Top

പൂന്തുറ സിറാജിന് സീറ്റ് നല്‍കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി; പുത്തരിയില്‍ കല്ലുകടിച്ച് മുന്‍ പിഡിപി നേതാവ്

പിഡിപിയില്‍ നിന്ന് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജിന് സീറ്റ് നല്‍കാനാവില്ലെന്ന് നിലപാടെടുത്ത് ഇടതുമുന്നണി. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിനോട് ഇടതുമുന്നണി ആവശ്യപ്പെട്ടതോടെ പുത്തരിയില്‍ കല്ലുകടിച്ച അവസ്ഥയിലായി പൂന്തുറ സിറാജ്. പിഡിപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്ന പൂന്തുറ സിറാജ് ശനിയാഴ്ചയാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ സെക്കന്‍ഡില്‍ തന്നെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. […]

15 Nov 2020 11:50 PM GMT

പൂന്തുറ സിറാജിന് സീറ്റ് നല്‍കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി; പുത്തരിയില്‍ കല്ലുകടിച്ച് മുന്‍ പിഡിപി നേതാവ്
X

പിഡിപിയില്‍ നിന്ന് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജിന് സീറ്റ് നല്‍കാനാവില്ലെന്ന് നിലപാടെടുത്ത് ഇടതുമുന്നണി. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിനോട് ഇടതുമുന്നണി ആവശ്യപ്പെട്ടതോടെ പുത്തരിയില്‍ കല്ലുകടിച്ച അവസ്ഥയിലായി പൂന്തുറ സിറാജ്.

പിഡിപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്ന പൂന്തുറ സിറാജ് ശനിയാഴ്ചയാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ സെക്കന്‍ഡില്‍ തന്നെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചിരുന്നു.

കോര്‍പ്പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്.

പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേരുന്നതിന് പ്രത്യേകിച്ചൊരു കാരണവും സിറാജ് പറഞ്ഞിരുന്നില്ല. ഇടതുമുന്നണിയ്ക്ക് ശക്തി പകരുകയാണ് തന്റെ ലക്ഷ്യമെന്ന് സിറാജ് പറഞ്ഞിരുന്നു.

മഅദനിക്ക് നീതി ലഭിയ്ക്കാന്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിയ്ക്കുമെന്നും സിറാജ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സിറാജിന്റെ വരവ് ഗുണമുണ്ടാക്കുമെന്നാണ് ഐഎന്‍എല്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിഡിപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു സിറാജ്.

പിഡിപിയുടെ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്ന സിറാജിനെ 2019ലെ സംഘടന തെരഞ്ഞെടുപ്പില്‍ കാര്യമായി പരിഗണിക്കാന്‍ പിഡിപി നേതൃത്വം തയ്യാറായിരുന്നില്ല. പിന്നീട് വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്‌തെങ്കിലും സിറാജ് സ്ഥാനമേറ്റെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു.

Next Story