കാരാണ്-ഇസ്ലാമിക ദേശക്കാരാണ് എന്ന് ബന്ന കരുതുന്നു. ബന്ന പറയുന്നു, ‘ഇസ്ലാം വിശ്വാസവും ആരാധനയുമാണ്, മാതൃഭൂമിയും രാജ്യവുമാണ്, എല്ലാ മുസ്ലീങ്ങളും ഒരൊറ്റ ദേശക്കാരാണ്, മാതൃഭൂമി ഇസ്ലാമിക രാഷ്ട്രമാണ്’. (കൂടുതല്‍ വ്യക്തതയ്ക്ക് സവര്‍ക്കറുടെ പുണ്യഭൂമി സങ്കല്പവും ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്ര വ്യാഖ്യാനവും നോക്കിയാല്‍ മതിയാകും) ആദ്യ തലമുറ മുസ്ലീങ്ങള്‍ സ്ഥാപിച്ച ഇസ്ലാമിക മത സമുദായമാണ് ബന്നയുടെ ആദര്‍ശലോകം. മതേതരത്വം മാറ്റി ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാന്‍ ബന്ന ആഹ്വാനം ചെയ്യുന്നു. ഇസ്ലാമിക് ഖിലാഫത് സംവിധാനം തിരികെക്കൊണ്ടുവരലാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ലക്ഷ്യമെന്ന് 1938-ല്‍ സംഘടനയുടെ അഞ്ചാം കോണ്‍ഗ്രസില്‍ ബന്ന വ്യക്തമാക്കി. വേറൊരു നിയമവും ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇഹലോകത്തിനും പരലോകത്തിനുമായുള്ള നിയമങ്ങളൊക്കെ ഖുര്‍ആന്‍-ശരിയാ പ്രകാരം ഉണ്ടെന്നും ബന്ന പ്രഖ്യാപിച്ചു.
മുസ്ലിം ബ്രദര്‍ഹുഡിന്റെ അടുത്ത തലമുറ നേതാവ് സയ്യിദ് കുതുബ് മൗദൂദിയുടെ ആധുനിക ജഹിലിയ്യ-യുടെ ആളായിരുന്നു. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നതൊക്കെ അങ്ങേര്‍ക്കും വലിയ അസ്വസ്ഥതയുണ്ടാക്കിയ കാര്യങ്ങളായിരുന്നു. പുരാതന ഗ്രീസ് മുതല്‍ യൂറോപ്യന്‍ നവോത്ഥാന കാലവും ജ്ഞാനോദയ കാലഘട്ടവും ഫ്രഞ്ച് വിപ്ലവവും അടക്കമുള്ള എല്ലാ യൂറോപ്യന്‍ ധാരകളേയും കുതുബ് ഈ ജഹിലിയ്യ പരമ്പരയില്‍ ഉള്‍പ്പെടുത്തി. ഇതിനൊക്കെ പരിഹാരമായി അയാള്‍ കണ്ടത്, ‘മനുഷ്യരില്‍ നിന്നും അധികാരം പിടിച്ചെടുത്ത് അള്ളായ്ക്ക് നല്‍കണം ‘ എന്നാണ്. (സര്‍വ്വശക്തനായ അള്ളായ്ക്ക് അത് നേരിട്ട് ചെയ്തുകൂടെ എന്ന് ചോദിക്കരുത്, രസച്ചരട് പൊട്ടിക്കരുത്). അള്ളായുടേതല്ലാത്ത എല്ലാ നിയമങ്ങളെയും മുസ്ലീങ്ങള്‍ തള്ളിപ്പറയണമെന്നും അള്ളായുടെ പരമാധികാര ദേശത്തിനായി ജഹിലിയ്യയെ ഉന്മൂലനം ചെയ്യാന്‍ നേരിട്ടുള്ള ജിഹാദില്‍ ഏര്‍പ്പെടണമെന്നും കുതുബ് ആവശ്യപ്പെടുന്നു.
സുഡാനില്‍ ഇസ്ലാമിക് ഭരണത്തിന്റെ വക്താവായ ഹസന് തുറാബിയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിലെ മറ്റൊരു പ്രമുഖന്. മതേതരത്വത്തോടുള്ള തന്റെ എതിര്‍പ്പ് ഒരു മറയുമില്ലാതെ തുറാബി പറയുന്നുണ്ട്. അതായത് മതമാണ്, ഇസ്ലാം മതമാണ് ഭരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ആധാരം. മുസ്ലീങ്ങള്‍ക്ക് മാത്രമാണ് അതിനുള്ള പ്രാതിനിധ്യാവകാശം. അതായത് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് പറയുന്ന സാധനം കടുത്ത മതവര്‍ഗീയതയും മറ്റൊരു തരത്തിലുള്ള ചിന്താധാരയേയും ജനാധിപത്യത്തെയും മതേതരത്വത്തേയും അനുവദിക്കാത്ത ആശയഗതികള്‍ വെച്ചുപുലര്‍ത്തുന്ന ഒരു കാഴ്ച്ചപ്പാടാണ്, രാഷ്ട്രീയമാണ്. അതിനെ എത്രയൊക്കെ മതേതരമാക്കാന്‍ ശ്രമിച്ചാലും സംഘപരിവാറിന്റെയും ഹിന്ദുത്വ ഭീകരവാദത്തിന്റെയും ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തിന്റെയും മറ്റൊരു മതഭാഷയാണ് ജമാ അത് ഇസ്ലാമിയും അതുപോലുള്ള പൊളിറ്റിക്കല്‍ ഇസ്ലാം സംഘങ്ങളും. മുസ്ലിം ലീഗ് ഒരു വര്‍ഗീയ കക്ഷിയല്ല എന്ന് സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നതുതന്നെ കൂടിയ വിഷങ്ങളായ ഇത്തരം സംഘടനകളെ ചൂണ്ടിക്കാട്ടിയാണ്.
ഇത്രയൊക്കെ പടിഞ്ഞാറന്‍ വിരുദ്ധത പറയുമെങ്കിലും മുതലാളിത്ത വ്യവസ്ഥിതിയേയോ അതിന്റെ ചൂഷണത്തെയോ ഒന്നും മുറിപ്പെടുത്തുന്ന ഒന്നും ഇവര്‍ ലോകത്തെവിടെയും ചെയ്തിട്ടില്ല. മറിച്ച് അമേരിക്കയുടെ കയ്യാളുകളായി നിന്നുകൊണ്ട് അറബ് രാജ്യങ്ങളിലും ആഫ്രിക്കയിലുമൊക്കെ കമ്മ്യൂണിസ്റ്റുകാരെയും മതേതര സര്‍ക്കാരുകളെയും അട്ടിമറിക്കുകയായിരുന്നു ഇവരുടെ കരാര്‍പ്പണി. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയെ കൊന്നു കെട്ടിത്തൂക്കിയപ്പോള്‍ വിസ്മയം പോലെ താലിബാന് എന്ന് കേരളത്തില്‍ മാധ്യമം പത്രം പുളകം കൊണ്ടത്. പൊതുസമൂഹത്തെ കബളിപ്പിച്ചുകൊണ്ടുള്ള ‘പൊതു’ നിലനില്‍പ്പാണ് തന്ത്രം. എത്ര ലജ്ജാരഹിതമായ അവസരവാദത്തിനും ഈ വിശുദ്ധ ജീവിതാധാരികള്ക്ക് മടിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ മുന്നാക്ക സംവരണത്തിനെതിരായ വിപ്ലവാഹ്വാനങ്ങള്ക്കൊണ്ട് ഇളകിമറിഞ്ഞിരുന്ന മൗദൂദികള്‍ യുഡിഎഫുമായുള്ള സഖ്യത്തിന് ശേഷം അത് മിണ്ടിയില്ല. മുന്നാക്ക സംവരണത്തെ പിന്തുണയ്ക്കുന്ന യുഡിഎഫ്/കോണ്‍ഗ്രസ് മുന്നണിയില്‍ സ്വതന്ത്രരായി വെല്‍ഫെയറുകാര്‍ സന്തുഷ്ടരായി. ജനങ്ങളോട് സ്വന്തം രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ മുന്നാക്ക സംവരണവും ബ്രാഹ്മിണിക് ഹിംസയും മറന്നുപോയി. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇടതു ബ്രാഹ്മിണിക് ഹിംസയുമായി ഉടനടി അടുത്ത രംഗം തുടങ്ങുന്നതാണ്.
ഇതാണ് കേരളത്തില്‍ മതേതരരായ ജമാ അത് ഇസ്ലാമിയുടെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും ഒരു പൊതുരീതി. ഈ മതവര്ഗീയവാദികളെയാണ്, ജനാധിപത്യ വിരുദ്ധരെയാണ്, അവസരവാദികളെയാണ് മതേതരത്വത്തിന്റെ സാക്ഷ്യപത്രം കൊടുത്ത് വിശുദ്ധരാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിമോചന സമരകാലം മുതല്‍ക്കിങ്ങോട്ട് കോണ്‍ഗ്രസ് സ്വീകരിച്ച ഈ നയങ്ങളുടെ ബാക്കി കൂടിയാണ് ഇന്നത്തെ കേരളത്തിന്റെ മതസാമുദായിക രാഷ്ട്രീയത്തിന്റെ ഭീഷണി. മുസ്ലീങ്ങളെല്ലാം മതേതര വിരുദ്ധരും പൊളിറ്റിക്കല്‍ ഇസ്ലാം പൊക്കിപ്പിടിക്കുന്ന മതരാഷ്ട്രവാദക്കാരുമാണെന്ന മട്ടില്‍ മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശമെടുത്തുള്ള ഇസ്ലാമോഫോബിക് വിളിയൊന്നും കാര്യമാക്കേണ്ടതില്ല. ഒരു ജമാ അത് ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മത വര്‍ഗ്ഗീയവാദി രാഷ്ട്രീയവുമില്ലാതെ മതേതര ജനാധിപത്യ സമൂഹത്തിനായി വ്യക്തിപരമായ മതവിശ്വാസമോ ദൈവവിശ്വാസമോ നോക്കാതെ പൊരുതുന്ന മഹാഭൂരിപക്ഷം മുസ്ലീങ്ങളും ഹിന്ദുക്കളും ഒക്കെയാണ് ഈ നാട്. അവിടെയാണ് ആര് എസ് എസും ജമാ അത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ പരത്തുന്ന വിഷം. അതിനു കരാര്പ്പണിയെടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം കണക്കു പറയേണ്ടിവരും.