Top

ലക്ഷദ്വീപ് കേരളത്തിന്റെ ഭാഗമാക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ്;പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്ന് കാനം; ചര്‍ച്ച

സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെഴുതിയ ഒരു ലേഖനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

7 Jun 2021 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് കേരളത്തിന്റെ ഭാഗമാക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ്;പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്ന് കാനം; ചര്‍ച്ച
X

ലക്ഷദ്വീപ് കേരളത്തിന്റെ ഭാഗമാക്കണമെന്ന സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ പ്രകാശ് ബാബുവിന്റെ നിര്‍ദ്ദേശത്തെച്ചൊല്ലി ചര്‍ച്ച മുറുകുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷാകാരങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ ദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്നാണ് പ്രകാശ് ബാബു ആവശ്യപ്പെട്ടത്.

സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെഴുതിയ ഒരു ലേഖനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ലക്ഷദ്വീപിന്റെ ഭാഷയും സംസ്‌കാരവും കേരളവുമായി ചേര്‍ന്ന് പോകുന്നതിനാല്‍ത്തന്നെ ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കേണ്ടുന്ന ചരിത്രപരമായ സന്ദര്‍ഭമാണിതെന്ന് പ്രകാശ് ബാബു ലേഖനത്തിലൂടെ പറഞ്ഞു. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കി മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1956ലെ സംസ്ഥാന പുനസംഘടനാ വേളയില്‍ ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കേണ്ടതായിരുന്നു. പൊതുവേ സമാധാനം നിറഞ്ഞ് അന്തരീക്ഷമുള്ള ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഒരു കേന്ദ്രഭരണ പ്രദേശമായി തുടര്‍ന്നാല്‍ ലക്ഷദ്വീപിലെ ജനതയെ കുടിയൊഴുപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നേക്കുമെന്നും അദ്ദേഹം ലേഖനത്തിലൂടെ സൂചിപ്പിച്ചു.

എന്നാല്‍ പ്രകാശ് ബാബു പറഞ്ഞത് സിപിഐയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കുന്നതിനായി ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഇത് പാര്‍ട്ടിയുടെ ആവശ്യമല്ലെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലൂടെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

Next Story