പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന വളർച്ചാനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയില്‍; പൂര്‍ത്തിയാക്കിയത് 0.06 ശതമാനം വീടുകള്‍ മാത്രം
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയുടെ വളര്‍ച്ചാനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്. ഇതുവരെ 2880 വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2022 മാര്‍ച്ച് 31നകം 2.47കോടി വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ‘പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന’യുടെ വളര്‍ച്ചാനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്. നടപ്പുസാമ്പത്തിക വര്‍ഷം വെറും 0.06ശതമാനം വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ ആയിട്ടുള്ളത്.
ഈ വര്‍ഷം 61.50 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഗ്രാമവികസന മന്ത്രാലയം വ്യക്തമായി. ഇതുവരെ 2880 വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2022 മാര്‍ച്ച് 31നകം 2.47കോടി വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ട്. ഇതില്‍ 1.21കോടി വീടുകള്‍ രണ്ടാം ഘട്ടമായ 2019 മാര്‍ച്ചിനും 2022 മാര്‍ച്ചിനുമിടയില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള അവലോകനത്തില്‍ 64% വീടുകള്‍ക്ക് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടുള്ളതെന്നും, 54% ആളുകള്‍ക്ക് മാത്രമാണ് ഒന്നാം ഘട്ടത്തില്‍ വീടുകള്‍ ലഭിച്ചതെന്നും വ്യക്തമാണ്.
പദ്ധതിയുടെ വേഗവും, കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യം വേണ്ടതായ സഹകരണം പോലും സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കേന്ദ്രനിര്‍ദേശാനുസരണം യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് എത്രയും പെട്ടന്ന് വീടുകള്‍ അനുവദിക്കുക എന്ന കടമ്പയാണ് ഒക്ടോബര്‍ 31 നകം സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-20ല്‍ പദ്ധതിയുടെ വളര്‍ച്ചാനിരക്ക് വളരെ കുറവാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച ഈ പ്രക്രിയയുടെ വേഗത കുറയാനുണ്ടായ കാരണമായി അപ്രതീക്ഷിതമായ ലോക്ക് ഡൗണിനെ ചൂണ്ടികാട്ടാമെങ്കിലും, രണ്ടാം ഘട്ടത്തിലും അസം, ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, മിസോറം, തമിഴ്നാട്, ജമ്മു കശ്മീര്‍, മേഘാലയ എന്നിവയുടെ പ്രകടനം ദേശീയ ശരാശരിയേക്കാള്‍ 39 ശതമാനത്തില്‍ താഴെയാണ്.
ആവാസ് യോജന പദ്ധതി വൈകുന്നത് സംബന്ധിച്ച് ഗ്രാമവികസന മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരിധിയിലുള്ള ബീഹാറിലാണ് ഈ പദ്ധതിക്ക് ഏറ്റവും കൂടുതല്‍ കാലതാമസം നേരിട്ടിട്ടുള്ളത്. കാലതാമസം നേരിട്ട വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.