Top

'ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ല'; നേതൃ യോഗത്തില്‍ മുഈന്‍ അലി ശിഹാബ് തങ്ങളെ പിന്തുണച്ച് യൂത്ത് ലീഗ്

മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം

7 Aug 2021 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ല; നേതൃ യോഗത്തില്‍ മുഈന്‍ അലി ശിഹാബ് തങ്ങളെ പിന്തുണച്ച് യൂത്ത് ലീഗ്
X

മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ മുഈന്‍ അലി ശിഹാബ് തങ്ങളെ പിന്തുണച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്. ലീഗ് ആരുടെയും സ്വകാര്യ സ്വത്താണ് എന്ന് വിശ്വസിക്കുന്നത് മഹാ അബദ്ധമാണെന്ന് അനവര്‍ സാദത്ത് യോഗത്തില്‍ പറഞ്ഞു. മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.

ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവാണ് വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ മുഈനലിക്കെതിരെ ബഹളം വെച്ചത്. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ് റാഫി.

ലീഗ് നേതൃയോഗത്തില്‍ പാണക്കാട് കുടുംബവും മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടെടുത്തു. കടുത്ത നടപടി വേണ്ടെന്ന പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം റഷീദ് അലി ശിഹാബ് തങ്ങള്‍ ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചു. യോഗത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങളാണ് റഷീദ് അലിയെ നിയോഗിച്ചത്. മുഈനലി തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പക്ഷെ അതിന്റെ പേരില്‍ ശക്തമായ ഒരു നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് റഷീദ് അലി അറിയിച്ചത്.

Next Story

Popular Stories