കർഷകർക്കൊപ്പം ഇരിക്കൂ, അവർക്ക് പറയാനുള്ളത് കേൾക്കൂ, അവരുടെ വിശ്വാസം നേടൂ; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി പ്രകാശ് രാജ്

കർഷക പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി നടൻ പ്രകാശ് രാജ്. കർഷക ബിൽ റദ്ദാക്കണമെന്നും കർഷകർക്കൊപ്പം ഇരുന്നു അവർക്കു പറയാനുള്ളത് കേൾക്കണമെന്നുമാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നത്.

പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി ദയവായി കർഷക ബിൽ റദ്ദാക്കുക. എന്നിട്ടു അവരോടൊപ്പം ഇരുന്നു അവർക്കു പറയാനുള്ളത് കേൾക്കൂ. അവരുടെ വിശ്വാസം നേടൂ

പ്രകാശ് രാജ്

കുറച്ചു ദിവസം മുൻപും പ്രകാശ് രാജ് ട്വിറ്ററിലൂടെ കർഷക സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ‘നമ്മുടെ രാഷ്ട്രീയ ചിന്താഗതികൾ പരിഗണിക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കർഷകർക്കൊപ്പം നിൽക്കണം. അവരെ നമ്മൾ കേൾക്കേണ്ടതുണ്ട്. അവരുടെ ക്ഷേമമായിരിക്കണം നമ്മുടെ വിഷയം’, എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രകാശ് രാജ് ഇതിനുമുൻപും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ നിവാര്‍ കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോൾ പ്രകാശ് രാജ് സഹായവുമായി മുന്നോട്ട് വന്നിരുന്നു. കെജിഎഫ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Latest News