Top

‘സുരേന്ദ്രന് ആവശ്യം ഗുരുത്വം, ശോഭ സുരേന്ദ്രൻ മൂക്കാതെ പഴുത്ത പഴം’,സംസ്ഥാന നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി പി പി മുകുന്ദൻ

സുരേന്ദ്രനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നുമാണ് മുകുന്ദൻ പറഞ്ഞത്.

3 Feb 2021 11:35 PM GMT

‘സുരേന്ദ്രന് ആവശ്യം ഗുരുത്വം, ശോഭ സുരേന്ദ്രൻ മൂക്കാതെ പഴുത്ത പഴം’,സംസ്ഥാന നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി പി പി മുകുന്ദൻ
X

കോഴിക്കോട്: ബിജെപിയുടെ സംസ്ഥാന നേതാവായ കെ സുരേന്ദ്രനെതിരെയും ശോഭ സുരേന്ദ്രനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് പാർട്ടി മുൻ അധ്യക്ഷൻ പി പി മുകുന്ദൻ. സുരേന്ദ്രനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നുമാണ് മുകുന്ദൻ പറഞ്ഞത്.

പാർട്ടിയുമായി മുകുന്ദന് ബന്ധമൊന്നുമില്ല എന്ന് സുരേന്ദ്രൻ പറഞ്ഞത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നു പറഞ്ഞ മുകുന്ദൻ പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു, അദ്ദേഹം സൂചിപ്പിച്ചു.

ശോഭ സുരേന്ദ്രൻ മൂക്കാതെ പഴുത്തതാണ് പ്രശ്നമെന്ന് പറഞ്ഞ മുകുന്ദൻ ഇനിയുള്ള ആറു മാസം നിശബ്ദയായിരിക്കാൻ ശോഭയോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചു. നേതൃത്വം ഈ സമയം കൊണ്ട് കാര്യങ്ങളെല്ലാം സംസാരിച്ചു തീരുമാനമാക്കണം. ആളുകളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ആളുകളുടെ കൂടി അഭിപ്രായം ബിജെപി നേതൃത്വം പരിഗണിക്കണം. ഒറ്റയാൾ നേതൃത്വം പാർട്ടിക്ക് ഗുണം ചെയ്യില്ല. തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യമുണ്ടെന്ന് തോന്നിയാൽ അവർ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.

കേരളത്തിൽ ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിട്ടും ബിജെപി തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കിയില്ലങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ വലിയ തിരിച്ചടിയാകും ഉണ്ടാവുക എന്നും മുകുന്ദന്‍ പറഞ്ഞു.

Next Story