2020ല്‍ കായികലോകത്തിന് ഉണ്ടായ തീരാനഷ്ടങ്ങള്; കൊബി ബ്രയന്റ് മുതല്‍ പൗലൊ റോസി വരെ

പോയ വര്‍ഷം കായിക ലോകത്തിന് നഷ്ടമായത് വെറും താരങ്ങളെ മാത്രമായിരുന്നില്ല ഇതിഹാസഹങ്ങളെ തന്നെയായിരുന്നു. കോബി ബ്രയന്റ് (ബാസ്കറ്റ്ബോള്‍), ഡോണ്‍ ലാര്സണ് (ബേസ് ബോള്‍), റോക്കി ജോണ്സണ് (ഡബ്ലുഡബ്ലുഇ), സുരേഷ് കുമാര്‍ (മുന്‍ കേരള രഞ്ജി താരം), ഡീന്‍ ജോണ്‍സ് (ക്രിക്കറ്റ്), ഡിയഗൊ മറഡോണ, പൗലൊ റോസി, അലഹെന്ദ്രൊ സബെല (ഫുട്ബോള്‍) എന്നിങ്ങനെ നീളുന്നു പട്ടിക. പക്ഷെ കായിക ലോകത്തെ ഞെട്ടിച്ചതും കണ്ണീരണിയിച്ചതും മറഡോണയുടെയും കോബി ബ്രയന്റിന്റേയും മരണമായിരുന്നു.
ഡോണ്‍ ലാര്സണ്

അമേരിക്കന്‍ ബേസ്ബോള്‍ താരമായ ഡോണ്‍ ലാര്സണ്ന്റെ മരണം പുതുവത്സരദിനത്തിലായിരുന്നു. 90-ാം വയസില്‍ അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 15 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ ഏഴ് ടീമുകള്‍ക്ക് വേണ്ടി കളിച്ചു. 1956 വേള്‍ഡ് സീരിസില്‍ ആയിരുന്നു താരത്തിന്റെ സുപ്രധാന നേട്ടം. ചരിത്രത്തിലെ തന്നെ ആറാം പെര്‍ഫക്ട് ഗെയിം നേട്ടം കുറിച്ചു. ന്യുയോര്‍ക്ക് യങ്കീസിന് വേണ്ടി കളിച്ച ലാര്സണ്ന്റെ നേട്ടം ബ്രൂക്കിലിന്‍ ഡോഡ്ജേഴ്സിനെതിരെ ആയിരുന്നു.
കോബി ബ്രയന്റ്
ജനുവരി 26നായിരുന്നു അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് ലോകത്തോട് വിടപറയുന്നത്. ഹെലികോപ്ടര്‍ അപകടമാണ് മരണത്തിലേക്ക് നയിച്ചത്. ബ്രയന്റ് തന്റെ മകള്‍ ജിയാനയെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ പോകവെയാണ് അപകടം സംഭവിച്ചത്. ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്ന പരിശീലകന്, സഹതാരങ്ങള്‍ ഉള്‍പ്പടെ ഒന്‍പത് പേരും മരിച്ചു. 1996ല്‍ ബാസ്കറ്റ് ബോള്‍ കരിയര്‍ ആരംഭിച്ച ബ്രയന്റ് അഞ്ച് തവണ എന്‍ബിഎ ചാമ്പ്യനായി. അരങ്ങേറ്റം മുതല്‍ കളിയവസാനിപ്പിക്കുന്നത് വരെ ലോസ് എയ്ഞ്ചല്‍സ് ലക്കേഴ്സിനായാണ് ബ്രയന്റ് കളിച്ചത്.
റോക്കി ജോണ്സണ് – ദി റോക്ക്

റെസ്ലിംഗ് താരമായിരുന്ന റോക്കി ജോണ്സണ് ജനുവരി 15നാണ് മരണമടഞ്ഞത്. പള്‍മനറി എംബോളിസം ആണ് മരണകാരണം. 1964ലാണ് ജോണ്സണ് റെസ്ലിംഗ് കരിയര്‍ ആരംഭിക്കുന്നത്. താരത്തിന്റെ യഥാര്‍ത്ഥ പേര് വെയ്ഡ് ഡഗ്ലസ് ബൗള്‍സ് എന്നാണ്. 1980 കാലഘട്ടങ്ങളിലാണ് ജോണ്സണ് ഡബ്ലുഡബ്ലുഇയിലേക്ക് എത്തുന്നത്. ഡബ്ലുഡബ്ലുഇയില്‍ ആരാധകര്‍ക്കിടയില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ താരമായി ആണ് ജോണ്‍സണെ കണക്കാക്കുന്നത്.
എം സുരേഷ് കുമാര്‍ (ഉമ്രി)

ഒക്ടോബര്‍ 10-ാം തിയതിയാണ് മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാറിനെ ആലപ്പുഴയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ശേഷമായിരുന്നു സുരേഷ് കുമാറിലെ പ്രതിഭയെ കേരള ജനത തന്നെ അറിയുന്നത്. 1991-92 കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യയുടെ അണ്ടര്‍-19 ടീമിനായി സുരേഷ് കളിച്ചിരുന്നു. ന്യൂസിലെന്റിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ കേരള താരം അന്ന് പ്രശംസ നേടി. സ്റ്റീഫന്‍ ഫ്ളെമിംഗും, ഡിയോന്‍ നാഷും അടങ്ങിയ കിവീസ് നിരക്കെതിരെ ആയിരുന്നു ആലപ്പുഴക്കാരന്റെ മിന്നും പ്രകടനം. മരണത്തില്‍ രാഹുല്‍ ദ്രാവിഡ് കേരള ക്രിക്കറ്റ് അസോസിയേഷനെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഡീന്‍ ജോണ്‍സ്

ഇന്ത്യന്‍ പ്രീമിയറിന്റെ കമന്റേറ്ററായി ഇന്ത്യയിലെത്തിയ ഡീന്‍ ജോണ്‍സിന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ഐപിഎല്‍ കമന്ററി ടീമിന്റെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ഡീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഐപിഎല്ലിലെ നിറസാന്നിധ്യമായിരുന്ന ഡീന്‍ മരിക്കുന്നതിന് തൊട്ട് തലേന്ന് പോലും കമന്ററി ബോക്സില്‍ ഉണ്ടായി. 1984ല്‍ ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച താരം 52 ടെസ്റ്റും 164 ഏകദിനവും കളിച്ചു. ബോക്സിംഗ് ഡെ ടെസ്റ്റിന്റെ ആദ്യ ദിവസം ഡീനിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന് ആദരം അര്‍പ്പിച്ചിരുന്നു.
ഡിയഗോ മറഡോണ

ഫുട്ബോള്‍ ദൈവം ആരവങ്ങളും ആഘോഷങ്ങളും അവസാനിപ്പിച്ച് മടങ്ങിയ വര്‍ഷമായിരുന്ന 2020. നവംബര്‍ 25-ാം തിയതിയാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡിയഗോ മറഡോണയുടെ മരണ വാര്‍ത്ത എത്തിയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം സ്വവസതിയില്‍ ചികിത്സയില്‍ കഴിയവയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. വിടവാങ്ങലിന് പിന്നാലെ മരണത്തെ ചുറ്റപ്പറ്റി വിവാദങ്ങളും ഉടലെടുത്തു. രാജ്യം തന്നെ അന്വേഷണവും പ്രഖ്യാപിച്ചു.
1986 ഫുട്ബോള്‍ ലോകകപ്പ് അര്‍ജന്റീനക്ക് നേടിക്കൊടുത്തത് ഡിയഗോയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൈകൊണ്ട് തട്ടിയിട്ട് ആദ്യ ഗോള്‍ നേടി. ദൈവത്തിന്റെ കൈകളെന്ന് മറഡോണ തന്നെ വാഴ്ത്തി. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയെ വകഞ്ഞ് മാറ്റി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.
പൗലൊ റോസ്സി

മറഡോണയുടെ വിയോഗത്തിന്റെ വേദന അവസാനിക്കും മുന്‍പ് തന്നെ ആയിരുന്നു ഇറ്റാലിയന്‍ ഇതിഹാസം പൗലൊ റോസ്സിയുടെ മരണം. ഇറ്റലിയുടെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു റോസി. ഒത്തുകളി വിവാദവും വിലക്കുമൊക്കെ നിറഞ്ഞു നിന്ന കരിയര്‍. എന്നാല്‍ 1982 ലോകകപ്പില്‍ റോസ്സിയുടെ ബൂട്ടുകള്‍ ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്തു. ആ വര്‍ഷം ലോകകപ്പിലേയും ഫിഫയുടേയും മികച്ച താരവും റോസ്സി തന്നെ ആയിരുന്നു.
അലഹെന്ദ്രൊ സബെല

മുന്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ അലഹെന്ദ്രൊ സബെലയായിരുന്നു അര്‍ജന്റീനന്‍ ആരാധകരുടെ വേദന ഇരട്ടിപ്പിച്ച മറ്റൊരു മരണം. 1983-84 കാലഘട്ടത്തില്‍ അര്‍ജന്റീനക്കായി എട്ട് മത്സരങ്ങള്‍ കളിച്ചു. 2011ലാണ് ദേശിയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സബെല എത്തിയത്. 2014 ലോകകപ്പാണ് സബെലയുടെ കരിയറില്‍ സുവര്‍ണ കാലം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ അര്‍ജന്റീന ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ലോകകപ്പ് കൂടിയായിരുന്നു 2014. ഗ്രൂപ്പ് ഘട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവിലാണ് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനേയും സെമിയില്‍ നെതര്ലന്റ്സിനേയും സെബലയുടെ കീഴില്‍ അര്‍ജന്റീന പരാജയപ്പെടുത്തി. എന്നാല്‍ ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ടതോടെ സബെല പരിശീലക സ്ഥാനം ഒഴിഞ്ഞു.