Top

‘സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണം’; എല്‍ജിബിറ്റി വിഷയത്തില്‍ വിപ്ലവാത്മക നിലപാടുമായി മാര്‍പാപ്പ

‘സ്വവര്‍ഗബന്ധത്തിന്റെ പേരില്‍ ആരേയും പുറത്താക്കാന്‍ പാടില്ല. അതിന്റെ പേരില്‍ ആരുടേയും ജീവിതം ദുരിതമാകരുത്. ‘

21 Oct 2020 10:39 AM GMT

‘സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണം’; എല്‍ജിബിറ്റി വിഷയത്തില്‍ വിപ്ലവാത്മക നിലപാടുമായി മാര്‍പാപ്പ
X

സ്വവര്‍ഗബന്ധങ്ങള്‍ അധാര്‍മ്മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി ആഗോള റോമന്‍ കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ വേണമെന്ന് മാര്‍പാപ്പ പറഞ്ഞു. അവര്‍ ദൈവത്തിന്റെ മക്കളാണ്. കുടുംബ ബന്ധത്തിന് അവര്‍ക്ക് അവകാശമുണ്ട്. സ്വവര്‍ഗബന്ധത്തിന്റെ പേരില്‍ ആരേയും പുറത്താക്കാന്‍ പാടില്ല. അതിന്റെ പേരില്‍ ആരുടേയും ജീവിതം ദുരിതമാകരുത്. സ്വവര്‍ഗ ബന്ധത്തിന് വേണ്ടി താന്‍ നിലപാട് എടുത്തിട്ടുണ്ട്. എല്‍ജിബിറ്റിക്യുപ്ലസ് വിഷയത്തില്‍ ആദ്യമായാണ് ഒരു പോപ്പ് ഇത്ര വ്യക്തമായ നിലപാട് പ്രഖ്യാപിക്കുന്നത്. പുതുതായി പുറത്തിറങ്ങിയിരിക്കുന്ന ഡോക്യുമെന്ററിയിലാണ് പോപ്പിന്റെ വിപ്ലവാത്മകമായ പ്രസ്താവനകള്‍.

അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സ്വവര്‍ഗ കൂട്ടായ്മകള്‍ക്ക് അനുകൂലമായ നിലപാട് പോപ് ഫ്രാന്‍സിസ് സ്വീകരിച്ചിരുന്നു. എല്‍ജിബിറ്റിക്യുപ്ലസ് വിഭാഗക്കാര്‍ക്ക് വേണ്ടി സഭയില്‍ പോരാട്ടം നടത്തുന്ന ജസ്യൂട്ട് പുരോഹിതന്‍ ജയിംസ് മാര്‍ട്ടിന്‍ മാര്‍പാപ്പയുടെ പ്രസ്താവനകളെ സ്വാഗതം ചെയ്ത് രംഗത്തെത്തി. വലിയ ചുവടുവെയ്പാണിത്. സ്വവര്‍ഗ ബന്ധത്തിന് പരിരക്ഷ നല്‍കുന്ന നിയമങ്ങളെ സഭ എതിര്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അവിടങ്ങളിലേക്ക് അയക്കുന്ന ശക്തമായ സന്ദേശമാണിതെന്നും ജയിംസ് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

‘ഫ്രാന്‍സെസ്‌കോ’ എന്ന ഡോക്യുമെന്ററിയിലെ പ്രധാന റോളുകളില്‍ യുവാന്‍ കാര്‍ലോസ് ക്രൂസ് എന്ന ചിലിയന്‍ പൗരന്‍ എത്തുന്നുണ്ട്. ഗേ ആയ യുവാന്‍ മുന്‍പ് പുരോഹിതരില്‍ നിന്ന് പീഡനം നേരിടേണ്ടിവന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ള ആളാണ്. മെയ് 2018ല്‍ ആദ്യമായി കാണുമ്പോള്‍ ‘ദൈവം നിന്നെ ഗേ ആയാണ് സൃഷ്ടിച്ചിരിക്കുന്നത്’ എന്ന് പോപ്പ് ഉറപ്പുനല്‍കിയതായി യുവാന്‍ പറയുന്നു. സ്വവര്‍ഗാനുരാഗികളേക്കുറിച്ചുള്ള പോപ്പിന്റെ കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ വ്യക്തമാകുന്നതും ക്രൂസിന്റെ അനുഭവങ്ങളുമാണ് ഡോക്യുമെന്ററിയില്‍.

Next Story