‘കുന്നത്തുനാട്ടില്‍ തോറ്റാല്‍ അമേരിക്കയിലേക്ക് പോകുമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ പോയതെങ്ങോട്ട്’?; ‘പവര്‍ ഓഫ് ഡെമോക്രസി’യെന്ന് ശ്രീനിജന്
കേരളത്തില്‍ ഉപേക്ഷിച്ച വ്യവസായ പദ്ധതി ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോയ കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നടപടിയില്‍ വീണ്ടും പരിഹാസവുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്. നിയമസഭാതെരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥി കുന്നത്തുനാട്ടില്‍ തോല്ക്കുകയാണെങ്കില് അമേരിക്കയിലേക്ക് പോകുമെന്ന് പറഞ്ഞ സാബു ജേക്കബിന്റെ പഴയ പ്രസ്താവനയെ ഉദ്ദരിച്ചായിരുന്നു എംഎല്‍എയുടെ പരിഹാസം. കുന്നത്തുനാട്ടില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി തോറ്റാല്‍ അമേരിക്കയിലേക്ക് പോകുമെന്ന് അന്ന് വെല്ലുവിളിച്ച പ്രാദേശിക പാര്‍ട്ടി പ്രസിഡന്റ് പക്ഷെ പോയതെങ്ങോട്ടാണെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാബു […]
10 July 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തില്‍ ഉപേക്ഷിച്ച വ്യവസായ പദ്ധതി ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോയ കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നടപടിയില്‍ വീണ്ടും പരിഹാസവുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്. നിയമസഭാതെരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥി കുന്നത്തുനാട്ടില്‍ തോല്ക്കുകയാണെങ്കില് അമേരിക്കയിലേക്ക് പോകുമെന്ന് പറഞ്ഞ സാബു ജേക്കബിന്റെ പഴയ പ്രസ്താവനയെ ഉദ്ദരിച്ചായിരുന്നു എംഎല്‍എയുടെ പരിഹാസം.
കുന്നത്തുനാട്ടില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി തോറ്റാല്‍ അമേരിക്കയിലേക്ക് പോകുമെന്ന് അന്ന് വെല്ലുവിളിച്ച പ്രാദേശിക പാര്‍ട്ടി പ്രസിഡന്റ് പക്ഷെ പോയതെങ്ങോട്ടാണെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാബു ജേക്കബിന്റെ തെലങ്കാന യാത്രയെ സൂചിപ്പിച്ചായിരുന്നു എംഎല്‍എയുടെ പോസ്റ്റ്. ഒപ്പം ജനാധിപത്യത്തിന്റെ കരുത്തിനെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പും എംഎല്‍എ പങ്കുവെച്ചു.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച് തെലങ്കാനയിലേക്ക് സാബു ജേക്കബും സംഘവും യാത്ര തിരിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് എംഎല്‍എ സാബു എം ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ‘വലിയ കമ്പനികളിലെല്ലാം അന്യ സംസ്ഥാനങ്ങളില്‍ പക്ഷേ, അന്യ സംസ്ഥാന തൊഴിലാളിക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങിനെ’? എന്ന സംശയമുന്നയിച്ചിരുന്നു. കിറ്റെക്സില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീനിജന്റെ പോസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ പി വി ശ്രീനിജന് എംഎല്‍എയാണെന്ന ആരോപണവുമായി കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബ് നേരത്തെ രംഗത്തു വന്നിരുന്നു. കിറ്റെക്സിനെതിരായി റിപ്പോര്‍ട്ടു നല്കാന് എംഎല്‍എ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഈ നീക്കത്തില്‍ സിപിഐഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ശ്രീനിജന് ലഭിച്ചിരുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു. കിറ്റെക്സ് കമ്പനി നിയമങ്ങള്‍ക്ക് വിധേയമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കിറ്റെക്സ് ശ്രമിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.