Top

റോഡ് കോണ്‍ട്രാക്ടറായ പ്രഫുല്‍ എങ്ങനെ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായി?, ആഭ്യന്തരമന്ത്രിയായി? മോദിയുടെ ഗുരുവായ ആര്‍എസ്എസ് നേതാവിന്റെ മകന്റെ വളര്‍ച്ച ഇങ്ങനെ

2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും ഗുജറാത്തിലെ ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെടുന്നത്. തുടര്‍ന്നുള്ള അഞ്ചുമാസത്തിനുള്ളില്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളും ദ്വീപില്‍ നിന്നുള്ള പ്രതികരണങ്ങളും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയവ അഡ്മിനിട്രേറ്ററുടെ കീഴിലാക്കി, കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദ്വീപ് നിവാസികളെ പിരിച്ചുവിട്ടു, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരം ഒഴിവാക്കി, ബീഫ് നിരോധനം നടപ്പിലാക്കി, ദ്വീപില്‍ ഉണ്ടായിരുന്ന മദ്യനിരോധനം […]

24 May 2021 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡ് കോണ്‍ട്രാക്ടറായ പ്രഫുല്‍ എങ്ങനെ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായി?, ആഭ്യന്തരമന്ത്രിയായി? മോദിയുടെ ഗുരുവായ ആര്‍എസ്എസ് നേതാവിന്റെ മകന്റെ വളര്‍ച്ച ഇങ്ങനെ
X

2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും ഗുജറാത്തിലെ ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെടുന്നത്. തുടര്‍ന്നുള്ള അഞ്ചുമാസത്തിനുള്ളില്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളും ദ്വീപില്‍ നിന്നുള്ള പ്രതികരണങ്ങളും.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയവ അഡ്മിനിട്രേറ്ററുടെ കീഴിലാക്കി, കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദ്വീപ് നിവാസികളെ പിരിച്ചുവിട്ടു, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരം ഒഴിവാക്കി, ബീഫ് നിരോധനം നടപ്പിലാക്കി, ദ്വീപില്‍ ഉണ്ടായിരുന്ന മദ്യനിരോധനം ഒഴിവാക്കി, തുടങ്ങിയ കാര്യങ്ങളാണ് ദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ വന്നശേഷം നടപ്പിലായത്. 99 ശതമാനം മുസ്ലീംവിഭാഗം താമസിക്കുന്ന ദ്വീപില്‍, ഹിന്ദുത്വ അജണ്ടകളാണ് പ്രഫുലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. ചരക്കുഗതാഗതത്തിനും മറ്റും ബേപ്പൂരിനെ ആശ്രയിക്കുന്നതും പ്രഫുല്‍ പട്ടേല്‍ ഒഴിവാക്കി. മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനമാണ് പ്രഫുല്‍ സ്വീകരിച്ചിരിക്കുന്നത്.

ആരാണ് മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ പ്രഫുല്‍ പട്ടേല്‍?

പ്രമുഖ ആര്‍എസ്എസ് നേതാവായിരുന്ന ഖോദഭായ് റാഞ്ചോഡ് ഭായ് പട്ടേലിന്റെ മകനായിരുന്നു പഫുല്‍ പട്ടേല്‍. ഖോദഭായ് റാഞ്ചോഡിനെ ഗുരുസ്ഥാനത്തായിരുന്നു നരേന്ദ്രമോദി കണ്ടിരുന്നത്.
എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം പ്രഫുല്‍ റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ചു. ഇതിനിടയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയത്. അതോടൊപ്പം നരേന്ദ്രമോദി, അമിത് ഷ തുടങ്ങിയ നേതാക്കളുടെ അനുയായിയായി മാറി. 2007ല്‍ ഗുജറാത്തിലെ ഹിമാത് നഗറില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, നരേന്ദ്രമോദി മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.

2010 ആഗസ്റ്റ് 21ന് സൊറാബുദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ അമിത് ജയിലിലായപ്പോള്‍ പ്രഫുലിനെ നരേന്ദ്രമോദി ആഭ്യന്തരമന്ത്രിയായി നിയമിച്ചു. എന്നാല്‍ 2012ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റത് പ്രഫുലിന് തിരിച്ചടിയായി. തുടര്‍ന്ന് 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഫുലിനെ ദാമന്‍ ആന്റ് ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2016ല്‍ ദാദ്ര നഗര്‍ ഹവേലിയുടെ ചുമതലയും നല്‍കി. ലക്ഷദ്വീപിലെ അഡ്്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ് ശര്‍മ്മ 2020 ഡിസംബര്‍ നാലിന് മരിച്ചതിനു ശേഷം, പ്രഫുലിന് ദ്വീപിന്റെ അധിക ചുമതലയും കേന്ദ്രസര്‍ക്കാര്‍ നല്‍കുയായിരുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളുടെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ നിയമനം കൂടിയാണ് പ്രഫുലിന്റേത്.

അതേസമയം തന്നെ പ്രഫുലിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കിരയായി ദാദ്രനഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യ ചെയ്തതും മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ തന്റെ പദവികളില്‍ നിന്ന് രാജിവെച്ചതുമാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ചാവിഷയം.

മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യയ്ക്ക് പിന്നില്‍

ദാദ്രനഗര്‍ ഹവേലി എംപിയും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന മോഹന്‍ ദെല്‍ക്കര്‍ അഡ്മിനിസ്‌ട്രേഷന്റെ ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന്് 2021 ഫെബ്രുവരി 22 ന് മുംബൈ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ അദ്ദേഹത്തിന്റെ 15 പേജ് ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് കാരണക്കാരായി എഴുതിവെച്ച ഒമ്പതുപേരില്‍ ആദ്യത്തേത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പിന്നീട് ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയും ഏഴുതവണ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച മോഹന്‍ ദെല്‍ക്കര്‍ നിഗൂഝ മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദനം നടത്തുന്നതായി ‘കണ്ടെത്തിയതിനെതുടര്‍ന്ന് അഴിമതി’ അന്വേഷിക്കാന്‍ എന്ന വിശദീകരണത്തോടെയായിരുന്നു പ്രഫുല്‍ പട്ടേലിനെ ബിജെപി അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേക്ക് എത്തിച്ചത്. അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റശേഷം മോഹന്‍ ദെല്‍ക്കറുടെ ‘അഴിമതികള്‍’ അന്വേഷിക്കാന്‍ പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു.

താന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട ആക്രമണത്തെ തുറന്നുകാണിച്ച ദെല്‍ക്കറുടെ കുറിപ്പ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ അക്കമിട്ട് പറയുന്നതായിരുന്നു. മോഹന്‍ ദെല്‍ക്കര്‍ ഭൂമിവിട്ടുകൊടുത്ത് നിര്‍മ്മാണം ആരംഭിച്ച മെഡിക്കല്‍ കോളേജ് കെട്ടിടങ്ങള്‍ തകര്‍ത്തും, അദ്ദേഹം നിര്‍മ്മിച്ച ‘ആദിവാസി കല്യാണ്‍ ഭവന്‍’ ഇല്ലാതാക്കാന്‍ ശ്രമിച്ചും, കൊവിഡ് കാലത്ത് അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിച്ച ആദിവാസികളെ ജോലിയില്‍ നിന്ന് നീക്കിയും, തന്റെ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവര്‍ തന്നെ തടഞ്ഞെന്ന് ആ ആത്മഹത്യക്കുറിപ്പ് പറയുന്നു. ഇതിനെല്ലാം പുറമെ ജാതിപരമായി ഉള്‍പ്പടെ നിരവധി അപമാനങ്ങളും മോഹന്‍ ദേല്‍ക്കറിന് നേരിടേണ്ടി വന്നു. ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രഫുല്‍ പട്ടേലടക്കമുള്ള ഒമ്പത് പേര്‍ക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണ, ഭീഷണി, അഴിമതിക്ക് സമ്മര്‍ദം ചെലുത്തുക എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തപ്പെട്ടത്. ഈ എഫ്‌ഐആറില്‍ അന്വേഷണം തുടരുകയാണ്.

തന്റെ പിതാവിനെ മാസങ്ങളോളം പ്രഫുല്‍ പട്ടേല്‍ മാനസികമായി പീഢിപ്പിച്ചിരുന്നു എന്നു കാണിച്ച് മകന്‍ അഭിനവ് ദെല്‍ക്കര്‍ നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയായിരുന്നു എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടത്. 25 കോടി രൂപ പിഴയായി നല്‍കണമെന്നും ഇല്ലെങ്കില്‍ സാമൂഹ്യവിരുദ്ധ നിരോധന നിയമപ്രകാരം വ്യാജ കേസ് ചുമത്തുമെന്നും പിതാവിനെ പ്രഫുല്‍ പട്ടേല്‍ ഭീഷണിപ്പെടുത്തിയിരുന്നതായി അഭിനവ് പരാതിയില്‍ പറഞ്ഞു. അഭിനവിന്റെ പരാതിയിന്മേല്‍ മഹാരാഷ്ട്ര് മുഖ്യമന്ത്രി ഉദവ് താക്കറെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പട്ടുള്ള മോഹന്‍ ദെല്‍ക്കറിന്റെ അനുഭാവികളുടെ തുടര്‍ച്ചയായ സമരത്തിനും ദാദ്രനഗര്‍ ഹവേലി സാക്ഷിയായി.

കണ്ണന്‍ ഗോപിനാഥന്റെ രാജിയും പ്രഫുല്‍ പട്ടേലും

2019 ല്‍ ദാദ്രനഗര്‍ ഹവേലി കളക്ടറായിരുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ രാജിക്കു പിന്നിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ആയിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കണ്ണന്‍ ഗോപനാഥുമായി ഏറ്റുമുട്ടിയ പ്രഫുല്‍ പട്ടേല്‍ ഗോപിനാഥന്‍ ഉദ്യോഗസ്ഥനായിരിക്കാന്‍ യോഗ്യതയില്ലാത്ത ഒരാളുടേതാണെന്ന് ആരോപിക്കുകയും ഔദ്യോഗിക ചുമതലകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ദാദ്രനഗര്‍ ഹവേലിയുടെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കണ്ണന്‍ ഗോപിനാഥന്‍ ഈ നോട്ടീസിനെതിരെ ദാദ്രനഗര്‍ ഹവേലിയുടെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് (സിഇഒ) പരാതി നല്‍കി. പട്ടേലിന്റെ സമ്മര്‍ദ്ദം സൂചിപ്പിച്ച് ഗോപിനാഥന്‍ നല്‍കിയ പരാതി സിഇഒ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് പിന്‍വലിക്കാന്‍ പട്ടേലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാലയളവിലും അതിനുശേഷവും അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ സമ്മര്‍ദ്ദമുണ്ടായെന്നും പ്രഫുല്‍ പട്ടേലുമായുള്ള ഏറ്റുമുട്ടലിനുശേഷം ജോലിയില്‍ മനം മടുത്താണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നതായി ദി പ്രിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദാദ്രനാഗര്‍ ഹവേലിയുടെ സെക്രട്ടറി ഇന്‍ പവര്‍, നഗരവികസനം, ടൗണ്‍ ആന്റ് കണ്‍ട്രി ആസൂത്രണം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഗോപിനാഥന്‍ 2019 ഓഗസ്റ്റിലാണ് രാജിവെച്ചത്.

Next Story