വാടക ഗര്‍ഭപാത്ര വിവാദം; പ്രമുഖ ചൈനീസ് നടിയെ ആഗോള ഫാഷന്‍ ബ്രാന്റ് പുറത്താക്കി

വാടകഗര്‍ഭ പാത്രത്തില്‍ ജനിച്ച കുട്ടികളെ ഉപേക്ഷിച്ചതിന്റെ പേരില്‍ ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ പ്രാദ ചൈനീസ് നടിയെ തങ്ങളുമായുള്ള കരാറില്‍ നിന്നു പുറത്താക്കി. ചൈനയിലെ പ്രശ്‌സ്ത നടിയായ ഷെങ് ഷുആങ് ആണ് വിവാദത്തിലകപ്പെട്ടത്. പങ്കാളിയുമായി പിരിഞ്ഞതിനു പിന്നാലെ കൈക്കുഞ്ഞുങ്ങളായ കുട്ടികളെ വിദേശത്ത് നടി ഉപേക്ഷിച്ചു എന്നാണ് ആരോപണം. പ്രാദ ബ്രാന്‍ഡിന്റെ ഫേസ് ഓഫ് ചൈനയായി ഒരാഴ്ച മുമ്പാണ് നടിയെ തീരുമാനിച്ചത്.

നടിയുടെ പങ്കാളിയായിരുന്ന ഷെന്‍ ഷാങ് ഹെങ് ഇതു സംബന്ധിച്ച് പോസ്റ്റിട്ടതോടെയാണ് വിവാദമുടലെടുത്തത്. രണ്ട് കുഞ്ഞുങ്ങളെ താന്‍ ഒറ്റയ്ക്ക് പരിപാലിക്കുകയാണെന്നും ചൈനയിലേക്ക് നിലവില്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്.

ഈ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ട് കുട്ടികളുടെയും അമ്മ അമേരിക്കയിലെ രണ്ട് സ്ത്രീകളുമാണെന്നും 2019-2020 ലുമായാണ് രണ്ടു പേരും ജനിച്ചതെന്നും ഇവരുടെ നിയമപരമായ അമ്മ നടി ഷാങ് ആണെന്നും പ്രാദേശിക റിപ്പോര്‍ട്ട് പുറത്തു വന്നത് ഈ പോസ്റ്റിന് കുറച്ചു ദിവസം മുമ്പായിരുന്നു. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് നടിയും പങ്കാളിയും കുട്ടികളെ സ്വീകരിച്ചത്. എന്നാല്‍ കുട്ടികള്‍ ജനിക്കും മുമ്പേ ഇരുവരും തമ്മില്‍ പിരിഞ്ഞു.

കുഞ്ഞുങ്ങളെ ഇനി എന്തുചെയ്യും എന്ന് സംബന്ധിച്ച് നടിയും നടിയുടെ പിതാവും തമ്മില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ വിവാദം ചൂടു പിടിച്ചു. കുഞ്ഞുങ്ങള്‍ ജനിക്കാറായെന്നും ഇനി എന്താണ് ചെയ്യുകയെന്നും ഫോണ്‍ സംഭാഷണത്തില്‍ നടി ചോദിക്കുന്നുണ്ട്. കുട്ടികളെ ദത്ത് നല്‍കാം എന്നാണ് പിതാവ് ഇതിനു മറുപടി നല്‍കിയത്.

നടിക്കെതിരെ ചൈനീസ് മാധ്യമങ്ങളില്‍ വ്യപക പ്രതിഷേധവും പിന്നാലെ വന്നു. ചൈനയില്‍ വാടകഗര്‍ഭ ധാരണം നിയമവിരുദ്ധമാണ്. പക്ഷെ വിദേശത്ത് വെച്ച് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത് ദേശീയ നിയമപരിധിയില്‍ വരില്ല.

Latest News