‘സുരേന്ദ്രന്‍ അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ല’; മാറി നില്‍ക്കണമെന്ന് പിപി മുകുന്ദന്‍
കൊടകര കള്ളപ്പണക്കേസ് അന്വേഷണം അവസാനിക്കും വരെ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ സുരേന്ദ്രന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നെന്നും പാര്‍ട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമാണ് കൊടകര കേസെന്നും പിപി മുകുന്ദന്‍ പറഞ്ഞു. ”ചോദ്യം ചെയ്യലിന് മുന്‍പ് ഉത്തമമാതൃക എന്ന നിലയില്‍ കെ സുരേന്ദ്രന്‍ മാറി നില്‍കേണ്ടതായിരുന്നു. കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നു. പാര്‍ട്ടിക്ക് വിഷമമുണ്ടാക്കിയ സംഭവമാണ്. സുരേന്ദ്രന്‍ […]
14 July 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കള്ളപ്പണക്കേസ് അന്വേഷണം അവസാനിക്കും വരെ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ സുരേന്ദ്രന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നെന്നും പാര്‍ട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമാണ് കൊടകര കേസെന്നും പിപി മുകുന്ദന്‍ പറഞ്ഞു.
”ചോദ്യം ചെയ്യലിന് മുന്‍പ് ഉത്തമമാതൃക എന്ന നിലയില്‍ കെ സുരേന്ദ്രന്‍ മാറി നില്‍കേണ്ടതായിരുന്നു. കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നു. പാര്‍ട്ടിക്ക് വിഷമമുണ്ടാക്കിയ സംഭവമാണ്. സുരേന്ദ്രന്‍ മാതൃക കാണിക്കണമായിരുന്നു.” അന്വേഷണം നേരിടുന്ന വ്യക്തി പാര്‍ട്ടി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സഹപ്രവര്‍ത്തകരില്‍ അത് വലിയ സംശയമുണ്ടാക്കുമെന്നും പിപി മുകുന്ദന്‍ വ്യക്തമാക്കി.
അതേസമയം, ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം സുരേന്ദ്രനെ പ്രത്യേക അന്വേഷകസംഘം വിട്ടയച്ചു. രാവിലെ 10. 30നാണ് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ ഹാജരായത്. കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു. കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്.
മാത്രമല്ല, കവര്‍ച്ച നടന്ന ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോള്‍ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെയും അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു.