‘കഴിവില്ലെങ്കിൽ വീട്ടിലേക്കു പറഞ്ഞു വിടണം’; എംസി ജോസഫൈനെതിരെ പോരാളി ഷാജിയും രംഗത്ത്
ചാനൽ ചർച്ചക്കിടെ പരാതിക്കാരിയോട് മോശം പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് പോസ്റ്റുകളിലായി ഗുരുതര വിമർശനമാണ് പോരാളി ഷാജി ഉന്നയിക്കുന്നത്. ഇതു പറഞ്ഞാൽ പാർട്ടി വിരുദ്ധനാക്കി ഒരു വിഭാഗം പേർ ചിത്രീകരിച്ചേക്കാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഷാജിയുടെ പോസ്റ്റ് തുടങ്ങുന്നത്. ജനങ്ങൾക്ക് അവർ ഏത് പാർട്ടിക്കാരിയാണ്, നേതാവാണ്, എത്ര സമര പാരമ്പര്യം ഉണ്ട് എന്നൊന്നും അറിയേണ്ട ആവശ്യമില്ല. പകരം അവർക്ക് വേണ്ടതു സഹാനുഭൂതിയും നീതിയുമാണ്. നീതി നിർവഹണം ഇഴഞ്ഞു […]
24 Jun 2021 10:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാനൽ ചർച്ചക്കിടെ പരാതിക്കാരിയോട് മോശം പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് പോസ്റ്റുകളിലായി ഗുരുതര വിമർശനമാണ് പോരാളി ഷാജി ഉന്നയിക്കുന്നത്. ഇതു പറഞ്ഞാൽ പാർട്ടി വിരുദ്ധനാക്കി ഒരു വിഭാഗം പേർ ചിത്രീകരിച്ചേക്കാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഷാജിയുടെ പോസ്റ്റ് തുടങ്ങുന്നത്. ജനങ്ങൾക്ക് അവർ ഏത് പാർട്ടിക്കാരിയാണ്, നേതാവാണ്, എത്ര സമര പാരമ്പര്യം ഉണ്ട് എന്നൊന്നും അറിയേണ്ട ആവശ്യമില്ല. പകരം അവർക്ക് വേണ്ടതു സഹാനുഭൂതിയും നീതിയുമാണ്. നീതി നിർവഹണം ഇഴഞ്ഞു നീങ്ങുന്ന രാജ്യത്ത് വാക്കുകളിലൂടെയെങ്കിലും ഇരകൾക്കും പരാതിക്കാർക്കും മനസ്സിന് ഒരൽപം ആശ്വാസം നൽകാൻ ഇവർക്കു കഴിയണം. അതിന് കഴിവില്ലെങ്കിൽ വീട്ടിലേക്കു പറഞ്ഞു വിടണം. ഷാജി പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐഎം സൈബർ അക്കൌണ്ടുകളും രംഗത്തുവന്നിട്ടുണ്ട്.
കുറിപ്പ് വായിക്കാം
വനിതാ കമ്മിഷൻ ആണുപോലും… ഇത്രയും ക്ഷമയില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മിഷനായി നിയമിച്ച സർക്കാർ അടിയന്തരമായി ആ തെറ്റ് തിരുത്തണം. എം സി ജോസഫൈൻ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിച്ചു വളർന്നുവന്നതാണ്. അങ്ങനെയാണ് അവർ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്തിയത്. പക്ഷേ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത അവർ വനിതാ കമ്മിഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നുപറയേണ്ടി വരുന്നതിൽ വിഷമമുണ്ട്.
വനിതാ കമ്മിഷനിലേക്ക് പരാതി പറയാൻ വിളിക്കുന്നവരെല്ലാം അതിന്റെ നിയമം വ്യവസ്ഥകൾ അറിയണമെന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാഞ്ഞത് ഒരു മഹാ അപരാധമായി പോയി. അതുകൊണ്ട് പീഡനമെല്ലാം നിങ്ങൾ സഹിച്ചോ എന്നുപറയുന്നതിന്റ യുക്തി എന്താണാവോ? ഇത്തരത്തിൽ പെരുമാറുന്ന ഒരു കമ്മീഷന്റെ മുന്നിൽ പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് ഭർത്താവിന്റെ തല്ലുകൊണ്ട് ചാകുന്നതാണ്, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല…
വിഷയത്തിൽ ഷാജിയുടെ മറ്റൊരു പോസ്റ്റ്
‘ഇതു പറഞ്ഞാൽ പാർട്ടി വിരുദ്ധനാക്കി ഒരു വിഭാഗം പേർ ചിത്രീകരിച്ചേക്കാം. എങ്കിലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞുതന്നെയാവണം. തെറ്റുകൾ ചൂണ്ടിക്കാട്ടാൻ മനുഷ്യരുള്ള സമൂഹത്തിനേ ഏതു കാലത്തും നിലനിൽപ്പുള്ളൂ. ഇത്രയും നാൾ അവസരം കിട്ടിയിട്ടും നല്ലതൊന്നും ആ പദവിയിലിരുന്ന് എംസി ജോസഫൈൻ പറയിച്ചിട്ടില്ല. ഏറ്റവും ക്ഷമയും ദയയും പക്വതയും വേണ്ട പദവിയാണ് വനിതാ കമ്മിഷൻ അധ്യക്ഷ. അങ്ങേയറ്റം ഗതികെട്ട് വരുന്നവരാണ് പരാതിക്കാരിൽ ഭൂരിഭാഗം പേരും. അവരെ കേട്ടിരിക്കാൻ മനസില്ലാത്ത, അസഹ്യതയോടെയും ധിക്കാരത്തോടെയും മറുപടി പറയുന്ന ഇവരെ പൊതു ജനത്തിന്റെ ചെലവിൽ തീറ്റിപ്പോറ്റേണ്ട ഒരു ആവശ്യവുമില്ല. ജനങ്ങൾക്ക് അവർ ഏത് പാർട്ടിക്കാരിയാണ്, നേതാവാണ്, എത്ര സമര പാരമ്പര്യം ഉണ്ട് എന്നൊന്നും അറിയേണ്ട ആവശ്യമില്ല. പകരം അവർക്ക് വേണ്ടതു സഹാനുഭൂതിയും നീതിയുമാണ്. നീതി നിർവഹണം ഇഴഞ്ഞു നീങ്ങുന്ന രാജ്യത്ത് വാക്കുകളിലൂടെയെങ്കിലും ഇരകൾക്കും പരാതിക്കാർക്കും മനസ്സിന് ഒരൽപം ആശ്വാസം നൽകാൻ ഇവർക്കു കഴിയണം. അതിന് കഴിവില്ലെങ്കിൽ വീട്ടിലേക്കു പറഞ്ഞു വിടണം…’