സഹകരണ ബാങ്കില്‍ നിന്ന് വിധവാപെന്‍ഷന്‍ തട്ടിയെന്ന് പരാതി; ഇടത് നേതാക്കള്‍ക്കെതിരെ വീട്ടമ്മ
സിപിഎം ഭരിക്കുന്ന മലപ്പുറം പൊന്നാനി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് പണം തട്ടിയത്. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ 14,900 രൂപയാണ് ഐഷാബിക്ക് നഷ്ടമായത്. ബാങ്കില്‍ നിന്നും വ്യാജ ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയെടുത്തത് ഡിവൈഎഫ്‌ഐ നേതാവായ ജീവനക്കാരനും സിപിഎം നേതാക്കളും ആണെന്ന് മകന്‍ പറയുന്നു.

മലപ്പുറം പൊന്നാനി സ്വദേശി ഐഷാബിയുടെ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് ഇടതുനേതാക്കള്‍ തട്ടിയെന്നാണ് പരാതി. സിപിഎം ഭരിക്കുന്ന മലപ്പുറം പൊന്നാനി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് പണം തട്ടിയത്. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ 14,900 രൂപയാണ് ഐഷാബിക്ക് നഷ്ടമായത്.
2017ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്‍ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ 2 വര്‍ഷം കഴിഞ്ഞിട്ടും ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ പൊന്നാനി നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ ഐഷാബിക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും, അന്നുമുതല്‍ ഉള്ള തുക പൊന്നാനി സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും അറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരസഭാ രേഖകള്‍ പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 14900 രൂപ ഐഷാബിക്ക് നല്‍കിയിട്ടുള്ളതായി കണ്ടത്തി.എന്നാല്‍ ഇവര്‍ക്ക് പണം കിട്ടിയിട്ടുമില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും വ്യാജ ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയെടുത്തത് ഡിവൈഎഫ്‌ഐ നേതാവായ ജീവനക്കാരനും സിപിഎം നേതാക്കളും ആണെന്ന് മകന്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊന്നാനി നഗരസഭക്ക് പരാതി നല്‍കി. പരാതി ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടിപി ഉമ്മര്‍ പ്രതികരിച്ചു.