
ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സോപ്പ്, ഷാമ്പു, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിച്ച് ഉപയോഗിക്കണമെന്ന് കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്. കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതികരണവുമായി പ്രഭു ചൗഹാന് രംഗത്തെത്തിയത്.
‘പശുവില്‍ നിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകള്‍, കീടനാശിനികള്‍ സുഗന്ധദ്രവ്യങ്ങളും നിര്‍മ്മിക്കാവുന്നതും അവ ഉപയോഗിക്കാവുന്നതുമാണ്. ഇത് ഗോപരിപാലനത്തിനും സഹായകമാകും. ഇതിനെക്കുറിച്ച് ഒരു പഠനം നടത്തേണ്ടത് ആവശ്യമാണ്’, ചൗഹാന് പറഞ്ഞു.
സംസ്ഥാനത്ത് ഗോവധ നിരോധന നിയമം പാസായതിന്റെ പിന്നാലെയാണ് ഗോപരിപാലനത്തിനായുള്ള പുതിയ മാര്‍ഗങ്ങളുമായി കര്‍ണാടക മന്ത്രി രംഗത്തെത്തിയത്. നിയമപ്രകാരം പശു, കാള എന്നിവയേയും 13 വയസ്സില്‍ താഴെയുള്ള പോത്തിനേയും അറക്കുവാന്‍ പാടില്ല. പോത്തുകളെ അറക്കുന്നതിന് മുന്നോടിയായി വെറ്റിനറി അധികൃതരുടെ അനുമതിയും കൂടിയേതീരു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം മുതല്‍ തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.
ഗോവധ നിരോധന നിയമത്തിന്റെ ബില്ല് നിയമസഭയില്‍ പസാവുകയും ഗവര്‍ണര്‍ അതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിയമം പ്രാബല്യത്തില്‍ വന്നത്.