Top

‘സുധാകരന്‍ ഇല്ലെങ്കില്‍ തോല്‍ക്കും, സലാം എസ്ഡിപിഐക്കാരന്‍’; അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം

ജി സുധാകരന് പകരം സാധ്യതാ പട്ടികയിലുള്ള എച്ച് സലാമിനെ കടന്നാക്രമിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍.

5 March 2021 11:54 PM GMT

‘സുധാകരന്‍ ഇല്ലെങ്കില്‍ തോല്‍ക്കും, സലാം എസ്ഡിപിഐക്കാരന്‍’; അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും ജി സുധാകരനെ മത്സരിപ്പിക്കാത്തതിനെതിരെ സിപിഐഎം അനുഭാവികള്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. ജി സുധാകരനെ മാറ്റിയാല്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്നും ജി സുധാകരനില്ലെങ്കില്‍ ജയം ഉറപ്പല്ല എന്നും പരാമര്‍ശിക്കുന്ന പോസ്റ്ററുകളാണ് ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ പരിസരത്ത് പതിച്ചിരിക്കുന്നത്. ജി സുധാകരന് പകരം സാധ്യതാ പട്ടികയിലുള്ള എച്ച് സലാമിനെ കടന്നാക്രമിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍. സലാം എസ്ഡിപിഐക്കാരന്‍ ആണെന്നും സലാം തോല്‍ക്കുമെന്നും പോസ്റ്ററുകളില്‍ പരാമര്‍ശമുണ്ട്.

പാര്‍ട്ടി തുടര്‍ഭരണം ആഗ്രഹിക്കുന്നില്ലേയെന്ന് സിപിഐഎം അനുഭാവികള്‍ പോസ്റ്ററുകളിലൂടെ ചോദിക്കുന്നു. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ശനിയാഴ്ച്ച ചേരാനിരിക്കെയാണ് പോസ്റ്റര്‍ പ്രതിഷേധം പുകയുന്നത്.

തോമസ് ഐസക്കിനും ജി സുധാകരനും സീറ്റില്ലാത്തതില്‍ പ്രാദേശിക എതിര്‍പ്പ് ശക്തമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണ്ഡലങ്ങളില്‍ ഇരുമന്ത്രിമാരും അനൗദ്യോഗിക പ്രചരണം പോലും ആരംഭിച്ചതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന്റെ അപ്രതീക്ഷിത തീരുമാനമെത്തിയത് കീഴ്ഘടകത്തെ നിരാശപ്പെടുത്തിയിരുന്നു.

പ്രധാന നേതാക്കളെ മാറ്റുന്നത് വന്‍ തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. സുധാകരനും തോമസ് ഐസക്കിനും പുറമേ മന്ത്രിമാരായ സി രവീന്ദ്രനാഥ്, എകെ ബാലന്‍, ഇപി ജയരാജന്‍ എന്നിവര്‍ക്കും ഇത്തവണ സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

Next Story